അബൂദബി ബനിയാസിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു. ഒഴപ്രത്തെ കോക്കാടൻ റജിലാൽ (50) ആണ് മരിച്ചത്. അൽ മൻസൂർ കോൺട്രാക്ടിങ് കമ്പനിയിൽ ഓപറേഷൻ മാനേജരായി ജോലി ചെയ്തിരുന്ന റജിലാൽ ജോലികഴിഞ്ഞ് തിരിച്ചുവരുന്നതിനിടയിലാണ് അപകടം.
കേരള സോഷ്യൽ സെന്ററിന്റെ കഴിഞ്ഞവർഷത്തെ ഓഡിറ്ററായിരുന്ന റജിലാൽ അബൂദബി ശക്തി തിയറ്റേഴ്‌സിന്റെ സജീവപ്രവർത്തകനാണ്. ഭാര്യ മായ കേരള സോഷ്യൽ സെന്റർ വനിതാ കമ്മിറ്റി അംഗമാണ്. ദീർഘകാലം ഒമാനിൽ ജോലി ചെയ്തിരുന്ന റജിലാൽ എട്ടുവർഷമായി കുടുംബസമേതം അബൂദബിയിലാണ്.
മൂത്ത മകൻ നിരഞ്ജൻ ചെന്നൈയിൽ മൂന്നാം വർഷ ഫാഷൻ ഡിസൈൻ വിദ്യാർഥിയും ഇളയമകൻ ലാൽ കിരൺ ജെംസ് യുനൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ ഒമ്പതാം തരം വിദ്യാർഥിയുമാണ്. ബനിയാസ് സെൻട്രൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം അന്തിമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു