റിയാദ്: സൗദിയില്‍ അടുത്തിടെ കണ്ടെത്തിയ രാജ്യത്തെ ഏറ്റവും നീളം കൂടിയ ഗുഹയായ അബുല്‍ ഉവൈല്‍ വിനോദസഞ്ചാരികള്‍ക്കായി തുറക്കുന്നു. വടക്കന്‍ മദീനയില്‍ ഖൈബര്‍ പര്‍വതനിരകളില്‍ സൗദി ജിയോളജിക്കല്‍ സര്‍വേ (എസ്ജിഎസ്) ആണ് ഗുഹ കണ്ടെത്തിയിരുന്നത്.
ജിയോളജിക്കല്‍ ടൂറിസ്റ്റ് കേന്ദ്രമായി അബുല്‍ ഉവൈല്‍ ഗുഹയെ മാറ്റുന്നത് സംബന്ധിച്ച് പഠനം നടന്നുവരികയാണ്. അഞ്ച് കിലോമീറ്ററുള്ള ബസാള്‍ട്ട് ഗുഹയാണിത്. പ്രത്യേകതരം കറുത്ത പാറക്കല്ലുകള്‍ തുരന്നാണ് ഗുഹയുണ്ടാക്കിയിട്ടുള്ളത്. അബുല്‍ ഉവൈല്‍ ഗുഹയിലെ ടൂറിസം സാധ്യതയെക്കുറിച്ച് പ്രത്യേക ജിയോളജിക്കല്‍ സംഘം സാങ്കേതിക പഠനം നടത്തിവരികയാണെന്ന് എസ്ജിഎസ് വക്താവ് താരിഖ് അബാല്‍ഖൈല്‍ പറഞ്ഞു.
ബിസി 400 കാലഘട്ടത്തില്‍ നിര്‍മിച്ച ഈ ഗുഹയില്‍ നിന്ന് മലനിരകളില്‍ കണ്ടുവരുന്ന പ്രത്യേക ഇനം ആടുകളുടെ ധാരാളം അസ്ഥികൂടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അബു അല്‍വോല്‍ എന്ന് പേരിട്ടത്. മധ്യേഷ്യയുടെ ഭാഗങ്ങളിലും എത്യേപ്യയിലും പര്‍വതങ്ങളില്‍ കാണപ്പെടുന്ന നീളമുള്ളതും കട്ടിയുള്ള കൊമ്പുകളും താടിയുമുള്ള കാട്ട് ആടാണിത്. ജിയോടൂറിസം വകുപ്പിന്റെ ജിയോപാര്‍ക്ക് പദ്ധതികളുമായി ചേര്‍ന്നുനില്‍ക്കുന്ന ഒരു പ്രധാന വിനോദസഞ്ചാര ആകര്‍ഷണമാണ് ഈ ഗുഹ.
കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യത്ത് 300 ഗുഹകളാണ് കണ്ടെത്തിയത്. അവയില്‍ ഭൂരിഭാഗവും റിയാദിന്റെ വടക്ക് മധ്യമേഖല, അല്‍സമ്മാന്‍, കിഴക്കന്‍ മേഖല, അല്‍ഹറാത്ത് മേഖല എന്നിവിടങ്ങളിലാണ് സ്ഥിതിചെയ്യുന്നത്. സൗദി വിഷന്‍ 2030ന്റെ ഭാഗമായി ടൂറിസം മേഖല ശക്തിപ്പെടുത്താന്‍ ഉദ്ദേശിച്ചാണ് ജിയോടൂറിസം വകുപ്പ് ഇവ വിനോദസഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കാന്‍ ശ്രമമാരംഭിച്ചത്.
ഗുഹകള്‍ വിനോദസഞ്ചാരത്തിനായി ഉപയോഗിക്കുക, ദേശീയ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുക, ചരിത്ര അവബോധം വളര്‍ത്തുക, മരുഭൂമിയിലെ ഇക്കോ ടൂറിസം അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യുക വിഷന്‍ എന്നിവ വിഷന്‍ 2030ന്റെ ലക്ഷ്യങ്ങളില്‍ പെടുന്നു. കൂടുതല്‍ ചരിത്രസ്ഥലങ്ങള്‍ കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് നടന്നുവരികയാണ്.
മദീനയുടെ വടക്കുകിഴക്ക് അഗ്നിപര്‍വ്വ പ്രദേശമായിരുന്ന ഖൈബര്‍ പര്‍വതനിരകളിലാണ് അബുല്‍ ഉവൈല്‍ ഗുഹ സ്ഥിതി ചെയ്യുന്നത്. ചരിത്ര രഹസ്യങ്ങളുറങ്ങുന്ന നിരവധി ഗുഹകളാണ് ഖൈബര്‍ പര്‍വ്വത നിരകളിലുള്ളത്. ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ഇവയെ കുറിച്ചെല്ലാം വിശദമായ ശാസ്ത്രീയ പഠനത്തിനൊരുങ്ങുകയാണ് സൗദി ജിയോളജിക്കല്‍ സര്‍വ്വേ വിഭാഗം. ഉമ്മു ഹാഷി ഗുഹ, മാകിര്‍ അല്‍-ഷയാഹിന്‍, മാകിര്‍ അല്‍ സുഖൂര്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രകൃതിദത്ത ഗുഹകള്‍ ഇവകളിലുണ്ട്.
ഖൈബര്‍ മേഖലയില്‍ മൂന്ന് അപൂര്‍വ അഗ്നിപര്‍വ്വതങ്ങളാണുള്ളത്. രണ്ടായിരം വര്‍ഷം മുമ്പ് സജീവമായിരുന്ന അഗ്‌നി പര്‍വ്വതങ്ങളാണിവ. രാജ്യത്ത് ജനവാസമില്ലാത്ത ഏറ്റവും വലിയ ഭൂഭാഗം കൂടിയാണ് ഖൈബര്‍ മേഖല.