ലോകം ചുറ്റിക്കാണാൻ ആഗ്രഹിക്കുന്ന ഓരോ സഞ്ചാരിയുടെയും ആദ്യ ലക്ഷ്യസ്ഥാനമായിരിക്കും ‘ബുർജ് ഖലീഫ’ എന്ന ദുബൈയുടെ അത്ഭുത കെട്ടിടം. ലോകത്തെ ഏറ്റവും ഉയരമുള്ള ഈ കെട്ടിടം പിറന്നിട്ട് ശനിയാഴ്ച 15 വർഷം പൂർത്തിയാവുകയാണ്.
2010 ജനുവരി നാലിന് വർണവെളിച്ചങ്ങൾ നിറഞ്ഞ ആഘോഷത്തോടെയാണ് കെട്ടിടം ലോകത്തിന് സമർപ്പിക്കപ്പെട്ടത്. 2004ലാണ് നിർമാണം ആരംഭിച്ചത്. എല്ലാ മേഖലയിലും ലോകത്തെ ഏറ്റവും മികച്ചതാവുകയെന്ന യു.എ.ഇ ഭരണാധികാരികളുടെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ബുർജ് ഖലീഫ നിർമിക്കപ്പെടുന്നത്. 828 മീറ്റർ അഥവാ 2717 അടിയാണ് ഇതിന്റെ ഉയരം. 163 നിലകളാണ് കെട്ടിടത്തിനുള്ളത്.
2023ൽ ബുർജ് ഖലീഫയിൽ ഒരു ചതുരശ്ര അടിക്ക് 4852 ദിർഹമാണ് വില രേഖപ്പെടുത്തിയത്. 2022ലെ വിലയേക്കാൾ 20 ശതമാനം വർധനയാണിത്. അതിസമ്പന്നർക്ക് മാത്രം സ്വന്തമാക്കാൻ കഴിയുന്നതാണ് കെട്ടിടത്തിലെ അപ്പാർട്മെന്റുകൾ. ഇതിനകം 980 കോടി ദിർഹമിന്റെ വിൽപനയാണ് നടന്നിട്ടുള്ളത്.എന്നാൽ, 148ാം നിലയിലും 125ാം നിലയിലും സഞ്ചാരികൾക്കായി പ്രത്യേകം നിരീക്ഷണ സ്ഥലങ്ങൾ ഒരുക്കിയിട്ടുണ്ട്. ഫീസടച്ച് പ്രവേശിച്ചാൽ ദുബൈ നഗരം ഒന്നാകെ ഇവിടെനിന്ന് കാണാനാകും. ലോകപ്രശസ്ത ആർകിടെക്ട് ആഡ്രിയാൻ സ്മിത്താണ് കെട്ടിടത്തിന്റെ ഡിസൈൻ തയാറാക്കിയത്.