റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ ആശുപത്രികളില്‍ ആദ്യ പരിശോധനയ്ക്കു ശേഷം വീണ്ടും ഡോക്ടറെ കാണാനെത്തുന്നത് രണ്ടാഴ്ചയ്ക്കുള്ളിലാണെങ്കില്‍ ഫീസ് നല്‍കേണ്ടതില്ലെന്ന് ഓര്‍മിപ്പിച്ച് മന്ത്രാലയം. ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടേഷന്‍ ഫീസ് സംബന്ധിച്ച നിയമങ്ങള്‍ സ്വകാര്യ ആശുപത്രികള്‍ പാലിക്കണമെന്നും നിര്‍ദേശിച്ചു.
പതിനാലു ദിവസത്തിനുള്ളില്‍ വീണ്ടും ഡോക്ടറെ കാണാനെത്തുമ്പോള്‍ രോഗികളില്‍ നിന്ന് കണ്‍സള്‍ട്ടേഷന്‍ ഫീസ് വാങ്ങരുതെന്ന് റിയാദ് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഈ ദിവസത്തിനുള്ളില്‍ സൗജന്യമായി വീണ്ടും ഡോക്ടറെ കാണാന്‍ രോഗിക്ക് അവകാശമുണ്ട്. സ്വകാര്യ ആശുപത്രികളില്‍ രോഗികളുടെ അവകാശങ്ങളും കടമകളും സംബന്ധിച്ച ചട്ടങ്ങളില്‍ ഇക്കാര്യം വ്യക്തമാക്കുന്നതായും റിയാദ് ആരോഗ്യ വകുപ്പ് പറഞ്ഞു.
മന്ത്രാലയം പ്രഖ്യാപിക്കുന്ന തീരുമാനങ്ങളും നിര്‍ദേശങ്ങളും പാലിക്കാന്‍ സ്വകാര്യ ആരോഗ്യ സ്ഥാപന നിയമത്തിലെ ഏഴാം ഖണ്ഡികയിലെ മൂന്നാം വകുപ്പ് അനുശാസിക്കുന്നുണ്ടെന്നും റിയാദ് ആരോഗ്യ വകുപ്പ് ഓര്‍മിപ്പിച്ചു.