ദോഹ: ഇസ്രായേല്‍- ഫലസ്തീന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥ ശ്രമങ്ങളുമായി ഖത്തര്‍. ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്ന 36 ഫലസ്തീന്‍ സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുന്നതിന് പകരമായി ഗാസയില്‍ ഹമാസ് സംഘം തടവിലാക്കിയ ഇസ്രായേല്‍ സ്ത്രീകളെയും കുട്ടികളെയും വിട്ടയക്കുന്ന കാര്യത്തിലാണ് ഖത്തറിന്റെ നേതൃത്വത്തില്‍ മധ്യസ്ഥ ശ്രമങ്ങള്‍ ആരംഭിച്ചതെന്ന് ഖത്തര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.
അമേരിക്കയുടെ കൂടി സഹകരണത്തോടെയാണ് ഖത്തര്‍ മധ്യസ്ഥ ചര്‍ച്ചകള്‍ ഇരുവിഭാഗമായി നടത്തിവരുന്നത്. ശനിയാഴ്ച തന്നെ ആരംഭിച്ച മധ്യസ്ഥ ശ്രമങ്ങള്‍ നല്ല രീതിയില്‍ മുന്നേറുകയാണെന്നും താമസിയാതെ ഇക്കാര്യത്തില്‍ സമവായത്തില്‍ എത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
മേഖലയില്‍ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കുക, തടവുകാരെ മോചിപ്പിക്കുക, കൂടുതല്‍ പ്രദേശങ്ങളിലേക്ക് സംഘര്‍ഷം വ്യാപിക്കുന്നത് തടയുക എന്നീ ലക്ഷ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടാണ് തങ്ങളുടെ മധ്യസ്ഥ ചര്‍ച്ചകള്‍ മുന്നോട്ടുപോകുന്നതെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അല്‍ അന്‍സാരി റോയിട്ടേഴ്സിനോട് പറഞ്ഞു. അതേസമയം, ഖത്തറിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ നടക്കുന്നതായുള്ള റിപ്പോര്‍ട്ട് ഇസ്രായേല്‍ അധികൃതര്‍ നിഷേധിച്ചു. അതേസമയം, ഇരുവിഭാഗവും തമ്മിലെ സംഘര്‍ഷത്തിന് അയവുവരാത്തതാണ് സമവായ ചര്‍ച്ച ലക്ഷ്യത്തിലെത്തിക്കുന്നതിന് വിഘാതമായി നില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മധ്യസ്ഥ ശ്രമത്തിന്റെ ഭാഗമായി ദോഹയിലെയും ഗാസയിലെയും ഹമാസ് ഉദ്യോഗസ്ഥരുമായി ഖത്തര്‍ ബന്ധപ്പെട്ടതായും റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം, ഫലസ്തീന്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെടുന്ന 36 സ്ത്രീകളുടെയും കുട്ടികളുടെയും വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേപോലെ, ഹമാസിന്റെ കൈവശം ബന്ദികളായി കഴിയുന്ന ഇസ്രായേലി സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണവും വ്യക്തമായിട്ടില്ല. കുട്ടികളും സ്ത്രീകളും വയോജനങ്ങളും സൈനികരും ഉള്‍പ്പെടെ നൂറുകണക്കിനാളുകളെ ഹമാസ് സംഘം പിടിച്ചുകൊണ്ടുപോയതായാണ് വിവരം. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് ഗസയുടെ നിയന്ത്രണമുള്ള ഹമാസ് പട്ടാളക്കാര്‍ ഇസ്രായേല്‍ പ്രദേശത്തേക്ക് ഇരച്ചുകയറി ആക്രമണം നടത്തിയത്. സംഘര്‍ഷത്തില്‍ ഇസ്രായേലില്‍ നിന്ന് 900ത്തിലേറെ പേരും ഫലസ്തീനില്‍ നിന്ന് അറുനൂറോളം പേരും ഇതിനകം കൊല ചെയ്യപ്പെട്ടിട്ടുണ്ട്.
ഹമാസുമായി നേരിട്ടുള്ള ആശയവിനിമയമുള്ള രാജ്യമാണ് ഖത്തര്‍. ഹമാസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക് ഖത്തര്‍ അഭയം നല്‍കിയിട്ടുണ്ട്. ഇതിനു മുമ്പും ഇസ്രയേലും ഹമാസുമായുള്ള പ്രതിസന്ധികള്‍ പരിഹരിക്കുന്നതില്‍ ഖത്തര്‍ മധ്യസ്ഥത വഹിച്ചിരുന്നു. ആഗോള തലത്തില്‍ മധ്യസ്ഥ ശ്രമങ്ങളുടെ പേരില്‍ ഏറെ പേരുകേട്ട രാജ്യമാണ് ഖത്തര്‍. അമേരിക്കയും ഇറാനും തമ്മില്‍ കഴിഞ്ഞ മാസം നടന്ന തടവുകാരുടെ കൈമാറ്റത്തില്‍ മധ്യസ്ഥത വഹിച്ചതും ഖത്തറായിരുന്നു. താലിബാനും ലോക രാഷ്ട്രങ്ങള്‍ക്കുമിടയില്‍ ഖത്തര്‍ വഹിച്ച മധ്യസ്ഥ ശ്രമങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.