റിയാദ്: സൗദിയും ചൈനയുമായുള്ള വ്യാപാര ബന്ധം കൂടുതല്‍ ശക്തമാകുന്നു. 2023ല്‍ ഇക്കാര്യത്തില്‍ റെക്കോഡ് വര്‍ധനവാണ് രേഖപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. 36200 കോടി റിയാലിന്റെ വ്യാപാരമാണ് കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നടന്നത്. വരും വര്‍ഷങ്ങളില്‍ ഇരു രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്ന് സൗദി നിക്ഷേപകാര്യ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. ചൈനയിലെ ഷിയാമെനില്‍ നടന്ന വ്യവസായങ്ങള്‍ക്കും നിക്ഷേപങ്ങള്‍ക്കും വേണ്ടിയുള്ള ആദ്യ ചൈന- ഗള്‍ഫ് സഹകരണ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2030ഓടെ മൂന്ന് ട്രില്യണ്‍ ഡോളറിലധികം നിക്ഷേപങ്ങള്‍ നേടാനുള്ള പദ്ധതിക്ക് സൗദി അറേബ്യ അംഗീകാരം നല്‍കിയതായും അദ്ദേഹം പ്രഖ്യാപിച്ചു.
ഫോറത്തില്‍, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന കൂട്ടായ സാമ്പത്തിക വിഭവങ്ങള്‍, തന്ത്രപരമായ ഘടകങ്ങള്‍, നേട്ടങ്ങള്‍ എന്നിവ മന്ത്രി അല്‍ ഫാലിഹ് എടുത്തുപറഞ്ഞു. സൗദി അറേബ്യേയുമായി മാത്രമല്ല, മറ്റ് ജിസിസി രാജ്യങ്ങളുമായും മികച്ച പങ്കാളിത്തത്തിനുള്ള അവസരം ചൈനയ്ക്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജിസിസി രാജ്യങ്ങളും ചൈനയും തമ്മിലുള്ള ഗുണകരമായ പങ്കാളിത്തത്തിനുള്ള സാധ്യതകളെ അദ്ദേഹം ഊന്നിപ്പറയുകയും അത് സാമ്പത്തിക, നിക്ഷേപ വിപുലീകരണത്തിനുള്ള മികച്ച അവസരങ്ങളിലേക്ക് നയിക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
സൗദിയും ചൈനയും തമ്മിലുള്ള ശക്തമായ വ്യാപാര ബന്ധവും മന്ത്രി സമ്മേളനത്തില്‍ ഊന്നിപ്പറഞ്ഞു. കൂടാതെ, ചൈനയിലെ നേരിട്ടുള്ള നിക്ഷേപത്തിലെ ഗണ്യമായ വളര്‍ച്ചയും അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2022-ല്‍ 5.1 ശതമാനം വര്‍ധനയും 2018-ല്‍ നിന്ന് 37.3 ശതമാനം വര്‍ധനയും ഉണ്ടായി. വിഷന്‍ 2030 പ്രകാരം സാമ്പത്തിക വളര്‍ച്ചയ്ക്കും വികസനത്തിനും സൗദി അറേബ്യയുടെ പ്രതിബദ്ധതയുമായി കൂടുതല്‍ യോജിപ്പിച്ച് നിക്ഷേപ സഹകരണം മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികള്‍ ചര്‍ച്ച ചെയ്യുന്നതിനായി വിവിധ ചൈനീസ് സര്‍ക്കാര്‍ ഏജന്‍സികളിലെയും പ്രമുഖ കമ്പനികളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി മന്ത്രി അല്‍ ഫാലിഹ് ഉഭയകക്ഷി ചര്‍ച്ചകളും നടത്തി.
അതിനിടെ, സൗദി അറേബ്യയുടെ സ്വകാര്യ മേഖലാ പദ്ധതികളില്‍ ചൈനയുടെ പങ്കാളിത്തം വര്‍ധിപ്പിക്കുമെന്ന് സൗദി ധനമന്ത്രി മുഹമ്മദ് അല്‍ ജദാന്‍ ബെയ്ജിംഗില്‍ നടന്ന ഉന്നത ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ച അറിയിച്ചു. നാഷണല്‍ സെന്റര്‍ ഫോര്‍ പ്രൈവറ്റൈസേഷന്‍ & പിപിപി ചെയര്‍മാന്‍ കൂടിയായ അല്‍ ജദാന്‍, പങ്കാളിത്ത സാധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ചൈനീസ് കമ്പനികളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് ചൈനയുമായി സഹകരിച്ചായിരുന്നു യോഗം സംഘടിപ്പിച്ചത്. എന്‍സിപി സ്ഥാപിതമായതുമുതല്‍ എട്ട് പ്രധാന മേഖലകളിലായി 60-ലധികം സ്വകാര്യവല്‍ക്കരണ, പങ്കാളിത്ത കരാറുകള്‍ ഇതുവരെ നല്‍കിയിട്ടുണ്ടെന്നും മൊത്തം മൂലധന നിക്ഷേപം 10 ബില്യണ്‍ ഡോളറില്‍ കൂടുതലാണെന്നും അദ്ദേഹം വെളിപ്പെടുത്തി. 2030-ഓടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ സ്വകാര്യമേഖലയുടെ സംഭാവന 40 ശതമാനത്തില്‍ നിന്ന് 65 ശതമാനമായി ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതാണ് വിഷന്‍ 2030 പദ്ധതികളെന്നും അദ്ദേഹം പറഞ്ഞു.