മദീന: സൗദി അറേബ്യയില്‍ മതിയായ കാരണമില്ലാതെ ജീവനക്കാരനെ പിരിച്ചുവിട്ട കേസില്‍ സ്ഥാപനത്തിനെതിരെ ലേബര്‍ കോടതി വിധി. പിരിച്ചുവിട്ട ബാങ്ക് ജീവനക്കാരന് 2,78,000 റിയാല്‍ (61.69 ലക്ഷത്തോളം രൂപ) നഷ്ടപരിഹാരം നല്‍കാന്‍ മദീന ലേബര്‍ കോടതി ഉത്തരവിട്ടു.
അന്യായമായി പിരിച്ചുവിട്ടതിനാല്‍ കരാര്‍ കാലാവധി തീരുന്നതു വരെയുള്ള ശമ്പളം നല്‍കാന്‍ തൊഴിലുടമ ബാധ്യസ്ഥനാണെന്ന് കോടതി വ്യക്തമാക്കി. ഇതോടൊപ്പം അവധി ദിനങ്ങളിലെ ശമ്പളം, സര്‍വീസ് ആനുകൂല്യങ്ങളും കണക്കാക്കിയാണ് 2,78,000 റിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്. ഉദ്യോഗത്തിലുണ്ടായിരുന്ന 12 വര്‍ഷത്തെ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും ലേബര്‍ കോടതി ബാങ്കിന് നിര്‍ദേശം നല്‍കി.
ന്യായമായ കാരണം കൂടാതെയാണ് പിരിച്ചുവിട്ടതെന്നും സര്‍വീസ് ആനുകൂല്യങ്ങളോ കരാറില്‍ ബാക്കിയുള്ള മാസങ്ങളിലെ ശമ്പളമോ വാര്‍ഷികാവധിയുടെ തുകയോ നല്‍കിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മുന്‍ ജീവനക്കാരന്‍ കോടതിയെ സമീപിച്ചത്. മദീനയിലെ ഒരു ബാങ്കിനെതിരെയാണ് പിരിച്ചുവിടപ്പെട്ട ജീവനക്കാരിലൊരാള്‍ ലേബര്‍ കോടതിയെ സമീപിച്ചത്.
പിരിച്ചുവിടപ്പെട്ട ജീവനക്കാരന്‍ യാതൊരു വിധ ആനുകൂല്യങ്ങളും അര്‍ഹിക്കുന്നില്ലെന്നായിരുന്നു ബാങ്ക് പ്രതിനിധി കോടതിയില്‍ വാദിച്ചത്. ചെക്കുകള്‍ മാറുന്നതിലെ നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ ഉദ്യോഗസ്ഥന്‍ വീഴ്ചവരുത്തിയിട്ടുണ്ടെന്നും വാര്‍ഷികാവധിക്കുപകരം ലീവെടുത്തിട്ടുണ്ടെന്നും ബാങ്ക് വിശദീകരിച്ചു. എന്നാല്‍ അന്തിമ വിധി ബാങ്ക് ജീവനക്കാരന് അനുകൂലമാവുകയായിരുന്നു.