പാരീസ് ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യക്ക് വെങ്കലം. അത്യന്തം ആവേശകരമായ മത്സരത്തിൽ സ്‌പെയിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് ഇന്ത്യ തുടർച്ചയായി രണ്ടാം ഒളിമ്പിക്‌സിലും മൂന്നാംസ്ഥാനത്തെത്തുന്നത്. രാജ്യാന്തര ഹോക്കിയിൽ നിന്ന് ഇതിനകം വിരമിക്കൽ പ്രഖ്യാപിച്ച മലയാളി താരം ശ്രീജേഷിന് മെഡലുമായി മടങ്ങാനായത് സ്വപ്‌ന നേട്ടമായി. ഒരുഗോളിന് പിന്നിട്ട് നിന്ന ശേഷം രണ്ട് ഗോളുകൾ തിരിച്ചടിച്ചാണ് വിജയം സ്വന്തമാക്കിയത്.
പാരീസിൽ ഇന്ത്യയുടെ നാലാം മെഡലാണിത്. 30,33 മിനിറ്റുകളിൽ ക്യാപ്റ്റൻ ഹർമൻപ്രീത് സിങാണ് ഇന്ത്യക്കായി ഗോൾനേടിയത്. 18ാം മിനിറ്റിൽ പെനാൽറ്റി സ്‌ട്രോക്കിൽ നിന്ന് മാർക്ക് മിറാലസ് സ്‌പെയിനായി ആദ്യം വലകുലുക്കി. പെനാൽറ്റി കോർണറിൽ നിന്നാണ് ഇന്ത്യ സമനില പിടിച്ചത്. തൊട്ടടുത്ത മിനിറ്റുകളിൽ വീണ്ടും പെനാൽറ്റി കോർണറിലൂടെ ലക്ഷ്യം കണ്ട് ഇന്ത്യ വിജയമുറപ്പിച്ചു. ഒളിമ്പിക്‌സിലുടനീളം ഉജ്ജ്വല പ്രകടനം പുറത്തെടുത്ത മലയാളിതാരം സ്പാനിഷ് ടീമിനെതിരെയും മിന്നും പ്രകടനം പുറത്തെടുത്തു. ഒളിമ്പിക്‌സിൽ വെങ്കല മെഡലോടെ മലയാളി താരം ശ്രീജേഷിന് ഗംഭീര യാത്രയയപ്പ് നടത്താൻ ഇന്ത്യൻ ടീമിനായി.