കുവൈറ്റ് സിറ്റി: വരുന്ന അധ്യയന വര്‍ഷത്തേക്ക് വിദ്യാലയങ്ങളില്‍ പഠിപ്പിക്കാന്‍ ആവശ്യത്തിന് സ്വദേശി അധ്യാപകരെ കിട്ടാനില്ല. അപേക്ഷകള്‍ നിരവധിയുണ്ടെങ്കിലും ഇന്റര്‍വ്യൂവും ടെസ്റ്റും പാസ്സായവര്‍ വളരെ കുറവായതാണ് കാരണം. പ്രതിസന്ധി താല്‍ക്കാലികമായി മറികടക്കാന്‍ നിലവില്‍ കുവൈറ്റില്‍ താമസിക്കുന്ന പ്രവാസികളില്‍ നിന്ന് യോഗ്യരായവരെ കണ്ടെത്തി നിയമിക്കാനാണ് അധികൃതരുടെ തീരുമാനം. ഇതിനു വേണ്ടിയുള്ള നടപടികള്‍ വിദ്യാഭ്യാസ മന്ത്രാലയം ആരംഭിച്ചതായി മന്ത്രാലയം ആക്ടിംഗ് അണ്ടര്‍ സെക്രട്ടറി മത്‌റൂക്ക് അല്‍ മുതൈരി അറിയിച്ചു.
നിലവില്‍ അധ്യാപന രംഗത്ത് 72 ശതമാനം സ്വദേശിവല്‍ക്കരണം നടത്താന്‍ നേരത്തേ മന്ത്രാലയം തീരുമാനിച്ചിരുന്നു. ഇതുപ്രകാരം ബാക്കി 28 ശതമാനം തസ്തികകളില്‍ മാത്രമേ പ്രവാസി അധ്യാപകര്‍ക്ക് അവസരമുള്ളൂ. ഇതിലേക്കുള്ള അഭിമുഖം നേരത്തേ നടത്തി ആവശ്യത്തിന് പ്രവാസികളെ ഇതിനകം നിയമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ പ്രവാസി അധ്യാപകര്‍ക്കായി മറ്റൊരു അഭിമുഖം കൂടി നടത്താനാണ് മന്ത്രാലയത്തിന്റെ തീരുമാനം. രാജ്യത്ത് താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് കഴിയുന്ന പ്രവാസികളെയും ഇതിനായി പരിഗണിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും മത്‌റൂക്ക് അല്‍ മുതൈരി അറിയിച്ചു. പ്രവാസി അധ്യാപകരെ മൂന്നു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനാണ് തീരുമാനം. ഇക്കാര്യത്തില്‍ കുവൈറ്റ് സിവില്‍ സര്‍വീസ് കമ്മീഷന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും മത്‌റൂക്ക് അല്‍ മുതൈരി അറിയിച്ചു.
ഒരു ലക്ഷത്തിലേറെ രൂപ ശമ്പളം ലലഭിക്കും
പ്രവാസി അധ്യാപകര്‍ക്ക് 420 കുവൈറ്റ് ദിനാര്‍ ശമ്പളമായും 60 ദിനാര്‍ ഹൗസിംഗ് അലവന്‍സായും അനുവദിക്കാനാണ് തീരുമാനം. ഇതു രണ്ടും കൂടി ഏകദേശം 1.3 ലക്ഷം ഇന്ത്യന്‍ രൂപയോളം വരും. ഇക്കാര്യത്തിലും സിവില്‍ സര്‍വീസ് കമ്മീഷന്റെ അനുമതിക്കായി കത്തെഴുതിയിട്ടുണ്ടെന്ന് അല്‍ മുതൈരി പറഞ്ഞു. അല്‍ റായ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലെ വിദ്യാലയങ്ങളില്‍ നിലവില്‍ 1600 പുരുഷ, സ്ത്രീ അധ്യാപകരാണ് ജോലി ചെയ്യുന്നത്.
ഇതിനകം ലഭിച്ചത് 2,000-ത്തിലധികം അപേക്ഷകര്‍
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായി ഇതിനകം രണ്ടായിരത്തിലേറെ അധ്യാപക അപേക്ഷകള്‍ ലഭിച്ചതായി മന്ത്രാലയം വൃത്തങ്ങളെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇവരില്‍ വളരെ കുറച്ചു പേര്‍ മാത്രമാണ് അഭിമുഖങ്ങളില്‍ വിജയിച്ചത്. ഇന്റര്‍വ്യൂ പാസായ പലര്‍ക്കും നിശ്ചിത വിദ്യാഭ്യാസ യോഗ്യതകളില്ലെന്നും അധികൃതര്‍ അറിയിച്ചു. അതിനു പുറമെ, അപേക്ഷകരില്‍ കുറേ പേര്‍ സ്ത്രീകളാണ്. നിലവില്‍ നിശ്ചിത അനുപാതത്തില്‍ കൂടുതല്‍ സ്ത്രീകളെ നിയമിച്ചതിനാല്‍ അവരുടെ അപേക്ഷകള്‍ പരിഗണിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
വിദേശത്ത് റിക്രൂട്ടിംഗ് ഡ്രൈവില്‍ തീരുമാനമായില്ല
അതേസമയം, കോവിഡിന് മുമ്പുള്ള കാലങ്ങളില്‍ നടത്തിയതു പോലെ വിദേശ രാജ്യങ്ങളില്‍ ചെന്ന് മികച്ച അധ്യാപകരെ ഇന്റര്‍വ്യൂവിലൂടെ കണ്ടെത്തുന്ന രീതി പുനസ്ഥാപിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. അതിനിടെ, ഗസ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തേ മന്ത്രാലയവുമായി കരാറിലേര്‍പ്പെട്ട ഒട്ടേറെ ഫലസ്തീനി അധ്യാപകര്‍ക്ക് കുവൈറ്റില്‍ അക്കാദമിക വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് രാജ്യത്തേക്ക് എത്താന്‍ പറ്റുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്. പലസ്തീന്‍ എംബസിയുമായി ബന്ധപ്പെട്ട് ജോര്‍ദാന്‍ വഴി അവരെ കൊണ്ടുവരാന്‍ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്നും എന്നാല്‍ നിലവില്‍ വെസ്റ്റ് ബാങ്ക് വിടാന്‍ അവര്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂടുതല്‍ അധ്യാപകരെ ആവശ്യമായി വരും
അടുത്ത അധ്യയന വര്‍ഷത്തേക്ക് നിലവിലുള്ള സ്‌കൂളുകള്‍ക്കു പുറമെ, അല്‍ മുത്ലയില്‍ പുതുതായി തുറക്കുന്ന ഏഴ് അംഗീകൃത സ്‌കൂളുകളിലേക്കുള്ള അധ്യാപകരെ കൂടി കണ്ടെത്തേണ്ടതുണ്ടെന്നും അല്‍ മുതൈരി അറിയിച്ചു. ഇതോടൊപ്പം പുതുതായി വരുന്ന റസിഡന്‍ഷ്യല്‍ ഏരിയകളിലും സ്‌കൂളുകള്‍ തുറക്കേണ്ടതായിട്ടുണ്ട്. ഇവ കൂടി പരിഗണിക്കുമ്പോള്‍ വേണ്ടിവരുന്ന അധ്യാപകരുടെ എണ്ണം ഇനിയും കൂടുമെന്ന കണക്കുകൂട്ടലിലാണ് അദ്ദേഹം. അതേസമയം, വാര്‍ഷിക സ്വദേശിവത്ക്കരണത്തിന്റെ തോത് പ്രകാരം വിദ്യാഭ്യാസ മന്ത്രാലയത്തില്‍ 72 ശതമാനം പേര്‍ കുവൈറ്റ് അധ്യാപകരായിരിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഈ വര്‍ഷത്തേക്ക് അത് 70 ശതമാനമായി കുറച്ച് കൂടുതല്‍ പ്രവാസികള്‍ക്ക് അവസരം നല്‍കാനാണ് ഇപ്പോള്‍ അധികൃര്‍ ആലോചിക്കുന്നത്.