Gulf

സൗദി യുവാവിന്റെ സാഹസികത; മലവെള്ളപ്പാച്ചിലില്‍ കാറില്‍ കുടുങ്ങിയ നാലു പേരെ ബുള്‍ഡോസറില്‍ രക്ഷപ്പെടുത്തി

Published

on

റിയാദ്: സൗദി അറേബ്യയില്‍ കഴിഞ്ഞ ദിവസമുണ്ടായ മഴയെ തുടര്‍ന്നുണ്ടായ ശക്തമായ ഒഴുക്കില്‍ പെട്ടുപോയ ഒരു വാഹനത്തിലെ നാലു പേരെ അതിസാഹസികമായി രക്ഷപ്പെടുത്തിയ സൗദി യുവാവ് താരമായി. സൗദിയിലെ ബിഷ പ്രവിശ്യയിലായിരുന്നു സംഭവം.

ശക്തമായ മഴയെ തുടര്‍ന്നാണ് ഇവിടത്തെ ജുവാബ താഴ്വരയില്‍ ശക്തമായ ഒഴുക്ക് രൂപപ്പെട്ടത്. മലമ്പ്രദേശങ്ങളില്‍ നിന്ന് ഒഴുകിയെത്തിയ ചെളിവെള്ളത്തില്‍ അതുവഴി യാത്ര ചെയ്യുകയായിരുന്ന ഒരു കാറില്‍ നാലു പേര്‍ കുടുങ്ങിപ്പോവുകയായിരുന്നു. ഇരുകരകളില്‍ നിന്നും ആളുകള്‍ നോക്കി നില്‍ക്കെയായിരുന്നു സംഭവം. ഒഴുക്കിന്റെ ശക്തിയില്‍ കാര്‍ ഒഴുകിപ്പോകുമെന്നായപ്പോള്‍ പൂര്‍ണമായി വെള്ളത്തില്‍ മുങ്ങിയ കാറിന്റെ മുകളിലേക്ക് കയറി നിന്ന നാലു പേര്‍ സഹായത്തിനായി അഭ്യര്‍ഥിക്കുകയായിരുന്നു.

ശക്തമായ ഒഴുക്കും ചെളിവെള്ളവുമായതിനാല്‍ ആളുകള്‍ക്ക് നീന്തി അവിടേക്കെത്തുക എളുപ്പമായിരുന്നില്ല. അവിടെയാണ് രക്ഷകനായി സൗദി യുവാവ് തന്റെ ബുള്‍ഡോസറുമായി അവതരിച്ചത്. അപകടകരമായ സാഹചര്യം വകവയ്ക്കാതെ അയ്ദ് ബിന്‍ ദഗാഷ് അല്‍ അക്ലാബി എന്ന സൗദി യുവാവ് തന്റെ ബുള്‍ഡോസറില്‍ രണ്ട് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വെള്ളത്തിലൂടെ സഞ്ചരിച്ച് കുടുങ്ങിക്കിടക്കുന്ന കാറിന്റെ അടുത്തേക്ക് അതിസാഹസികമായി എത്തുകയായിരുന്നു. ബുള്‍ഡോസറും വെള്ളത്തില്‍ അകപ്പെടുമോ എന്ന് തോന്നിപ്പോവുന്ന നിമിഷമായിരുന്നു അത്.

ബുള്‍ഡോസര്‍ എത്തിയ ഉടനെ അതിന്റെ ബ്ലേഡിലേക്ക് സിവില്‍ ഡിഫന്‍സ് ഉദദ്യോഗസ്ഥര്‍ ചേര്‍ന്ന് നാലുപേരെയും വലിച്ചു കയറ്റുകയായിരുന്നു. ഉടന്‍ തന്നെ പരമാവധി വേഗത്തില്‍ ശക്തമായ ഒഴുക്കിനെ മുറിച്ചു കടക്കാനുള്ള ശ്രമത്തില്‍ ബുള്‍ഡോസറില്‍ നിന്ന് ശക്തമായ പുക ഉയരുന്നത് കാണാമായിരുന്നു.

എന്നാല്‍ ഇരുകരകളിലും ശ്വാസം അടക്കിപ്പിടിച്ചു നോക്കിനില്‍ക്കുന്നവര്‍ക്ക് ആശ്വാസമായി എല്ലാവരെയും സുരക്ഷിതമായി കരയ്‌ക്കെത്തിക്കുവാന്‍ ഇദ്ദേഹത്തിന് സാധിച്ചു. സ്വന്തം ജീവന്‍ പണയപ്പെടുത്തി സഹജീവികളെ രക്ഷിക്കാനിറങ്ങിയ യുവാവിന്റെ രക്ഷാ പ്രവര്‍ത്തനത്തിന്റെ വീഡിയോ എക്‌സ് പ്ലാറ്റ്‌ഫോമില്‍ രണ്ടുലക്ഷത്തിലേറെ പേരാണ് കണ്ടത്. സൗദി യൂണിവേഴ്സിറ്റി ക്ലൈമറ്റ് പ്രൊഫസറും സൗദി വെതര്‍ ആന്‍ഡ് ക്ലൈമറ്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ അബ്ദുല്ല അല്‍ മിസ്നദ്, പരിസ്ഥിതി പ്രവര്‍ത്തകന്‍ സയീദ് അല്‍ സുഹൈമി എന്നിവരുള്‍പ്പെടെയുള്ള പ്രമുഖര്‍ അല്‍ അക്ലാബിയുടെ ധൈര്യത്തെ അഭിനന്ദിച്ചും മഴക്കാലത്ത് താഴ്വരകള്‍ മുറിച്ചുകടക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കിയും ഈ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version