Entertainment

‘മാത്യുവിനോട് അച്ഛൻ ചെയ്ത തെറ്റ് ഞാൻ ചെയ്യില്ലെന്ന് അമ്മ പറഞ്ഞു’; കാതലിന് നന്ദി പറഞ്ഞ് ക്വീർ വ്യക്തി

Published

on

മമ്മൂട്ടിയെയും ജ്യോതികയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ ദ കോർ എന്ന സിനിമ ഒടിടി റിലീസിന് ശേഷവും ചർച്ചാ വിഷയമാവുകയാണ്. ആമസോൺ പ്രൈമിലൂടെ സ്ട്രീമിങ് ആരംഭിച്ചതിന് പിന്നാലെ സിനിമയെ പ്രശംസിച്ച് നിരവധിപ്പേർ രം​ഗത്തെത്തുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് ഒരു ക്വീർ വ്യക്തി പങ്കുവെച്ച പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.

തമിഴ്നാട് സ്വദേശിയായ ശ്രീ കൃഷ്ണ എന്ന വ്യക്തിയാണ് സിനിമയെയും ജിയോ ബേബിയെയും പ്രശംസിച്ച് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ‘കാതൽ ദ കോർ കണ്ടത്തിന് ശേഷം അമ്മ എന്നെ വിളിച്ചു. ആശ്വസിപ്പിക്കാനാവാത്ത വിധമായിരുന്നു അമ്മയുടെ മാനസികാവസ്ഥ. ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ അവർ പൊട്ടിക്കരഞ്ഞു. എന്നിട്ട് “മാത്യുവിനോട് അച്ഛൻ ചെയ്ത തെറ്റ് ഞാൻ ചെയ്യില്ല” എന്ന് പറഞ്ഞു. ഈ സിനിമ എന്റെ അമ്മയ്ക്ക് മനസ്സിലാക്കി കൊടുത്തു. ജിയോ ബേബിക്ക് നന്ദി,’ ശ്രീ കൃഷ്ണ കുറിച്ചു.
കഴിഞ്ഞ ദിവസം കാതലിനെ പ്രശംസിച്ച് ദി ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനം ചര്‍ച്ചയായിരുന്നു. മമ്മൂട്ടി അവതരിപ്പിച്ച സ്വവർഗാനുരാഗിയായ കഥാപാത്രത്തെയും നടന്റെ അഭിനയ മികവിനെയും ന്യൂയോർക് ടൈംസ് പ്രശംസിച്ചിരുന്നു. ലോകത്തിന് മുന്നിൽ മലയാള സിനിമ എന്തെന്ന് വരച്ചു കാട്ടുന്ന ഒടുവിലത്തെ ഉദാഹരണമാണ് കാതലെന്നും ലേഖനത്തിൽ പറയുന്നു.

ഗോവയില്‍ നടന്ന ഐഎഫ്എഫ്ഐയിലും കേരള രാജ്യാന്തര ചലച്ചിത്രമേളയിലും കാതലിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. നവംബര്‍ 23 നാണ് കാതൽ തിയേറ്ററിൽ റിലീസ് ചെയ്തത്. മമ്മൂട്ടിയുടെ പ്രകടനത്തിനോടൊപ്പം നിരവധി കഥാപാത്രങ്ങളുടെ പെർഫോമൻസും മികച്ചു നിൽക്കുന്നതാണ്.

സുധി കോഴിക്കോട്, ചിന്നു ചാന്ദ്നി, മുത്തുമണി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ആദർശ് സുകുമാരൻ, പോൾസൺ സക്കറിയ എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ ഛായാഗ്രാഹണം സാലു കെ തോമസാണ്. മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രം വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version