Gulf

മൊബൈല്‍ നഷ്ടപ്പെട്ടാല്‍ ടെലികോം സേവനദാതാക്കളെ അറിയിക്കണമെന്ന് യുഎഇ അതോറിറ്റി

Published

on

അബുദാബി: മൊബൈല്‍ ഉപകരണങ്ങള്‍ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ ടെലികോം സേവനദാതാക്കളെ അറിയിക്കാന്‍ യുഎഇ ടെലികമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്‍മെന്റ് റെഗുലേറ്ററി അതോറിറ്റി (ടിഡിആര്‍എ) പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ദൈനംദിന ജീവിതത്തില്‍ മൊബൈല്‍ ഫോണുകളുടെ വര്‍ധിച്ചുവരുന്ന പ്രാധാന്യം കണക്കിലെടുത്താണിത്. ബാങ്കിങ് സേവനങ്ങള്‍, എയര്‍പോര്‍ട്ട് ചെക്കിങ്, ഡിജിറ്റല്‍ ഡോക്യുമെന്റുകള്‍, സര്‍ക്കാരിന്റെ ഔദ്യോഗിക സേവനങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ക്ക് മൊബൈല്‍ ഫോണുകളുമായും സിം കാര്‍ഡുകളുമായും ബന്ധപ്പെട്ടിരിക്കുന്നു.

മൊബൈല്‍ ഫോണ്‍ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ കസ്റ്റമര്‍ സര്‍വീസ് കോള്‍ സെന്ററുകള്‍, വെബ്‌സൈറ്റുകളിലെ തത്സമയ ചാറ്റ് സേവനങ്ങള്‍, മറ്റ് അനുബന്ധ ചാനലുകള്‍ എന്നിവയിലൂടെ ഉപഭോക്താക്കള്‍ക്ക് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാമെന്ന് യുഎഇ അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചു.

അധികാരികളെ അറിയിച്ചാല്‍ ഉടന്‍ തന്നെ പരാതിക്കാരന്റെ ഐഡന്റിറ്റി പരിശോധിച്ച് വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തും. ഈ ഫോണിലേക്കുള്ള സേവനങ്ങള്‍ റദ്ദാക്കുന്നത് സംബന്ധിച്ച് സേവന ദാതാവ് ഉപഭോക്താവിനോട് അഭിപ്രായം തേടും. ഉപഭോക്താവിന്റെ അനുമതിയോടെ സേവന ദാതാവ് അന്താരാഷ്ട്ര മൊബൈല്‍ ഉപകരണ ഐഡന്റിറ്റി (International Mobile Equipment Identity- IMEI) ബ്ലാക്ക്‌ലിസ്റ്റ് ചെയ്ത ഉപകരണങ്ങളുടെ ഡാറ്റാബേസിലേക്ക് ഈ ഫോണിനെ ചേര്‍ക്കുകയും ചെയ്യും.

റിപ്പോര്‍ട്ട് ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ ഉപകരണം ബ്ലോക്ക് ചെയ്യപ്പെടും. ഇതോടെ എല്ലാ നെറ്റ്‌വര്‍ക്കുകളിലേക്കുള്ള ആക്‌സസ് തടയപ്പെടും. ഫോണ്‍ തിരിക ലഭിക്കുകയോ സേവനങ്ങള്‍ തുടര്‍ന്നും ലഭിക്കണമെന്ന് ആഗ്രഹിക്കുകയോ ചെയ്യുന്നപക്ഷം അണ്‍ബ്ലോക്ക് ചെയ്യാനും 24 മണിക്കൂര്‍ എടുക്കും.

മൊബൈല്‍ ഫോണുകളുടെ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ എന്തുചെയ്യണമെന്ന് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനാണ് റെഗുലേറ്ററി അതോറിറ്റി ശ്രമിക്കുന്നതെന്ന് ടിഡിആര്‍എയിലെ ടെക്‌നോളജി ഡെവലപ്‌മെന്റ് അഫയേഴ്‌സ് ഡയറക്ടര്‍ സെയ്ഫ് ബിന്‍ ഗെലൈത പറഞ്ഞു. റിപ്പോര്‍ട്ട് ചെയ്യുന്നതിന് ലളിതമായ നടപടിക്രമങ്ങളാണുള്ളത്. സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും ഇലക്ട്രോണിക് സേവനങ്ങള്‍ വര്‍ധിച്ചതും ഭൂരിഭാഗം ഉപയോക്താക്കളും സാമ്പത്തിക ഇടപാടുകള്‍ക്കായി പ്രധാനമായും മൊബൈല്‍ ഫോണുകളെ ആശ്രയിക്കുന്നതും സേവന ആപ്ലിക്കേഷനുകള്‍ വര്‍ധിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉപഭോക്താക്കളുടെ സുരക്ഷയും സ്വകാര്യതയും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറയുന്നു.

പരാതിപ്പെടുമ്പോള്‍ വ്യക്തിഗത ഐഡന്റിറ്റി, നഷ്ടം അല്ലെങ്കില്‍ മോഷണം സംഭവത്തിന്റെ സമയം, സ്ഥലം, ഉപകരണത്തിന്റെ സവിശേഷതകള്‍ എന്നിവയെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ നല്‍കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version