കൊച്ചി: തൃപ്പൂണിത്തുറ മീനാക്ഷി ഏജന്‍സീസ് കത്തിക്കുന്നതിന് മുന്‍പ് പ്രതി രാജേഷ് നടത്തിയ ഫേസ്ബുക്ക് ലൈവ് വീഡിയോ സോഷ്യല്‍മീഡിയയില്‍ ‘വൈറല്‍’. ലോട്ടറി കച്ചവട മേഖലയില്‍ കുത്തക മുതലാളിത്വം അനുവദിക്കില്ലെന്ന് പറഞ്ഞുകൊണ്ടാണ് രാജേഷ് ലോട്ടറി കട പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. റിയല്‍ കമ്യൂണിസം, ഇഎംഎസ് ഭരിച്ച ആ കമ്യൂണിസമാണ് നമുക്ക് വേണ്ടത്. ജനങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന സഖാക്കളെയാണ് നമുക്ക് ആവശ്യം. അല്ലാതെ ജനങ്ങളെ പോക്കറ്റിടിക്കുന്ന സഖാക്കളെ അല്ല നമുക്ക് ആവശ്യമെന്നും ലൈവില്‍ രാജേഷ് പറഞ്ഞു.
തൃപ്പൂണിത്തുറ കിഴക്കേക്കോട്ട റോഡില്‍ മീനാക്ഷി ലോട്ടറീസില്‍ ഇന്നലെ വൈകീട്ട് 5.40നായിരുന്നു സംഭവം. ഒന്നരലക്ഷത്തോളം രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്. രാജേഷ് തീ കൊളുത്തി മടങ്ങിയ ശേഷം ജീവനക്കാര്‍ ഉടന്‍ തന്നെ വെളളം ഒഴിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. കടയിലുണ്ടായിരുന്ന ജീവനക്കാരുടെ ശരീരത്തിലും പെട്രോള്‍ വീണിരുന്നു.