കൊച്ചി: രാജ്യത്തെ ആദ്യ വാട്ടർ മെട്രോ പദ്ധതി പ്രധാനമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും. സംസ്ഥാന സർക്കാരിന്റെ സ്വപ്നപദ്ധതി യാഥാർത്ഥ്യമാകുന്നതോടെ മെട്രോ റെയിലിന് അനുബന്ധമായി വാട്ടർ മെട്രോ സർവീസുള്ള രാജ്യത്തെ ഏക മെട്രോയാകും കൊച്ചിയിലേത്. കൂടാതെ ഈ വലുപ്പത്തിലുളള ഏഷ്യയിലെ ആദ്യത്തെ സംയോജിത ജലഗതാഗത സംവിധാനമാണ് കൊച്ചി വാട്ടർ മെട്രോ. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിലാണ് ഉദ്ഘാടനം.
നഗരത്തോടു ചേർന്നുകിടക്കുന്ന 10 ദ്വീപുകളെ ബന്ധിപ്പിച്ചുള്ള വാട്ടർ മെട്രോ പദ്ധതിക്ക് 747 കോടി രൂപയാണ് ചെലവ്. ജർമൻ ബാങ്കായ കെഎഫ്ഡബ്ല്യുവിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കടലിലും കായലിലും ഒരേ പോലെ സുഗമമായ യാത്ര ഉറപ്പാക്കുന്ന പദ്ധതി പൂർണമായും പ്രവർത്തന ക്ഷമമാകുമ്പോൾ പ്രതിവർഷം 44000 ടൺ CO2 ഉദ്വമനം കുറയുമെന്നാണ് കരുതുന്നത്. പ്രതിദിനം 34000 യാത്രക്കാരെയാണ് വാട്ടർ മെട്രോയിൽ പ്രതീക്ഷിക്കുന്നത്.
പ്രാരംഭ ഘട്ടത്തിൽ നൂറ് പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന എട്ട ബോട്ടുകളാണ് നിലവിൽ കൊച്ചി മെട്രോയ്ക്ക് ലഭിച്ചിരിക്കുന്നത്. രാവിലെ ഏഴ് മുതൽ രാത്രി എട്ട് വരെ സർവീസ് ഉണ്ടാവും. ഹെെക്കോർട്ട് ടെർമിനലിൽ നിന്ന് വെെപ്പിനിലേക്കും തിരിച്ചുമാണ് ആദ്യ സർവീസ്. 26 മുതൽ പൊതുജനങ്ങൾക്ക് യാത്രചെയ്യാം. 20 രൂപയാണ് വാട്ടർ മെട്രോയുടെ കുറഞ്ഞ ചാർജ്. 40 രൂപയാണ് കൂടിയ നിരക്ക്. പതിനഞ്ച് മിനിറ്റ് ഇടവിട്ട് ബോട്ടുകളുണ്ടാവും. മെട്രോ റെയിലിന് സമാനമായ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് വാട്ടർ മെട്രോ ടെർമിനലുകളും ബോട്ടുകളും നിർമ്മിച്ചിട്ടുള്ളത്. വൈറ്റില-കാക്കനാട് റൂട്ടിൽ ഏപ്രിൽ 17 ന് സർവ്വീസ് ആരംഭിക്കും.
പദ്ധതി പൂർത്തിയാകുമ്പോൾ 76 കിലോമീറ്റർ റൂട്ടിൽ 38 ടെർമിനലുകളും 78 ബോട്ടുകളുമുണ്ടാകും. ടെർമിനലുകളിൽ ഒരുക്കിയിരിക്കുന്ന ടിക്കറ്റ് കൗണ്ടറുകളിൽ നിന്നും ഒറ്റത്തവണ യാത്ര ചെയ്യാനുള്ള ടിക്കറ്റുകളും വിവിധ യാത്രാ പാസുകളും ലഭിക്കും. ഇത് കൂടാതെ കൊച്ചി മെട്രോ റെയിലിൽ ഉപയോഗിക്കുന്ന കൊച്ചി വൺ കാർഡ് ഉപയോഗിച്ചും കൊച്ചി വാട്ടർമെട്രോയിൽ യാത്ര ചെയ്യാം. കൊച്ചി വൺ ആപ്പിലൂടെ ബുക്ക് ചെയ്യുന്ന മൊബൈൽ ക്യൂ ആർ ഉപയോഗിച്ചും യാത്ര ചെയ്യാം.
ഭിന്നശേഷി സൗഹൃദമായ ടെർമിനലുകളും ബോട്ടുകളുമാണ് കൊച്ചി വാട്ടർമെട്രോയുടെ പ്രധാന പ്രത്യേകത. ശീതീകരിച്ച ബോട്ടുകൾ, ജലസ്രോതസുകളെ മലിനമാക്കാത്ത ഇലക്ട്രിക്-ഹൈബ്രിഡ് ബോട്ടുകൾ, വേലിയേറ്റ, വേലിയിറക്ക സമയങ്ങളിൽ ബോട്ടുമായി ഒരേ ലെവലിൽ നിൽക്കാനുതകുന്ന ഫ്ലോട്ടിംഗ് പോണ്ടൂണുകൾ. യാത്രക്കാരുടെ എണ്ണം തിട്ടപ്പെടുത്തി സുരക്ഷ ഉറപ്പാക്കാനുള്ള പാസഞ്ചർ കൺട്രോൾ സിസ്റ്റം ഉൾപ്പെടെ മെട്രോയുടെ സവിശേഷതയാണ്.