2023 ൽ മലയാള സിനിമാപ്രേമികൾ ഏറെ ചർച്ച ചെയ്‌ത സിനിമയാണ് മമ്മൂട്ടിയെയും ജ്യോതികയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ ദ കോർ. നിരൂപക-പ്രേക്ഷക പ്രശംസ നേടിയ സിനിമ ഒടിടി റിലീസിനൊരുങ്ങുകയാണ്. ചിത്രം ഇന്ന് രാത്രി 12 മണി മുതൽ ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക.
കഴിഞ്ഞ ദിവസം കാതലിനെ പ്രശംസിച്ച് ദി ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനം ചര്‍ച്ചയായിരുന്നു. മമ്മൂട്ടി അവതരിപ്പിച്ച സ്വവർഗാനുരാഗിയായ കഥാപാത്രത്തെയും നടന്റെ അഭിനയ മികവിനെയും ന്യൂയോർക് ടൈംസ് പ്രശംസിച്ചിരുന്നു. ലോകത്തിന് മുന്നിൽ മലയാള സിനിമ എന്തെന്ന് വരച്ചു കാട്ടുന്ന ഒടുവിലത്തെ ഉദാഹരണമാണ് കാതലെന്നും ലേഖനത്തിൽ പറയുന്നു.
ഗോവയില്‍ നടന്ന ഐഎഫ്എഫ്ഐയിലും കേരള രാജ്യാന്തര ചലച്ചിത്രമേളയിലും കാതലിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. നവംബര്‍ 23 നാണ് കാതൽ തിയേറ്ററിൽ റിലീസ് ചെയ്തത്. മമ്മൂട്ടിയുടെ പ്രകടനത്തിനോടൊപ്പം നിരവധി കഥാപാത്രങ്ങളുടെ പെർഫോമൻസും മികച്ചു നിൽക്കുന്നതാണ്.
സുധി കോഴിക്കോട്, ചിന്നു ചാന്ദ്നി, മുത്തുമണി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ആദർശ് സുകുമാരൻ, പോൾസൺ സക്കറിയ എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ ഛായാഗ്രാഹണം സാലു കെ തോമസാണ്. മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രം വിതരണം ചെയ്യുന്നത് ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസാണ്.