Gulf

യുവാവിനെ കൊലപ്പെടുത്തിയ സൈനികന്റെ വധശിക്ഷ ശരിവച്ച് കുവൈറ്റ് പരമോന്നത കോടതി

Published

on

കുവൈറ്റ് സിറ്റി: കൊലപാതക കേസില്‍ ആഭ്യന്തര മന്ത്രാലയത്തിലെ സൈനികന് വധശിക്ഷ വിധിച്ച ഉത്തരവ് കുവൈറ്റിലെ പരമോന്നത കോടതി ശരിവച്ചു. ക്രിമിനല്‍ കോടതിയും അപ്പീല്‍ കോടതിയും പുറപ്പെടുവിച്ച വിധിയില്‍ അപാകതയില്ലെന്ന് കുവൈത്തിലെ കസേഷന്‍ കോടതി വിധിച്ചു.

അല്‍ ജുലയ്യ മരുഭൂമിയില്‍ വെച്ച് ഒരു ബദുവിനെ (മരുഭൂവാസിയായ ഗോത്രവര്‍ഗക്കാരനെ) കൊലപ്പെടുത്തിയ കേസിലാണ് സൈനികന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കൂടാതെ, സിവില്‍ കേസ് ബന്ധപ്പെട്ട വിഭാഗത്തിലേക്ക് മാറ്റാനും കോടതി നിര്‍ദേശിച്ചു.

നീതി ലഭിച്ചെന്നും വിധി എത്രയും വേഗം നടപ്പിലാക്കണമെന്നുമാണ് കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കള്‍ക്ക് വേണ്ടി കേസ് വാദിച്ച അഭിഭാഷകന്‍ അബ്ദുല്‍ മുഹ്‌സിന്‍ അല്‍ ഖത്താന്‍ കോടതി ഉത്തരവിനോട് പ്രതികരിച്ചത്.

രാജ്യത്ത് 2022ല്‍ രേഖപ്പെടുത്തിയ ആദ്യത്തെ കൊലപാതക കേസായിരുന്നു ഇത്. ഇരയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവിലാണ് കൊലപാതകമെന്ന് ചോദ്യംചെയ്യലില്‍ സൈനികന്‍ കുറ്റസമ്മതം നടത്തിയിരുന്നു.

ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ യുവാവിനെയാണ് സൈനികന്‍ കൊലപ്പെടുത്തിയത്. 15 വര്‍ഷം ശിക്ഷിക്കപ്പെട്ട യുവാവ് 10 വര്‍ഷത്തിന് ശേഷം മാപ്പ് ലഭിച്ച് പുറത്തിറങ്ങിയതായിരുന്നു. മോചനം ലഭിച്ച് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കൊല്ലപ്പെടുകയും ചെയ്തു.

15 വര്‍ഷത്തെ ശിക്ഷയ്ക്ക് ശേഷം ഇര സംഭവത്തിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് സെന്‍ട്രല്‍ ജയിലില്‍ നിന്ന് മോചിപ്പിക്കപ്പെട്ടിരുന്നുവെന്നും 10 വര്‍ഷത്തിന് ശേഷം മാപ്പ് ലഭിച്ചിരുന്നുവെന്നും ശ്രദ്ധിക്കപ്പെട്ടു.

അല്‍ ജുലയ്യ ക്യാമ്പില്‍ മൃതദേഹം കണ്ടെത്തിയ വിവരം കൊലപാതകം നടന്ന ദിവസം രാത്രി ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചിരുന്നു. പുലര്‍ച്ചെ തന്നെ സ്ഥലത്തെത്തിയ സുരക്ഷാ സേന മൃതദേഹം കണ്ടെത്തി. കഴുത്ത് ഞെരിച്ചതിന്റെ വ്യക്തമായ ലക്ഷണങ്ങള്‍ മൃതദേഹത്തില്‍ ഉണ്ടായിരുന്നു.

ആഭ്യന്തര മന്ത്രാലയത്തിലെ ഡെപ്യൂട്ടി ഓഫീസറാണെന്ന് സംശയിക്കുന്നയാളെ പിന്നീട് അറസ്റ്റ് ചെയ്തു. വ്യക്തിപരമായ തര്‍ക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഇയാള്‍ മൊഴിനല്‍കുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version