Sports

അൽനസറിന് വേണ്ടിയല്ല, ക്രിസ്റ്റ്യാനോ മറ്റൊരു സുപ്രധാന മത്സരത്തിനായി ഒരുങ്ങുന്നു; സന്തോഷം പങ്കുവെച്ച് താരം

Published

on

സൗദി പ്രോ ലീഗിൽ അൽ നസറിന് (Al Nassr) വേണ്ടി തക‍ർപ്പൻ പ്രകടനം നടത്തുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ (Cristiano Ronaldo) ഇനി പോർച്ചുഗലിൻെറ (Portugal) ദേശീയ ടീമിന് വേണ്ടിയും കളിക്കാൻ ഒരുങ്ങുകയാണ്. കഴി‍ഞ്ഞ ലോകകപ്പിൽ താരത്തെ ഫെ‍ർണാണ്ടോ സാൻേറാസ് എന്ന പരിശീലകൻ പുറത്തിരുത്തിയത് സങ്കടകരമായ കാഴ്ചയായിരുന്നു. ലോകകപ്പിൽ എവിടെയുമെത്താതെ പോ‍ർച്ചുഗൽ പുറത്താവുകയും ചെയ്തു.

ഇപ്പോഴിതാ താരത്തിന് പോ‍ർച്ചുഗൽ ദേശീയ ടീമിൽ നിന്ന് വിളി വന്നിരിക്കുകയാണ്. യൂറോ 2024 യോഗ്യതാ മത്സരങ്ങൾക്കുള്ള പോ‍ർച്ചുഗൽ ടീമിൽ താരം സ്ഥാനം പിടിച്ചിട്ടുണ്ട്. ഒരു പക്ഷേ ദേശീയ ടീമിന് വേണ്ടി റൊണാൾഡോയുടെ അവസാനത്തെ പ്രധാനപ്പെട്ട ടൂർണമെൻറായി ഇത് മാറിയേക്കും. റോബ‍ർട്ടോ മാർട്ടിനെസാണ് പോ‍ർച്ചുഗലിൻെറ പുതിയ പരിശീലകൻ.

ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ റോബർട്ടോ മാർട്ടിനെസിന് അധികമൊന്നും ചിന്തിക്കേണ്ട കാര്യമുണ്ടായില്ല. 38കാരനായ താരത്തിന് ടീമിന് വേണ്ടി ഇനിയും സംഭാവന ചെയ്യാൻ സാധിക്കുമെന്നാണ് കോച്ചിൻെറ പ്രതീക്ഷ. സെപ്തംബർ 8ന് സ്ലൊവാക്യക്കെതിരെയാണ് യൂറോ ക്വാളിഫയറിൽ പോ‍ർച്ചുഗലിൻെറ മത്സരം. ലക്സംബെർഗിൽ വെച്ചാണ് മത്സരം നടക്കുക.

ആദ്യത്തെ രണ്ട് ക്വാളിഫയിങ് മത്സരത്തിലും ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിന് വേണ്ടി ഇറങ്ങുമെന്നാണ് കരുതുന്നത്. ദേശീയ ടീമിൽ കളിക്കുന്നതിൻെറ സന്തോഷം പങ്കുവെച്ചു കൊണ്ട് താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇടുകയും ചെയ്തിട്ടുണ്ട്. “നാട്ടിലെത്തിയത് ഏറെ ആവേശവും സന്തോഷവും പകരുന്ന കാര്യമാണ്. അടുത്ത രണ്ട് മത്സരങ്ങളിലും ടീമിൻെറ വിജയത്തിന് വേണ്ടി കഴിയുന്നതെല്ലാം ചെയ്യാനുറപ്പിച്ചാണ് എത്തിയിരിക്കുന്നത്. യൂറോ 2024ലേക്കുള്ള ഞങ്ങളുടെ യാത്ര ഇതാ ആരംഭിക്കുകയാണ്,” ക്രിസ്റ്റ്യാനോ റൊണാൾഡോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

വർഷങ്ങളായി പോർച്ചുഗൽ ദേശീയ ടീമിൻെറ നട്ടെല്ലാണ് റൊണാൾഡോ. കഴിഞ്ഞ ലോകകപ്പോടെ റൊണാൾഡോ ഇനി ദേശീയ ടീമിലേക്ക് തിരിച്ചുവരവ് നടത്തില്ലെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ അപ്രതീക്ഷിതമായാണ് യൂറോ കപ്പ് ടീമിലേക്ക് താരം എത്തിയിരിക്കുന്നത്. ക്വാളിഫയർ കഴിഞ്ഞ് ടീം യൂറോ കപ്പിന് യോഗ്യത നേടിയാൽ താരം ടൂർണമെൻറിലും കളിക്കാനാണ് സാധ്യത.

ഇത്തവണത്തെ സൗദി പ്രോ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മികച്ച ഫോമിലാണ് കളിക്കുന്നത്. ആദ്യ രണ്ട് കളി തോറ്റ ടീം പിന്നീട് തുട‍ർച്ചയായി മൂന്ന് മത്സരം ജയിച്ചാണ് തിരിച്ചുവരവ് നടത്തിയത്. ഹാട്രിക്കടക്കം ആകെ ആറ് ഗോളുമായി ഗോൾ വേട്ടയിൽ ഒന്നാം സ്ഥാനത്ത് പോർച്ചുഗൽ സൂപ്പ‍ർതാരമാണ്. നാല് അസിസ്റ്റുമായി ഏറ്റവും കൂടുതൽ അസിസ്റ്റ് നേടിയവരുടെ പട്ടികയിലും ക്രിസ്റ്റ്യാനോ റൊണാൾഡോ ഒന്നാം സ്ഥാനത്ത് തന്നെയുണ്ട്. അവസാനത്തെ മൂന്ന് മത്സരങ്ങിലും താരം ഗോൾ നേടുകയും ചെയ്തിട്ടുണ്ട്.

കരിയറിൽ 850 ഗോൾ തികയ്ക്കുന്ന ലോകത്തിലെ ആദ്യ ഫുട്‌ബോളർ എന്ന അപൂർവ നേട്ടത്തിലേക്കും റൊണാൾഡോ നടന്ന് കയറി. അൽ ഹസം എഫ് സിക്ക് എതിരായ മത്സരത്തിൽ ഗോൾ നേടിയാണ് താരം ഈ നേട്ടം കൈവരിച്ചത്. കരിയറിൽ ഇതുവരെ ദേശീയ ടീമായ പോര്‍ച്ചുഗലിനായി 123 ഗോളുകളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയിട്ടുള്ളത്.

അതേസമയം ക്ലബ് ഫുട്ബോളിൽ സ്പാനിഷ് വമ്പൻമാരായ റയല്‍ മാഡ്രിഡിനായി 450, പ്രീമിയർ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്സിക്കു വേണ്ടി 145, ഇറ്റാലിയൻ ലീഗിൽ യുവന്റസ് ജഴ്‌സിയില്‍ 101, നിലവിൽ സൗദി ക്ലബ്ബായ അല്‍ നസര്‍ എഫ്സിക്കു വേണ്ടി 26, പോർച്ചുഗീസ് ക്ലബ്ബായ സ്‌പോര്‍ട്ടിംഗ് സിപിക്കു വേണ്ടി അഞ്ച് എന്നിങ്ങനെയാണ് റൊണാൾഡോ ഗോളടിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version