കുവൈറ്റ് സിറ്റി: അന്താരാഷ്ട്ര പ്രമേയങ്ങള്‍ക്ക് അനുസൃതമായി ഭാവി ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കപ്പെടാത്തപക്ഷം ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനാവില്ലെന്ന് കുവൈറ്റ് പ്രഖ്യാപിച്ചു. വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് സാലിം അബ്ദുല്ല അല്‍ ജാബര്‍ അല്‍ സബാഹ് രാജ്യത്തിന്റെ നിലപാട് ആവര്‍ത്തിച്ചത്.
പലസ്തീന്‍ പ്രശ്‌നം ഞങ്ങളുടെ ഏറ്റവും പ്രധാന പ്രശ്‌നമാണ്. ഇക്കാര്യത്തില്‍ യാതൊരു അവ്യക്തതയുമില്ല. കുവൈറ്റ് ഒരിക്കലും നിലപാടുകളില്‍ നിന്ന് വ്യതിചലിച്ചിട്ടില്ല. ഗാസയ്‌ക്കെതിരെ ഇസ്രായേല്‍ നടത്തിയ യുദ്ധം പ്രതികാരമാണ്, പ്രതിരോധമല്ലെന്നും അദ്ദേഹം പറഞ്ഞു. സൗഹൃദ രാജ്യങ്ങളുമായും സഹോദര രാജ്യങ്ങളുമായും സഖ്യരാജ്യങ്ങളുമായും ബന്ധം നിലനിര്‍ത്തിക്കൊണ്ടു തന്നെ കുവൈറ്റിന്റെ സുരക്ഷയും താല്‍പര്യങ്ങളും സംരക്ഷിക്കുകയെന്നത് തന്റെ ഉത്തരവാദിത്തമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഗസയിലെ യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ഉപരോധം കൊണ്ട് ദുരിതത്തിലായ ജനങ്ങള്‍ക്ക് സഹായമെത്തിക്കണമെന്നും ആവശ്യപ്പെട്ടു. 1967ലെ അതിര്‍ത്തി മാനിച്ചുകൊണ്ട് സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിലൂടെ മാത്രമേ ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കാനാവൂയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതിനിടെ, സൗദി അറേബ്യയുടെ പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ അല്‍ സൗദ് രാജകുമാരന്‍ ഇന്ന് തന്നെ യുഎസ് സന്ദര്‍ശിക്കുമെന്ന് അമേരിക്കന്‍ വാര്‍ത്താ വെബ്‌സൈറ്റ് ആക്‌സിയോസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. വൈറ്റ് ഹൗസ് സന്ദര്‍ശിക്കുന്ന അദ്ദേഹം യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഭരണത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുമെന്നും റിപോര്‍ട്ടില്‍ പറയുന്നു.
ഇസ്രയേല്‍-ഹമാസ് യുദ്ധം മേഖലയിലേക്ക് വ്യാപിച്ചേക്കുമെന്ന ആശങ്കകള്‍ക്കിടയിലാണ് കൂടിക്കാഴ്ച. വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍, സ്റ്റേറ്റ് സെക്രട്ടറി ടോണി ബ്ലിങ്കെന്‍ എന്നിവരെ കൂടാതെ നിരവധി സെനറ്റര്‍മാരുമായും ബിന്‍ സല്‍മാന്‍ കൂടിക്കാഴ്ച നടത്തുമെന്ന് ആക്‌സിയോസ് വെളിപ്പെടുത്തി.
ഇസ്രയേലുമായുള്ള സൗദിയുടെ ബന്ധം സാധാരണ നിലയിലാക്കാനുള്ള യുഎസിന്റെ നേതൃത്വത്തിലുള്ള നയതന്ത്രനീക്കത്തിലെ പുരോഗതിയെക്കുറിച്ച് യുദ്ധത്തിന് മുമ്പുള്ള ആഴ്ചകളില്‍ വാര്‍ത്തകളുണ്ടായിരുന്നു. ഗസ മുനമ്പില്‍ ഇസ്രായേല്‍ സൈന്യം നിലവില്‍ കര ഓപറേഷനുകള്‍ നടത്തുന്നുണ്ടെന്ന് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് മേധാവി അറിയിച്ചിട്ടുണ്ട്. ഇസ്രായേല്‍ യുദ്ധ കാബിനറ്റും സുരക്ഷാ കാബിനറ്റും ഏകകണ്ഠമായാണ് കരയാക്രമണത്തിന് തീരുമാനമെടുത്തതെന്ന് രാജ്യത്തെ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കരയാക്രമണം മേഖലയിലേക്ക് സംഘര്‍ഷം പടരാന്‍ കാരണമായേക്കുമെന്ന് സൗദിയും ആശങ്കപ്പെടുന്നു.