Entertainment

ഷാരൂഖ് ഖാന് വധഭീഷണി; സുരക്ഷ കൂട്ടി മഹാരാഷ്ട്ര സർക്കാർ

Published

on

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന് വൈ പ്ലസ് ( Y+) കാറ്റ​​ഗറി സുരക്ഷ. താരത്തിന് നേരെ വധഭീഷണി ഉണ്ടായതിനെ തുട‌ർന്നാണ് അധിക സുരക്ഷ നൽകിയത്. അധിക സുരക്ഷയുടെ ചെലവ് ഷാരൂഖ് വഹിക്കും. സംസ്ഥാനത്തെ എല്ലാ പൊലീസ് കമ്മീഷണറേറ്റ്സിനും, ജില്ലാ പൊലീസ്, സ്‌പെഷ്യൽ പ്രൊട്ടക്ഷൻ യൂണിറ്റുകൾക്കും (എസ്‌പിയു) നടന് വൈ പ്ലസ് കാറ്റ​​ഗറി സുരക്ഷ നൽകാൻ മഹാരാഷ്ട്ര സ്റ്റേറ്റ് ഇന്റലിജൻസ് ഡിപ്പാർട്ട്‌മെന്റ് (എസ്‌ഐഡി) കഴിഞ്ഞ ദിവസം നിർദേശം നൽകി.

അടുത്തിടെ ചേർന്ന ഉന്നതാധികാര സമിതി യോഗത്തിൽ താരത്തിനെതിരായ ഭീഷണിയും സുരക്ഷയും അവലോകനം ചെയ്ത ശേഷമാണ് തീരുമാനമെടുത്തതെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. വൈ പ്ലസ് വിഭാഗത്തിൽ ആറ് കമാൻഡോകളും നാല് പോലീസുകാരും ഒരു ട്രാഫിക് ക്ലിയറൻസ് വാഹനവും ഉൾപ്പെടെ 11 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നടന് ലഭിക്കുക. പൊലീസുകാരെ അദ്ദേഹത്തിന്റെ വസതിയായ മന്നത്തിൽ നിയമിക്കുമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

ഈ വർഷം ആദ്യം പുറത്തിറങ്ങിയ ഷാരൂഖിന്റെ പഠാൻ എന്ന ചിത്രത്തിലെ ബേഷാരം രംഗ് എന്ന ഗാനത്തെച്ചൊല്ലിയുണ്ടായ വിവാദത്തിന് പിന്നാലെയാണ്, അയോധ്യ ആസ്ഥാനമായുള്ള ദർശകൻ പരംഹൻസ് ആചാര്യ നടന് വധഭീഷണി മുഴക്കിയത്. ഓഗസ്റ്റിൽ, ഓൺലൈൻ ഗെയിമിംഗ് ആപ്പുകളെ സെലിബ്രിറ്റികൾ പ്രോത്സാഹിപ്പിക്കുന്നതിനെതിരെയുള്ള പ്രതിഷേധത്തത്തിൽ ഷാരൂഖിന്റെ വീടിന് പുറത്ത് സുരക്ഷ ശക്തമാക്കിയിരുന്നു. 2010ൽ പുറത്തിറങ്ങിയ ‘മൈ നെയിം ഈസ് ഖാൻ’ എന്ന സിനിമയുടെ റിലീസിന് പിന്നാലെ ഭീഷണിയെ തുടർന്നാണ് ഇതിന് മുൻപ് അദ്ദേഹത്തിന്റെ സുരക്ഷ വർധിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version