Gulf

ടൂറിസ്റ്റ് വിസയില്‍ വേലക്കാരികളെ എത്തിക്കുന്നത് വര്‍ധിക്കുന്നു; മരച്ചുവട് അഭയകേന്ദ്രമാക്കിയ ഇന്ത്യക്കാരിയെ നാട്ടിലയച്ചു

Published

on

റിയാദ്: ടൂറിസ്റ്റ് വിസ തൊഴില്‍ വിസയാക്കി മാറ്റാന്‍ ഒരുവിധത്തിലും സാധ്യമല്ലെന്നിരിക്കെ ഇക്കാര്യം മറച്ചുവച്ചും അല്ലാതെയും വേലക്കാരികളെ സൗദിയിലെത്തിക്കുന്നത് വര്‍ധിക്കുന്നു. ജോലി തേടി ടൂറിസ്റ്റ് വസിയിലെത്തി സൗദിയില്‍ കുടുങ്ങി നാട്ടിലേക്ക് മടങ്ങാന്‍ വഴിയില്ലാതെ മരച്ചുവട്ടില്‍ അഭയം തേടിയ ഇന്ത്യന്‍ യുവതിയെ ഏറെനാളത്തെ പ്രയ്തനത്തിനൊടുവില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ നാട്ടിലെത്തിച്ചു.

വേഗത്തില്‍ ലഭിക്കുന്നുവെന്നതിനാലും ചെലവ് കുറവാണെന്നതിനാലുമാണ് ടൂറിസ്റ്റ് വിസയില്‍ മനുഷ്യക്കടത്ത് നടത്തുന്നത്. ഈ വിസയില്‍ പരമാവധി 90 ദിവസം മാത്രമാണ് രാജ്യത്ത് തങ്ങാനാവുക. മാത്രമല്ല, യഥാസമയം മടങ്ങിപ്പോയില്ലെങ്കില്‍ എക്‌സിറ്റ് വിസ ലഭിക്കാതെ വലിയ നിയമക്കുരുക്കില്‍ അകപ്പെടുകയും ചെയ്യും. സാമ്പത്തികമായി പ്രയാസപ്പെടുന്ന സ്ത്രീകളെ വിസയെ കുറിച്ച് ബോധ്യപ്പെടുത്താതെ ഇടനിലക്കാര്‍ സൗദിയിലെത്തിക്കുകയാണ് ചെയ്യുന്നത്.

വീട്ടുജോലിക്കെത്തിയ ശേഷം പുറത്ത്‌പോകാത്തതിനാല്‍ ഇഖാമ ഉള്‍പ്പെടെയുള്ള പരിശോധനകളില്‍ സാധാരണ പിടിക്കപ്പെടില്ലെങ്കിലും ജോലിയില്‍ പ്രയാസം നേരിട്ട് ജോലിചെയ്യുന്ന വീട് വിട്ടിറങ്ങുകയോ അവധിക്ക് നാട്ടില്‍ പോകുകയോ ചെയ്യുമ്പോഴാണ് ഇവര്‍ ചെന്നുപെട്ട പ്രതിസന്ധിയുടെ ആഴം മനസിലാക്കുക. ഇത്തരം കേസുകള്‍ അടുത്തിടെയായി വര്‍ധിച്ചുവരികയാണ്. സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ സൗദി പൗരന്‍മാരില്‍ നിന്ന് പണംവാങ്ങി നാട്ടിലെ ബന്ധുക്കളെയോ പരിചയത്തിലുള്ളവരെയോ ഇത്തരത്തില്‍ വേലക്കാരികളായി എത്തിക്കുന്നുമുണ്ട്. പലപ്പോഴും സൗദി പൗരന്‍മാര്‍ ടൂറിസ്റ്റ് വിസയാണ് നല്‍കിയതെന്ന് അറിയിക്കുകയുമില്ല.

ഹൈദരാബാദ് സ്വദേശിനി രഹ്‌ന ബീഗം (35) മലയാളി സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തെ തുടര്‍ന്നാണ് നാട്ടിലേക്ക് തിരിച്ചത്. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവിനെയും മൂന്ന് മക്കളെയും സംരക്ഷിക്കാനാണ് തൊഴില്‍ തേടി യുവതി ടൂറിസ്റ്റ് വിസയിലെത്തിയത്. ബന്ധു മുഖേന ജോലിയും ലഭിച്ചു. ജോലി നല്‍കിയ സൗദി പൗരന്‍ ടൂറിസ്റ്റ് വിസ തൊഴില്‍ വിസയാക്കാന്‍ നോക്കിയെങ്കിലും സാധ്യമായില്ല. മാതാവിന് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് നാട്ടില്‍ പോകാന്‍ മാര്‍ഗമില്ലാതെ ജോലി ഉപേക്ഷിച്ച് വീട് വിട്ടിറങ്ങുകയായിരുന്നു.

ത്വാഇഫില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്തായിരുന്നു രഹ്‌ന ജോലി ചെയ്തിരുന്നത്. നാട്ടിലേക്ക് മടങ്ങാന്‍ സഹായം ലഭിക്കുമെന്ന് കരുതി നിയമലംഘകരായ വിദേശികളെ സ്വദേശങ്ങളിലേക്ക് കയറ്റി അയക്കുന്ന ത്വാഇഫിലെ കേന്ദ്രത്തിലെത്തി. 90 ദിവസ വിസ കാലാവധി കഴിഞ്ഞ് നാലുമാസത്തിലധികമായ രഹനക്ക് 12,000 ത്തിലധികം റിയാല്‍ പിഴ അടച്ചോ തര്‍ഹീല്‍ വഴിയോ മാത്രമേ നാട്ടില്‍ പോകാന്‍ സാധിക്കുകമായിരുന്നുള്ളൂ. ഇത്രയധികം തുക നല്‍കാന്‍ ഇവര്‍ക്ക് കഴിയുമായിരുന്നില്ല.

ജയില്‍ വഴി പോകാന്‍ ഭയന്ന യുവതിയുടെ വിഷയത്തില്‍ കോണ്‍സുലേറ്റ് കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കമ്മിറ്റി അംഗം പന്തളം ഷാജി ഇടപെട്ടു. രേഖകള്‍ ശരിയാക്കുന്നതുവരെ താമസം സൗകര്യം ലഭ്യമാക്കമെന്നേറ്റ ബന്ധു കൂട്ടാന്‍ വരാതിരുന്നതോടെ രഹനക്ക് മരച്ചുവട്ടില്‍ അഭയംതേടേണ്ടിവന്നു. കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കമ്മിറ്റി അംഗമായ നാലികത്ത് സാലിഹ് ഹൈദരാബാദി പ്രവാസികളുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് ഒരു ഹൈദരാബാദി കുടുംബം താമസസൗകര്യവും ഭക്ഷണവും നല്‍കാമെന്നേറ്റു.

പന്തളം ഷാജിയുടെ തുടര്‍നപടികളുടെ ഫലമായി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ജിദ്ദ ഇന്ത്യന്‍ കോണ്‍സലേറ്റില്‍ നിന്ന് മടക്കയാത്രാ രേഖകള്‍ ലഭ്യമായി. തര്‍ഹീല്‍ ഉദ്യോഗസ്ഥരുടെ മാനുഷിക പരിഗണനയോടെയുള്ള ഇടപെടലുകളാണ് നിര്‍ണായകമായത്. സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ കഴിഞ്ഞ ദിവസം ഇവര്‍ നാട്ടിലേക്ക് തിരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version