Gulf

ദുബായില്‍ എത്തിയ വിമാനത്തില്‍ കരടിക്കുട്ടി കൂട് പൊളിച്ച് പുറത്ത്; വീഡിയോ വൈറൽ

Published

on

അബുദാബി: ഇറാഖില്‍ നിന്ന് ദുബായില്‍ എത്തിയ വിമാനത്തില്‍ കരടിക്കുട്ടി കൂട് പൊളിച്ച് പുറത്ത് ചാടി. ഇറാഖി എയര്‍വേസിൻ്റെ കാര്‍ഗോയില്‍ നിന്നാണ് കരടിക്കുട്ടി കൂടു പൊളിച്ച് പുറത്തിറങ്ങിയത്. വിമാനത്തിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കുന്ന കരടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പാസഞ്ചര്‍ ഫ്‌ളൈറ്റിലെ കാര്‍ഗോയില്‍ പ്രത്യേക കൂട്ടിലിട്ടാണ് ബാഗ്ദാദില്‍ നിന്ന് കരടിക്കുട്ടിയെ ദുബായിലേക്ക് കൊണ്ട് വന്നത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ലാന്റ് ചെയ്തതിന് ശേഷമാണ് ഇക്കാര്യം ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. പിന്നാലെ വിദഗ്ധ സംഘം എത്തി കരടിയെ മരുന്നു കുത്തിവച്ച് മയക്കിയാണ് പുറത്തെടുത്തത്. ഇതിന് ശേഷമാണ് യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കിയത്. അപ്രതീക്ഷിത സംഭവത്തെ തുടര്‍ന്ന് ദുബായിൽ നിന്ന് ഇറാഖിലേക്കുള്ള വിമാനത്തിന്റെ മടക്ക യാത്ര മണിക്കൂറുകളോളമാണ് വൈകിയത്.

സുരക്ഷാ പരിശോധനയില്‍ വിമാനത്തിന് ഒരു തരത്തിലുളള തകരാറും ഇല്ലെന്ന് ഉറപ്പ് വരുത്തിയശേഷമാണ് പിന്നീട് ദുബായിൽ നിന്ന് ഇറാഖിലേക്ക് യാത്ര പുറപ്പെട്ടത്. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഇറാഖി എയര്‍വേയ്സ് ഖേദം പ്രകടപ്പിക്കുകയും യാത്രക്കാരോട് ക്ഷമ ചോദിക്കുകയും ചെയ്തു. തങ്ങളുടെ നിയന്ത്രണത്തിന് അതീതമായ കാര്യങ്ങളാണ് കാല താമസത്തിന് കാരണമായതെന്ന് ഔദ്യാഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ ഇറാഖി എയര്‍വേയ്സ് വക്താവ് പറഞ്ഞു. എല്ലാ രാജ്യാന്തര നിയമങ്ങളും പാലിച്ചാണ് കരടിക്കുട്ടിയെ വിമാനത്തില്‍ എത്തിച്ചതെന്നും ഇറാഖി എയര്‍വേയ്‌സ് വ്യക്തമാക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version