റിയാദ്: സൗദി അറേബ്യയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ശമ്പളവുമായി ബന്ധപ്പെട്ട വേതന സംരക്ഷണ സേവനം നിലവില്‍ വന്നു. 2024 ജൂലൈ ഒന്നുമുതല്‍ ഗാര്‍ഹിക തൊഴിലാളികളുടെ വേതന വിതരണം മുസാനിദ് പ്ലാറ്റ്ഫോം വഴി നടപ്പാക്കാനുള്ള തീരുമാനം മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് പ്രഖ്യാപിച്ചത്.
ആദ്യഘട്ടത്തില്‍, 2024 ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ കരാറുകള്‍ക്കാണ് ഇത് ബാധകമാവുക. അതിനു ശേഷം കരാറിലേര്‍പ്പെടുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് വേതന സംരക്ഷണ സേവനം നടപ്പിലാക്കും. നിലവിലെ വീട്ടുജോലിക്കാര്‍ക്ക് സേവനം ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഓരോ തൊഴിലുടമയ്ക്കു കീഴിലുള്ള വീട്ടുജോലിക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് വിവിധ ഘട്ടങ്ങളിലായി നടപ്പിലാക്കുക. രാജ്യത്തെ എല്ലാ വിഭാഗം ഗാര്‍ഹിക തൊഴിലാളികളും 2026 ജനുവരി ഒന്നോടെ ഈ സേവനത്തിന് കീഴില്‍ വരുന്ന രീതിയില്‍ പദ്ധതി നടപ്പിലാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
രാജ്യത്തെ ഗാര്‍ഹിക തൊഴിലാളി മേഖല വികസിപ്പിക്കുന്നതിലും ഗാര്‍ഹിക തൊഴിലാളികളുടെയും അവരുടെ തൊഴിലുടമകളുടെയും അവകാശങ്ങള്‍ ഉറപ്പാക്കുന്നതിലും മന്ത്രാലയത്തിന്റെ സംരംഭങ്ങളുടെ തുടര്‍ച്ചയാണ് ഈ സേവനമെന്ന് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. മന്ത്രാലയത്തിന്റെ മുസാനിദ് പ്ലാറ്റ്ഫോം വഴി ഡിജിറ്റല്‍ വാലറ്റുകളും അംഗീകൃത ബാങ്കുകളും ഉപയോഗിച്ച് തൊഴിലാളികളുടെ ശമ്പളം വിതരണം ചെയ്യുന്നതിലൂടെ നടപടിക്രമങ്ങളില്‍ സുതാര്യത ഉറപ്പാക്കാനും നടപടികള്‍ കൂടുതല്‍ സുഗമമാക്കാനും ഇത് ലക്ഷ്യമിടുന്നു.
2025 ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന കരാര്‍ പ്രകാരം നാലില്‍ കൂടുതല്‍ വീട്ടുജോലിക്കാരുള്ള തൊഴിലുടമകള്‍ക്ക് പുതിയ സേവനം ബാധകമാകും. മൂന്നോ അതിലധികമോ തൊഴിലാളികളുള്ള തൊഴിലുടമകളെ സംബന്ധിച്ചിടത്തോളം, 2025 ജൂലൈ 1 നും രണ്ടോ അതില്‍ കൂടുതലോ തൊഴിലാളികള്‍ ഉള്ളവര്‍ക്ക് 2025 ഒക്ടോബര്‍ 1നും ഈ സേവനം് ബാധകമാകും. നിലവില്‍ 2022 ഏപ്രില്‍ 1 മുതല്‍ മുസാനിദ് പ്ലാറ്റ്ഫോമില്‍ ഈ സേവനം ലഭ്യമാണെന്നും തൊഴിലുടമകളില്‍ നിന്നും തൊഴിലാളികളില്‍ നിന്നും മികച്ച പ്രതികരണമാണ് ഇതിന് ലഭിച്ചിട്ടുള്ളതെന്നും മന്ത്രാലയം അറിയിച്ചു.
ഗാര്‍ഹിക തൊഴിലാളികളുടെ ശമ്പളം അവര്‍ക്ക് കൃത്യമായി ലഭിക്കുന്നുവെന്ന കാര്യം ഉറപ്പുവരുത്താന്‍ ഈ സേവനത്തിലൂടെ സാധിക്കും. ഓണ്‍ലൈനായി ശമ്പളം നല്‍കുന്നതിനാല്‍ ഗാര്‍ഹിക തൊഴിലാളിയുമായുള്ള കരാര്‍ ബന്ധം അവസാനിപ്പിക്കുന്ന വേളയിലും തൊഴിലാളി നാട്ടിലേക്ക് യാത്ര ചെയ്യുന്ന സന്ദര്‍ഭങ്ങളിലും തൊഴിലാളിയുമായി ബന്ധപ്പെട്ട സാമ്പത്തിക നടപടിക്രമങ്ങള്‍ എളുപ്പത്തില്‍ അവസാനിപ്പിക്കാന്‍ ഇത് തൊഴിലുടമയെ സഹായിക്കും. തൊഴിലുടമയും തൊഴിലാളിയും തമ്മില്‍ ശമ്പള വിതരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തര്‍ക്കം ഉണ്ടാകുമ്പോള്‍ അവരുടെ സംരക്ഷണത്തിനും ഈ സേവനം വഴിയൊരുക്കുമെന്നും മന്ത്രാലയം അറിയിച്ചു.