ഡൽഹി: ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി ചോർന്നതായി സംശയം. സെപ്റ്റംബർ 23ന് തുടങ്ങുന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇറങ്ങുക പുതിയ ജേഴ്സിയിലെന്നാണ് സൂചന. ഇതിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ വൈവിധ്യത്തെയും ഏകത്വത്തെയും സൂചിപ്പിക്കുന്നതാണ് ജഴ്സി. രാജ്യത്തെ വ്യത്യസ്ത കലാരൂപങ്ങൾ ജഴ്സിയിൽ പ്രതിനിധീകരിക്കുന്നുണ്ട്.
ചൊവ്വാഴ്ച ഇന്ത്യൻ താരങ്ങൾക്കുള്ള ഏഷ്യൻ ഗെയിംസ് വേദിയിലെ കിറ്റ് ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ വിതരണം ചെയ്തിരുന്നു. ഇതൊരു യൂണിഫോം അല്ലെന്നും രാജ്യത്തിന്റെ അഭിമാനമായ അത്‌ലറ്റുകള്‍ക്കുള്ള ആദരവാണെന്നും കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ പറഞ്ഞിരുന്നു. ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ചരിത്ര നേട്ടം കൈവരിക്കുമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കിയിരുന്നു.
ഇതാദ്യമായാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഏഷ്യൻ ഗെയിംസിന് തയ്യാറെടുക്കുന്നത്. റുതുരാജ് ഗെയ്‌ക്‌വാദ് നയിക്കുന്ന യുവനിരയാണ് ഇത്തവണ ഇന്ത്യയെ നയിക്കുന്നത്. രാജ്യത്ത് വലിയ സ്വാധീനമുള്ള ക്രിക്കറ്റിലൂടെ ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ സ്വന്തമാക്കുകയാണ് ഇന്ത്യൻ ടീമിന്റെ ലക്ഷ്യം.