Gulf

വ്യാജ സര്‍ട്ടിഫിക്കറ്റുമായി ജോലി; കുവൈറ്റില്‍ 2,400 വിദേശ ബിരുദങ്ങള്‍ പരിശോധിക്കുന്നു

Published

on

കുവൈറ്റ് സിറ്റി: വ്യാജ സര്‍ട്ടിഫിക്കറ്റുമായി ജോലി ചെയ്യുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് കുവൈറ്റില്‍ 2,400 വിദേശ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ നടപടി തുടങ്ങി. ജോലി ലഭിക്കാന്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചതായും കുവൈറ്റ് അധികൃതര്‍ അറിയിച്ചു.

ജോലി ലഭിക്കാനായി സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകളില്‍ വ്യാജ എംഎ, ഡോക്ടറല്‍ ബിരുദങ്ങള്‍ വരെ കണ്ടെത്തിയെന്ന് കുവൈറ്റ് സിവില്‍ സര്‍വീസ് കമ്മീഷന്‍ വെളിപ്പെടുത്തി. ഇങ്ങനെ ജോലിയില്‍ പ്രവേശിച്ചവരെ പിരിച്ചുവിടുന്നതിനു പുറമേ കൈപ്പറ്റിയ വേതനം തിരിച്ചുപിടിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചതായും സിവില്‍ സര്‍വീസ് കമ്മീഷന്‍ വ്യക്തമാക്കി.

വിദേശത്ത് നിന്ന് ലഭിച്ച 2,400 ഡിഗ്രികള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന് പരിശോധനയ്ക്ക് അയച്ചതായും കമ്മീഷന്‍ വെളിപ്പെടുത്തി. 2000 മുതല്‍ വിവിധ സര്‍ക്കാര്‍ വിഭാഗങ്ങളില്‍ ജോലിയില്‍ പ്രവേശിച്ച സ്വദേശികളും വിദേശികളുമായ എല്ലാ ജീവനക്കാരുടെയും സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാനുള്ള പദ്ധതി ജനുവരിയിലാണ് കമ്മീഷന്‍ ആവിഷ്‌കരിച്ചത്.

മുഴുവന്‍ സ്വദേശി, വിദേശി തൊഴിലാളികളുടെയും യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ ഡാറ്റ നല്‍കണമെന്ന് സിവില്‍ സര്‍വീസ് കമ്മീഷന്‍ മന്ത്രാലയങ്ങളോടും സര്‍ക്കാര്‍ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടിരുന്നതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് കുവൈറ്റ് ദിനപത്രം അല്‍ റായ് നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിദേശത്ത് നിന്ന് നേടിയ ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് മുകളിലുള്ള ബിരുദങ്ങള്‍ രാജ്യത്ത് തുല്യതപ്പെടുത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്ക് പിന്നാലെയാണ് തങ്ങളുടെ അഭ്യര്‍ത്ഥനയെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

ഹൈസ്‌കൂള്‍ ബിരുദത്തിന് മുകളില്‍ യോഗ്യത ആവശ്യമുള്ള തസ്തികകളില്‍ 2000 ജനുവരി മുതല്‍ പ്രവേശിച്ച സര്‍ക്കാര്‍ ജീവനക്കാരുടെ പേരും വിവരങ്ങളടങ്ങിയ റിപോര്‍ട്ട് തയ്യാറാക്കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് കുവൈറ്റ് പൗരന്‍മാര്‍ക്കും വിദേശ ജീവനക്കാര്‍ക്കും ബാധകമാണ്. ജോലിക്ക് സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, തത്തുല്യ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയും റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തണം.

വ്യാജ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി ജോലി നേടിയവരെ കണ്ടെത്തുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ മറ്റു ചില നടപടികളും സ്വീകരിച്ചിരുന്നു. ജോലിക്ക് സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാന്‍ മൂന്നംഗ സമിതി രൂപീകരിച്ചത് ഇതിന്റെ ഭാഗമായിരുന്നു. സംശയാസ്പദമായ രേഖകള്‍ പരിശോധിക്കാന്‍ വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് സമിതി അഭ്യര്‍ത്ഥിച്ചിരുന്നു.

വിദേശത്തു നിന്ന് സംഘടിപ്പിച്ച വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ ജോലി നേടിയവരില്‍ ഏറിയ പങ്കും സ്വദേശി പൗരന്‍മാരാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version