കോഴിക്കോട്: നിപ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങളിലെ വിദ്യാർഥികൾക്കായി ഓൺലൈൻ ക്ലാസുകൾ ഏർപ്പെടുത്താൻ തീരുമാനം. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സർക്കാർ നിർദേശം നൽകി.
കണ്ടെയ്ൻമെന്റ് സോണിൽപ്പെട്ട മുഴുവൻ വിദ്യാലയങ്ങളിലെയും കുട്ടികൾക്ക് വീട്ടിലിരുന്ന് പഠനം തുടരാവുന്ന രീതിയിൽ ഓൺലൈൻ ക്ലാസ് സംവിധാനം ഒരുക്കാനാണ് നിർദേശം. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. ഇതുപ്രകാരമുള്ള തുടർനടപടികൾ വിദ്യാഭ്യാസവകുപ്പ് അടിയന്തരമായി സ്വീകരിക്കുമെന്നാണ് വിവരം.
സംസ്ഥാന സാക്ഷരതാ മിഷന്റെ പത്താംതരം തുല്യതാ പരീക്ഷ വിവിധ കേന്ദ്രങ്ങളിലായി നടന്നുവരികയാണ്. കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ട സെന്ററുകളിലെ പരീക്ഷകൾ പിന്നീട് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. മറ്റ് കേന്ദ്രങ്ങളിലെ പരീക്ഷകൾ മാറ്റമില്ലാതെ തുടരുമെന്നും അധികൃതർ അറിയിച്ചു.
കോഴിക്കോട് ജില്ലയിലെ ഏഴു പഞ്ചായത്തുകളിലായി 43 വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ളത്. ഇവിടങ്ങളിലെ സ്‌കൂളുകൾക്കും അംഗനവാടികൾക്കും സർക്കാർ – അർധസർക്കാർ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ തുറന്നുപ്രവർത്തിക്കാൻ പാടില്ലെന്നാണ് നിർദേശം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വില്ലേജ് ഓഫീസുകളും മിനിമം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാം. എന്നാൽ ഇവിടങ്ങളിൽ പൊതുജനങ്ങൾ എത്തുന്നത് ഒഴിവാക്കി പരമാവധി ഓൺലൈൻ സേവനങ്ങൾ പ്രോത്സാഹിപ്പിക്കണമെന്നും ജില്ലാഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.