ഖത്തർ: കേരളത്തിൽ നിന്നും വേനലവധി കഴിഞ്ഞ് ഖത്തറിലേക്ക് മടങ്ങുന്ന പ്രവാസികളുടെ തിരക്ക്. ഇത് മുന്നിൽ കണ്ടാണ് ആഗസ്റ്റ് മാസം അവസാനത്തിൽ അധിക സർവിസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് ആണ് പുതിയ സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ടിക്കറ്റ് നിരക്ക് വർധന മൂലം പ്രയാസത്തിലാവുന്ന യാത്രക്കാർക്ക് ഏറെ ആശ്വാസമാകും എയർ ഇന്ത്യയുടെ പുതിയ ഇടപെടൽ . 27ന് കോഴിക്കോട് നിന്നും രാവിലെ 9. 30നാണ് ഒരു വിമാനം പുറപ്പെടുക. അന്നു തന്നെ ദോഹയില്‍ നിന്നും ഉച്ചക്ക് 12.10ന് കോഴിക്കോട്ടേക്ക് ഈ വിമാനം മടങ്ങും. 29 ന് കൊച്ചിയില്‍നിന്നാണ് രണ്ടാമതത്തെ സര്‍വിസ്. രാവിലെ 8.15ന് വിമാനം പുറപ്പെടും. 11.20ന് ദോഹയില്‍ നിന്ന് തിരിച്ച് കൊച്ചിയിലേക്കും സര്‍വിസുണ്ടാകും.
സ്ക്കൂൾ അവധിക്ക് നാട്ടിലേക്ക് വന്ന പ്രവാസികൾക്ക് ഈ പുതിയ സർവീസ് വലിയ രീതിയിൽ ഗുണം ചെയ്യും. സ്കൂളുകൾ വേനലവധി കഴിഞ്ഞ് ആഗസ്റ്റ് അവസാനത്തിൽ തുറക്കാൻ ഇരിക്കുകയാണ്. കുടംബത്തോടൊപ്പം പലരും ഇപ്പോൾ നാട്ടിലാണ് ഉള്ളത്. ഓണം കഴിഞ്ഞായിരിക്കും പലരും ഖത്തറിലേക്ക് പോകുന്നത്. നേരത്തെ സർവീസ് നടത്തിയിരുന്ന ഇൻഡിഗോ സർവീസ് കുറച്ചു. ടിക്കറ്റ് നിരക്ക് വലിയ രീതിയിൽ കുറഞ്ഞ സാഹചര്യത്തിലാണ് എയർ ഇന്ത്യ താൽക്കാലിക ആശ്വാസമായി രണ്ട് അധിക സർവിസ് പ്രഖ്യാപിച്ചത്.