ദുബായി: ഐസിസി ഏകദിന റാങ്കിങ്ങിൽ വിരാട് കോഹ്‌ലിക്ക് നേട്ടം. ലോകകപ്പിലെ മികച്ച പ്രകടനം റാങ്കിങ്ങിൽ എട്ടാം സ്ഥാനത്തായിരുന്ന കോഹ്‌ലിയെ ആറാമതെത്തിച്ചു. പക്ഷേ രോഹിത് ശർമ്മ ഒരു സ്ഥാനം താഴോട്ടിറങ്ങി എട്ടാമതായി. ആദ്യ 10ൽ രണ്ട് ഇന്ത്യൻ താരങ്ങളാണുള്ളത്. ലോകകപ്പിലെ പാകിസ്താൻ ടീമിന്റെ മോശം പ്രകടനത്തിൽ കടുത്ത വിമർശനം നേരിടുന്ന ബാബർ അസം പക്ഷേ ഐസിസി റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി.
രണ്ടാം സ്ഥാനത്തുണ്ടായിരുന്നു ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലും സ്ഥാനം നിലനിർത്തി. ബാബർ അസമുമായി ഉണ്ടായിരുന്ന 18 പോയിന്റ് വ്യത്യാസം ആറായി കുറയ്ക്കാനും ഗില്ലിന് സാധിച്ചു. ലോകകപ്പിലെ മികച്ച പ്രകടനം മൂന്ന് സ്ഥാനം മെച്ചപ്പെടുത്താൻ ക്വന്റൺ ഡി കോക്കിനെ സഹായിച്ചു.
ദക്ഷിണാഫ്രിക്കൻ നായകൻ ഹെൻറിച്ച് ക്ലാസൻ നാല് സ്ഥാനം മെച്ചപ്പെടുത്തി. എട്ടാമതായിരുന്ന ക്ലാസൻ നാലാമതെത്തി. ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ അഞ്ചാം സ്ഥാനത്തുണ്ട്. ആറാമത് കോഹ്‌ലിയും ഏഴാമത് അയര്‍ലന്‍ഡ് താരം ഹാരി ടെക്ടറുമാണ്. എട്ടാമത് ഇന്ത്യൻ നായകൻ രോഹിത് ശർമ്മയും ഒമ്പതാമത് ദക്ഷിണാഫ്രിക്കയുടെ വാൻ ഡർ ഡസ്സനുമാണ്. പാകിസ്താന്റെ ഇമാം ഉൾ ഹഖ് 10-ാം സ്ഥാനത്തുമുണ്ട്.