Gulf

നിയന്ത്രണം പിന്‍വലിക്കുന്നു; മക്കയിലും മദീനയിലും റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിന് വിദേശികളെ അനുവദിക്കും

Published

on

ജിദ്ദ: സൗദി അറേബ്യയിലെ മക്കയിലും മദീനയിലും റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിന് വിദേശികള്‍ക്കുള്ള നിയന്ത്രണം പിന്‍വലിക്കുന്നു. സൗദി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത റിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ വഴി നിബന്ധനകള്‍ക്ക് വിധേയമായി ഓഹരികള്‍ വാങ്ങാനാണ് അനുമതി നല്‍കുന്നത്.

പുതിയ നിയമത്തെ കുറിച്ച് വിദഗ്ധരുടെയും മറ്റും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയുന്നതിന് സൗദി കാപ്പിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി കരട് നിയമം പരസ്യപ്പെടുത്തി. ഉതുകൂടി പരിഗണിച്ച ശേഷമായിരിക്കും നിയമ ഭേദഗതി കൊണ്ടുവരിക. പബ്ലിക് കണ്‍സള്‍ട്ടേഷന്‍ പ്ലാറ്റ്‌ഫോമില്‍ പ്രസിദ്ധപ്പെടുത്തിയ കരട് നിയമത്തെ കുറിച്ച് പൊതുജനങ്ങള്‍ക്കും അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം.

മക്കയിലും മദീനയിലും റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍ നടത്തിയ കമ്പനികളില്‍ നാലെണ്ണമാണ് നിലവില്‍ സൗദി സ്റ്റോക്ക് മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്. സൗദി ഓഹരി വിപണിയിലെ മറ്റു റിയല്‍ എസ്റ്റേറ്റ് കമ്പനികളില്‍ വിദേശികള്‍ക്ക് ഷെയറുകള്‍ നല്‍കുമെങ്കിലും ഈ മേഖലയ്ക്ക് പ്രത്യേക നിയന്ത്രണമുണ്ട്. ഇത് നിബന്ധനകള്‍ക്ക് വിധേയമായി ഒഴിവാക്കാനാണ് ഉദ്ദേശിക്കുന്നത്.

വിദേശികള്‍ക്ക് കമ്പനികളുടെ 30 ശതമാനം വരെ ഓഹരികളില്‍ നിക്ഷേപത്തിനാണ് അവകാശമുണ്ടായിരിക്കുക. അതേസമയം തന്നെ കമ്പനിയുടെ ആകെ വിദേശ നിക്ഷേപം 49 ശതമാനത്തില്‍ കൂടാനും പാടില്ല. വ്യക്തികളും സ്ഥാപനങ്ങളുമായ വിദേശ നിക്ഷേപകര്‍ക്ക് ഈ നിയന്ത്രണം ബാധകമാണ്.

രാജ്യത്ത് വിദേശ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള നയത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ നീക്കം. സൗദി ഓഹരി വിപണിയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിച്ച് പ്രാദേശിക സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്താനും സൗദി ഷെയര്‍ മാര്‍ക്കറ്റിന്റെ ആകര്‍ഷണീയതയും മത്സരക്ഷമതയും വര്‍ധിപ്പിക്കാനും പുതിയ നിയമത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.

സൗദി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികള്‍ക്ക് മക്കയിലും മദീനയിലുമുള്ള ആസ്ഥാനങ്ങളും ശാഖാ ആസ്ഥാനങ്ങളും സ്വന്തം ഉടമസ്ഥതിയിലാക്കാനും പുതിയ വ്യവസ്ഥകള്‍ അനുവദിക്കും. പുതിയ വ്യവസ്ഥകളില്‍ അഭിപ്രായ, നിര്‍ദേശങ്ങള്‍ രേഖാമൂലം അറിയിക്കാന്‍ ഈ മാസം 29 വരെയാണ് സമയം.

രണ്ട് പുണ്യനഗരങ്ങളിലെയും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ തൈബ, മക്ക, മദീന നോളെജ്, ജബല്‍ ഉമര്‍ എന്നീ കമ്പനികളാണ് സൗദി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഈ കമ്പനികളുടെ 49 ശതമാനം ഓഹരിയാണ് വിദേശ നിക്ഷേപകര്‍ക്ക് വാങ്ങാന്‍ അവസരം കൈവരുന്നത്. പുതിയ വ്യവസ്ഥകള്‍ പ്രകാരം ഈ കമ്പനികളുടെ 2,150 കോടി റിയാല്‍ മൂല്യമുള്ള ഷെയറുകള്‍ വിദേശികള്‍ക്ക് സ്വന്തമാക്കാം.

നിയമം പ്രാബല്യത്തിലാവുന്നതോടെ ജബല്‍ ഉമര്‍ കമ്പനിയുടെ 1,170 കോടി റിയാല്‍ മൂല്യമുള്ള 56.57 കോടി ഷെയറുകളും മക്ക കമ്പനിയുടെ 540 കോടി റിയാല്‍ മൂല്യമുള്ള 8.08 കോടി ഓഹരികളും തൈബ കമ്പനിയുടെ 220 കോടി റിയാല്‍ മൂല്യമുള്ള 7.86 കോടി ഷെയറുകളും മദീന നോളെജിന്റെ 220 കോടി റിയാല്‍ മൂല്യമുള്ള 16.63 കോടി ഷെയറുകളും സ്വന്തമാക്കാന്‍ വിദേശ നിക്ഷേപകര്‍ക്ക് സാധിക്കും. മക്കക്കും മദീനക്കും പുറത്ത് പ്രവര്‍ത്തിക്കുന്ന ഒമ്പതു റിയല്‍ എസ്റ്റേറ്റ് കമ്പനികളിലായി നിലവില്‍ 390 കോടി റിയാല്‍ മൂല്യമുള്ള ഷെയറുകള്‍ വിദേശികള്‍ക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version