Gulf

ഖത്തറില്‍ ജനപ്രിയ മേഖലകളില്‍ താമസ കെട്ടിടങ്ങളുടെ വാടക കുത്തനെ കുറഞ്ഞു

Published

on

ദോഹ: ഖത്തറില്‍ ജനപ്രിയ മേഖലകളില്‍ താമസ കെട്ടിടങ്ങളുടെ വാടക കുത്തനെ കുറഞ്ഞതായി റിപ്പോര്‍ട്ട്. ഖത്തര്‍ ആതിഥ്യമരുളിയ 2022ലെ ഫിഫ ലോകകപ്പിന് ശേഷം റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് പ്രതീക്ഷിച്ചതു പോലെ തന്നെ വളര്‍ച്ചാ സ്തംഭനാവസ്ഥ നേരിടുകയാണെന്നും നൈറ്റ് ഫ്രാങ്ക് പുറത്തിറക്കിയ ‘ഡെസ്റ്റിനേഷന്‍ ഖത്തര്‍-2023’ റിപ്പോര്‍ട്ടില്‍ പറയുന്നു.

ബ്രിട്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നൈറ്റ് ഫ്രാങ്ക് ലോകത്തെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സികളിലൊന്നാണ്. ലോകകപ്പ് ആതിഥേയത്വത്തിലൂടെ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് പാര്‍പ്പിട മേഖലയായിരുന്നുവെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. 2010നും 2022നുമിടയില്‍ പാര്‍പ്പിട മേഖലയില്‍ 8.5 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു.

022ല്‍ അപ്പാര്‍ട്ടുമെന്റുകള്‍ക്കായുള്ള പ്രൈം റെസിഡന്‍ഷ്യല്‍ ലീസിങ് മാര്‍ക്കറ്റില്‍ വാര്‍ഷിക വാടക 22 ശതമാനത്തോളം വര്‍ധിച്ചിരുന്നു. ലോകകപ്പ് കഴിഞ്ഞതോടെ താമസ കെട്ടിടങ്ങളുടെ വാടക കുത്തനെ കുറയാന്‍ തുടങ്ങി. ഖത്തറിലെ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിന്റെ വളര്‍ച്ചാ സ്തംഭനാവസ്ഥ വേഗത്തിലായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏറ്റവുമധികം ആവശ്യക്കാരുള്ള ലുസൈലിന്റെ വാട്ടര്‍ഫ്രണ്ട്, ഫോക്‌സ് ഹില്‍സ് മേഖലയിലാണ് ആഘാതം കൂടുതല്‍ നേരിടുന്നത്. ഈ ജില്ലകളില്‍ യഥാക്രമം 23 ശതമാനവും 18 ശതമാനവും വാടക കുറഞ്ഞു. ഏറ്റവും ഉയര്‍ന്ന ത്രൈമാസ മൂല്യത്തകര്‍ച്ച അനുഭവിക്കുന്നതെന്നും നൈറ്റ് ഫ്രാങ്ക് ചൂണ്ടിക്കാട്ടി

കഴിഞ്ഞ 12 മാസത്തിനിടെ റെസിഡന്‍ഷ്യല്‍ സെയില്‍സ് ഇടപാടുകളുടെ എണ്ണത്തില്‍ 36 ശതമാനം കുറവുണ്ടായി. റെസിഡന്‍ഷ്യല്‍ ഇടപാടുകളുടെ മൊത്തം മൂല്യം 24 ശതമാനം കുറയുകയും ചെയ്തു. എന്നാല്‍ രാജ്യത്തെ സമ്പദ്‌വ്യവസ്ഥ നല്ല നിലയിലാണെന്നതിനാല്‍ ചില ഘടകങ്ങള്‍ വീണ്ടും അനുകൂലമായി മാറാന്‍ തുടങ്ങുമെന്ന് ഖത്തരി ഡെവലപ്പര്‍മാര്‍ പ്രതീക്ഷിക്കുന്നു.

വാടക കുത്തനെ ഇടിഞ്ഞത് ഭൂവുടമകളെ മത്സരാധിഷ്ഠിതമായി തുടരുന്നത് സമ്മര്‍ദത്തിലാക്കുമെന്ന് നൈറ്റ് ഫ്രാങ്കിലെ മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്കയിലെ റിസര്‍ച്ച് മേധാവിയും പങ്കാളിയായ ഫൈസല്‍ ദുറാനി വിലയിരുത്തുന്നു. ഖത്തറിലെ ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍ റെസിഡന്‍ഷ്യല്‍ ഏറ്റെടുക്കലിനായി ലുസൈലിനെയാണ് ഇഷ്ടപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ ഫിഫ ലോകകപ്പിന് ശേഷം പാര്‍പ്പിട നിര്‍മാണം മേഖലയില്‍ മാന്ദ്യം പ്രതീക്ഷിക്കപ്പെട്ടിരുന്നു. ഇതിന് ഇടയാക്കുന്ന എല്ലാ ഘടകങ്ങളിലും വലിയ ബില്‍ഡ് അപ്പ് ഖത്തര്‍ രേഖപ്പെടുത്തി. പതിനായിരക്കണക്കിന് പുതിയ വീടുകള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടപ്പോള്‍ വിതരണ-ഡിമാന്‍ഡ് അസന്തുലിതാവസ്ഥ ഉണ്ടായി. പലിശനിരക്കുകള്‍ വര്‍ധിക്കുകയും ചെയ്തതോടെ മാര്‍ക്കറ്റ് ചുരുങ്ങുന്നതിനും ഭവന വില്‍പ്പനയുടെ അളവിനെ ബാധിക്കുന്നതിനും പാര്‍പ്പിട കെട്ടിടങ്ങളുടെ വില കുറയുന്നതിനും കാരണമായതായും ദുറാനി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version