ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി കഴിഞ്ഞ ദിവസം അവീറിലെ വീസ വയലേറ്റേഴ്സ് സെറ്റിൽമെന്റ് സെന്റർ അഥവാ പൊതുമാപ്പ് കേന്ദ്രം സന്ദർശിച്ചു. ജിഡിആർഎഫ് എ ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, ഡെപ്യൂട്ടി ഡയറക്ടർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ അദ്ദേഹത്തെ സ്വീകരിച്ചു.
ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി അവീർ പൊതുമാപ്പ് കേന്ദ്രത്തിൽ സന്ദർശനം നടത്തുന്നു
പൊതുമാപ്പ് ക്യാമ്പയിൻ ഗുണഭോക്താക്കൾക്ക് നൽകുന്ന വിവിധ സേവനങ്ങളും സൗകര്യങ്ങളും കമാൻഡർ ഇൻ ചീഫ് വിലയിരുത്തി. പൊതുജനങ്ങളുടെ സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്ന നടപടികളുടെ ഭാഗമായാണ് ഈ സന്ദർശനം.
താമസ കുടിയേറ്റ നിയമം ലംഘിക്കുന്നവരുടെ നില ശരിയാക്കാനുള്ള മികച്ച കമ്മ്യൂണിറ്റി ക്യാമ്പയിൻ നടപടികളെ അദ്ദേഹം പ്രശംസിച്ചു. റസിഡൻസി സ്റ്റാറ്റസ് ഭേദഗതി ചെയ്തോ എക്സിറ്റ് പെർമിറ്റ് നേടിയോ സാഹചര്യങ്ങൾ പരിഹരിക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് സുഗമമായ നടപടിക്രമങ്ങൾ ഉറപ്പാക്കുന്നതിൽ ജിഡിആർഎഫ്ഇ വഹിക്കുന്ന മഹത്തായ പങ്കിനെ ലഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പ്രത്യേകം എടുത്തുപറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലും നിരവധി പേരാണ് പൊതുമാപ്പ് കേന്ദ്രത്തിലേക്ക് എത്തിയത്. ശനി മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ രാത്രി 8 വരെയും എന്നാൽ അത് വെള്ളിയാഴ്ച രാവിലെ 8 മുതൽ 12 വരെയും തുടർന്ന് 4 മുതൽ 8 വരെയുമാണ് സെന്ററിന്റെ പ്രവർത്തന സമയം.അനധികൃതമായി രാജ്യത്ത് താമസിക്കുന്ന വിദേശികള്ക്കായി യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഈ മാസം ഒന്ന് മുതലാണ് ആരംഭിച്ചത്. ഒക്ടോബർ അവസാനം വരെയാണ് പൊതുമാപ്പ് കാലാവധിയുള്ളത്. അവസാന നിമിഷം വരെ കാത്തിരിക്കാതെ, ഏറ്റവും വേഗത്തിൽ തന്നെ വിസ നിയമ ലംഘകർ അവരുടെ താമസിക്കുടിയേറ്റം നിയമവിധേയമാക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.