Gulf

സുഡാനില്‍ നിന്നെത്തിയ പ്രവാസി ഇന്ത്യക്കാരി കാലാവധി കഴിഞ്ഞ പാസ്‌പോര്‍ട്ടുമായി റിയാദ് എയര്‍പോട്ടില്‍ അകപ്പെട്ടത് മൂന്നുദിവസം

Published

on

റിയാദ്: മൂന്ന് വര്‍ഷം മുമ്പ് കാലാവധി കഴിഞ്ഞ പാസ്‌പോര്‍ട്ടുമായി ഇന്ത്യയിലേക്ക് പോകാന്‍ സുഡാനില്‍ നിന്നെത്തിയ തെലങ്കാന സ്വദേശിനി റിയാദ് വിമാനത്താവളത്തില്‍ കുടുങ്ങിയത് മൂന്നുദിവസം. മലയാളി സാമൂഹികപ്രവര്‍ത്തകരുടെയും ഇന്ത്യന്‍ എംബസിയുടെയും അടിയന്തര ഇടപെടലിനെ തുടര്‍ന്നാണ് യാത്രാതടസം നീങ്ങിയത്.

ഹൈദരാബാദ് കുന്ദ ജഹാനുമ സ്വദേശിനി സെയ്ദ മലേക എന്ന 35 കാരിയാണ് ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ നിന്ന് ഇന്ത്യയിലേക്ക് വന്നത്. ഖാര്‍ത്തൂമില്‍ നിന്ന് സുഡാന്‍ എയര്‍വേയ്‌സില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് റിയാദിലെത്തിയത്. മൂന്ന് വര്‍ഷം മുമ്പ് കാലാവധി കഴിഞ്ഞ കാര്യം പരിശോധിക്കാതെയോ സംഘര്‍ഷ സാഹചര്യമായതിനാല്‍ കാലാവധി പരിഗണിക്കാതെയോ സുഡാന്‍ എയര്‍വേയ്‌സ് യാത്രാസൗകര്യം ഒരുക്കുകയായിരുന്നു.

റിയാദില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തിലാണ് ഹൈദരാബാദിലേക്ക് പോകേണ്ടിയിരുന്നത്. പാസ്‌പോര്‍ട്ട് കാലാവധി അവസാനിച്ചതിനാല്‍ ബോര്‍ഡിങ് പാസ് ലഭിച്ചില്ല. ട്രാന്‍സിറ്റ് യാത്രക്കാരി ആയതിനാല്‍ ടെര്‍മിനലില്‍ നിന്ന് പുറത്തുകടക്കാന്‍ അനുമതിയുമുണ്ടായിരുന്നില്ല. എന്ത് ചെയ്യണമെന്നറിയാതെ മൂന്നുദിവസം രാവും പകലും വിമാനത്താവളത്തില്‍ കഴിഞ്ഞു.

എയര്‍ ഇന്ത്യയുടെ വിമാനത്താവള ഉദ്യോഗസ്ഥന്‍ നൗഷാദിന്റെ ഇടപെടലാണ് പ്രശ്‌നപരിഹാരത്തിന് വഴിതുറന്നത്. ഭക്ഷണം എത്തിച്ചുകൊടുക്കുകയും വിവരം സാമൂഹികപ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് വഴി ഇന്ത്യന്‍ എംബസിയെ അറിയിക്കുകയും ചെയ്തു. എംബസിയുടെ പാസ്‌പോര്‍ട്ട് സിസ്റ്റത്തില്‍ പരിശോധിച്ചപ്പോള്‍ മലേകയുടെ വിവരങ്ങളൊന്നും അതിലുണ്ടായിരുന്നില്ല. കോണ്‍സുലര്‍ അറ്റാഷെ അര്‍ജുന്‍ സിങ് ഡല്‍ഹിയിലെ മന്ത്രാലയവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച രാത്രി എട്ടോടെ എമര്‍ജന്‍സി പാസ്‌പോര്‍ട്ട് ലഭ്യമാക്കി.

എമര്‍ജന്‍സി പാസ്‌പോര്‍ട്ട് ഉടന്‍ വിമാനത്താവളത്തിലെത്തിച്ച് മലേകക്ക് കൈമാറി. വെള്ളിയാഴ്ച വൈകീട്ട് നാലിനുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ മലേക നാട്ടിലേക്ക് തിരിച്ചു. ശിഹാബ് കൊട്ടുകാടിനൊപ്പം നൗഷാദ് ആലുവ, കബീര്‍ പട്ടാമ്പി, എംബസി ഉദ്യോഗസ്ഥരായ പുഷ്പരാജ്, ഫൈസല്‍ എന്നിവരും സഹായവുമായി രംഗത്തുണ്ടായിരുന്നു.

17 വര്‍ഷം മുമ്പ് സുഡാനി പൗരനെ വിവാഹം കഴിച്ചാണ് സെയ്ദ മലേക ഖാര്‍ത്തൂമിലേക്ക് പോയത്. സന്തുഷ്ട ജീവിതം നയിച്ചുവരുന്ന ദമ്പതികള്‍ക്ക് നാല് മക്കളുമുണ്ട്. പിതാവ് സെയ്ദ ഗൗസും മാതാവ് ഷഹീന്‍ ബീഗം ഉള്‍പ്പെടെയുള്ളവരെ കാണാന്‍ ഏഴ് വര്‍ഷം മുമ്പുവരെ കൃത്യമായ ഇടവേളകളില്‍ ഇന്ത്യയിലേക്ക് വരാറുണ്ടായിരുന്നു. 2020ല്‍ പാസ്‌പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞത് മലേക നേരത്തേ ശ്രദ്ധിച്ചിരുന്നില്ല. യാത്രാസമയത്ത് ഇത് മനസിലാക്കിയെങ്കിലും ഖാര്‍ത്തൂമില്‍ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം നിലച്ചതിനാല്‍ പുതുക്കാനായില്ല. സംഘര്‍ഷ സാഹചര്യത്തില്‍ സുഡാനില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ‘ഓപറേഷന്‍ കാവേരി’യെ കുറിച്ച് അവര്‍ അറിഞ്ഞിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version