Kerala

കേരളത്തിന്റെ കടം കുറയുന്നു, കണക്കുകൾ നിരത്തി മുഖ്യമന്ത്രി

Published

on

തിരുവനന്തപുരം: യുഡിഎഫും ബിജെപിയും ചേർന്ന് നടത്തുന്ന സമര കോലാഹലങ്ങൾ ജനങ്ങൾക്ക് ഉപകാരപ്പെടുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിനൊപ്പം ബിജെപിയും സമരത്തിലുള്ളത് വിചിത്രമാണെന്നും അദ്ദേഹം പറഞ്ഞു. റിലയൻസിന് വേണ്ടി മന്ത്രിമാരെ മാറ്റിയ പാർട്ടിയാണ് കോൺഗ്രസ് എന്നും മുഖ്യമന്ത്രി ആരോപിച്ചു. കേരളത്തിന്റെ ധനസ്ഥിതിയെ കുറിച്ച് തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് ശേഷം കണക്കും മുഖ്യമന്ത്രി നിരത്തി.

ഇന്ന് നിയമസഭാ സമ്മേളനം പ്രതിപക്ഷം ബഹിഷ്ക്കരിക്കുകയാണുണ്ടായത്. സഭയ്ക്ക് പുറത്തും പ്രകോപനപരമായ സമരങ്ങള്‍ നടത്തുകയുണ്ടായി. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച രണ്ട് രൂപ ഇന്ധന സെസ്സിനെതിരെയാണ് സമരം. കോൺഗ്രസ് മാത്രമല്ല, ബിജെപിയും സമരത്തിലുണ്ട് എന്നാണ് വിചിത്രമായ കാര്യം. പെട്രോള്‍-ഡീസല്‍ വില നിര്‍ണ്ണയാധികാരം കുത്തകകള്‍ക്ക് വിട്ടുനല്‍കിയ കൂട്ടരാണ് ഇപ്പോള്‍ സമരം ചെയ്യുന്നത്. തരാതരം പോലെ വില കൂട്ടാന്‍ എണ്ണ കമ്പനികള്‍ക്ക് അധികാരം നല്‍കിയവരാണ് ഇരുകൂട്ടരും.

പത്ത് വര്‍ഷം മുമ്പ് 2012ലെ ഒരുനഭവം ഓര്‍ക്കുക. രണ്ടാം യുപിഎ സര്‍ക്കാരിന്‍റെ കാലം. ജയ്പാല്‍ റെഡ്ഢിയായിരുന്നു അന്നത്തെ കേന്ദ്ര പെട്രോളിയം മന്ത്രി. ആന്ധ്രയിലെ കെജി ബേസിനില്‍ ഉല്‍പ്പാദിപ്പിക്കുന്ന പ്രകൃതിവാതകത്തിന്‍റെ വില വര്‍ദ്ധിപ്പിക്കണമെന്ന റിലയന്‍സിന്‍റെ ആവശ്യം അദ്ദേഹം അനുവദിച്ചില്ല. അംബാനിയുടെ അപ്രീതിക്ക് പാത്രമായ ജയ്പാല്‍ റെഡ്ഢിയെ തല്‍ക്ഷണം സ്ഥാനത്തുനിന്നും മാറ്റുകയാണ് കോണ്‍ഗ്രസ്സ് ചെയ്തത്. അങ്ങനെ എണ്ണകമ്പനികളെ പ്രീണിപ്പിച്ചും ജനങ്ങളെ പിഴിഞ്ഞും മുന്നോട്ടുപോയവരാണ് കോണ്‍ഗ്രസ്സ്. 2015ലെ ബജറ്റില്‍ പെട്രോളിനും – ഡീസലിനും യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ഒരു രൂപ അധിക നികുതിയായിരുന്നു. അന്ന് ഇന്നത്തേതിന്‍റെ പകുതിക്കടുത്ത് വിലയേ പെട്രോളിനും-ഡീസലിനുമുണ്ടായിരുന്നുള്ളു എന്നോര്‍ക്കണം.

ഇപ്പോൾ ഏത് സാഹചര്യത്തിലാണ് കേരളത്തില്‍ ഇന്ധന സെസ് ഏര്‍പ്പെടുത്തേണ്ടി വന്നതെന്ന് ഇതിനകം സഭയില്‍ കൃത്യമായി വിശദീകരിച്ചതാണ്. കേന്ദ്ര സര്‍ക്കാരിന്‍റെ കേരളത്തോടുള്ള പകപോക്കല്‍ നയങ്ങള്‍ നമ്മളെ അതിന് നിര്‍ബന്ധിതരാക്കിയതാണ്. ഞെരുക്കി തോല്‍പ്പിച്ചുകളയാം എന്ന മനോഭാവമാണ് കേന്ദ്രത്തിന്. അതിന് കുടപിടിക്കുന്ന പണിയാണ് ഇവിടുത്തെ യുഡിഎഫ് നേതൃത്വം ചെയ്യുന്നത്. ഇതൊക്കെ മനസിലാക്കുന്ന ജനങ്ങള്‍ യുഡിഎഫും ബിജെപിയും ചേര്‍ന്ന് നടത്തുന്ന സമരകോലാകലങ്ങള്‍ മുഖവിക്കെടുക്കില്ല എന്ന് ആദ്യമേ പറയട്ടെ സംസ്ഥാന ബജറ്റ് സംബന്ധിച്ച വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി നിയമസഭയില്‍ വിശദമായി പറഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ ധനസ്ഥിതിയെക്കുറിച്ച് ബജറ്റ് അവതരണത്തിനു മുമ്പ് വ്യാപകമായി തെറ്റായ ചില കാര്യങ്ങള്‍ നാട്ടിൽ ചിലർ പ്രചരിപ്പിച്ചിരുന്നു. ഇപ്പോഴും ചില കേന്ദ്രങ്ങള്‍ അവ ആവര്‍ത്തിക്കുകയാണ്. കേരളം കടക്കെണിയിലാണെന്നും ഇവിടെ ധന ധൂര്‍ത്താണെന്നും പ്രതിപക്ഷവും മാധ്യമങ്ങളില്‍ ഒരു വിഭാഗവും നല്ല രീതിയിൽ കൊണ്ടു പിടിച്ച് പ്രചരണം നടത്തിയിരുന്നു. ഇപ്പോള്‍ അതിന്‍റെ ആവേശം
ഒന്ന് കുറഞ്ഞിട്ടുണ്ട്.

കേരളത്തിന്‍റെ കടത്തിന്‍റെ കണക്ക് നോക്കാം. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ആഭ്യന്തര വരുമാനത്തിന്‍റെ 38.51 ശതമാനമായിരുന്നു കടം. ആ കടം 2021-22 ല്‍ 37.01 ശതമാനമായി കുറഞ്ഞു. 1.5 ശതമാനത്തിന്‍റെ കുറവ്. 2022-23 ലെ പുതുക്കിയ കണക്കുകള്‍ പ്രകാരം ഇത് 36.38 ശതമാനമാണ്. 2022-23 ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം കടം- ആഭ്യന്തര വരുമാനം 36.05 ശതമാനമാണ് പ്രതീക്ഷിക്കുന്നത്. അതായത്, 2020-21 മുതല്‍ 2023-24 വരെയുള്ള നാലുവര്‍ഷക്കാലയളവില്‍ 2.46 ശതമാനം കുറവാണ് കടം ആഭ്യന്തര വരുമാനം അനുപാതത്തിലുണ്ടായിരിക്കുന്നത്. കോവിഡ് കാലത്ത് സാമ്പത്തിക രംഗത്ത് തളര്‍ച്ചവന്നു.

ജീവനും ജീവനോപാധികളും നിലനിര്‍ത്താന്‍ സര്‍ക്കാരിന് അധിക ചെലവ് ഏറ്റെടുക്കേണ്ടിവന്നു. ആ സാഹചര്യത്തില്‍ കടം വര്‍ദ്ധിച്ചത് സ്വാഭാവികമാണ്. ഇത് കേരളത്തില്‍ മാത്രമല്ല, അഖിലേന്ത്യാ തലത്തിലും ആഗോളതലത്തിലും ഉണ്ടായിട്ടുണ്ട്. ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണ്ണമാകുമ്പോള്‍, വരുമാനം നിലയ്ക്കുമ്പോള്‍, അസാധാരണ സാമ്പത്തിക സാഹചര്യം ഉടലെടുക്കുന്നു. ഇതാണ് 2020-21ല്‍ ഇവിടെയും ഉണ്ടായത്.

സമാനതകളില്ലാത്ത ആ സാഹചര്യത്തിലാണ് സംസ്ഥാനത്തിന്‍റെ കടം ആഭ്യന്തര വരുമാന അനുപാതം ശരാശരി 30-31 ശതമാനത്തില്‍ നിന്ന് 38.51 ശതമാനമായി ഉയര്‍ന്നത്. ഇതിന്‍റെ കാരണം, കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതിയോടുകൂടി കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് ലഭിച്ച അധിക വായ്പാ പരിധിയുടെ വിനിയോഗമാണ്. കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ ശക്തമായ സമ്മര്‍ദ്ദം ഈ തീരുമാനമെടുക്കുന്നതിന് പിന്നിലുണ്ടായിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു എന്നതും ഓര്‍ക്കണം. കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജനോപകാരപ്രദമായ ഇടപെടലുകള്‍ക്കുവേണ്ടി വായ്പയെടുത്തത് മഹാ സാമ്പത്തിക അപരാധമാണെന്ന ആക്ഷേപം സാധാരണ നിലയിൽ കണക്കിലെടുക്കേണ്ട ഒന്നല്ല.

വരുമാനമില്ലാത്ത സംസ്ഥാനത്ത് കടം മാത്രം പെരുകുന്നു എന്നാണ് കുപ്രചരണം നടത്തിയത്. ഇപ്പോള്‍ പുറത്തുവന്ന കണക്കുകള്‍ കുപ്രചാരകരുടെ വായടപ്പിച്ചിരിക്കുകയാണ്. നേരത്തെ പറഞ്ഞതെല്ലാം പൊളിഞ്ഞിരിക്കുന്നു. പുതിയ അടവ് എന്ന നിലയില്‍ നികുതി കൊള്ള, നികുതി ഭീകരത എന്ന് മുറവിളി കൂട്ടുകയാണ്. കേരളത്തിന്‍റെ കടത്തിന്‍റെ വളര്‍ച്ച കുതിച്ചുയരുകയാണ് എന്നത് വസ്തുതാ വിരുദ്ധമായ പ്രചരണമാണ്. 2021-22 ല്‍ മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് കടം വളര്‍ന്നത് 13.04 ശതമാനമാണ്. 2022-23 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം കടത്തിന്‍റെ വളര്‍ച്ച 10.33 ശതമാനമായി കുറഞ്ഞു. 2023-24 ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം കടത്തിന്‍റെ വളര്‍ച്ച 10.21 ശതമാനമാണ്.

ഈ കണക്കുകള്‍ കടവര്‍ദ്ധനയുടെയും കടക്കെണിയുടെയും ലക്ഷണങ്ങളല്ല. ജനങ്ങളുടെ യുക്തിക്കു നേരെ തല്‍പ്പരകക്ഷികള്‍ വെച്ച കെണിയില്‍ ഒരാളും പെടാന്‍ പോകുന്നില്ല. സംസാരിക്കുന്ന കണക്കുകള്‍ വസ്തുതകളെ തുറന്നുകാട്ടുമ്പോള്‍ കടക്കെണി എന്ന പ്രചരണം ഏറ്റെടുത്തവര്‍ക്ക് അത് പൂട്ടിവയ്ക്കേണ്ടിവന്നത് നാം കാണുകയാണല്ലോ.

സംസ്ഥാനത്തിന്‍റെ വരുമാന വര്‍ദ്ധനയെക്കുറിച്ചുള്ള കണക്കുകള്‍ നോക്കുക. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്തിന്‍റെ തനതു നികുതി വരുമാനത്തിന്‍റെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 20 ശതമാനത്തില്‍ കൂടുതലാണ്. 2021-22 ല്‍ 22.41 ശതമാനമാണ് വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. ജി.എസ്.ടിയുടെ വളര്‍ച്ചാ നിരക്ക് 2021-22 ല്‍ 20.68 ശതമാനമാണ്. 2022-23 ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ജി.എസ്.ടി വരുമാനത്തിലെ വളര്‍ച്ചാനിരക്ക് 25.11 ശതമാനമാണ്. ഇത് നികുതി ഭരണരംഗത്തെ കാര്യക്ഷമതയുടെയും സംസ്ഥാന സര്‍ക്കാരിന്‍റെ മൂലധന ചെലവുകള്‍ ഉള്‍പ്പെടെയുള്ള ഇടപെടലുകള്‍ കാരണം സാധ്യമായ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചാനിരക്കും കാരണമാണ്. യാഥാര്‍ത്ഥ്യം ഇതായിരിക്കെ നികുതിപിരിവ് നടക്കുന്നില്ലെന്നും കെടുകാര്യസ്ഥതയാണെന്നുമുള്ള പ്രചാരണം അസംബന്ധമാണ്.

ഇതെല്ലാമായിട്ടും എന്തുകൊണ്ട് സാമ്പത്തിക ഞെരുക്കം എന്ന ചോദ്യമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ കടം വര്‍ദ്ധിപ്പിച്ചതുകൊണ്ടോ നികുതി വരുമാന പിരിവില്‍ അലംഭാവം കാണിച്ചതുകൊണ്ടോ അല്ല ഇപ്പോള്‍ സാമ്പത്തിക ഞെരുക്കം ഉണ്ടായത്. കേന്ദ്ര സര്‍ക്കാരിന്‍റെ സമീപനത്തില്‍ അടിക്കടി ഉണ്ടാകുന്ന പ്രതികൂല മാറ്റങ്ങളാണ് ഇതിനു കാരണം. 15-ാം ധനകാര്യ കമ്മീഷന്‍ നിശ്ചയിച്ച സംസ്ഥാനങ്ങളുടെ വായ്പാ പരിധി (ധനകമ്മി) 2021-22 ല്‍ 4 ശതമാനമായിരുന്നു. 2022-23 ല്‍ 3.5 ശതമാനമായിരുന്നു. 2023-24, 2024-25, 2025-26 വര്‍ഷങ്ങളില്‍ 3 ശതമാനമായി നിശ്ചയിച്ചിട്ടുണ്ട്. 2021-22 ലെ കണക്കുകള്‍ പ്രകാരം കേരളത്തിന്‍റെ ധനകമ്മി 4.11 ശതമാനമാണ്. 2022-23 ലെ പുതുക്കിയ കണക്കുകള്‍ പ്രകാരം കേരളത്തിന്‍റെ ധനകമ്മി 3.61 ശതമാനമാണ്. ധനകാര്യകമ്മീഷന്‍ നിശ്ചയിച്ച മേല്‍പറഞ്ഞ പരിധിയില്‍ വൈദ്യുതി മേഖലയിലെ പരിഷ്കരണങ്ങള്‍ക്കായി ലഭിക്കുന്ന 0.5 ശതമാനം ഉള്‍പ്പെടുന്നില്ല.

കേന്ദ്ര ധനമന്ത്രാലയം ഈ വാര്‍ഷിക വായ്പാ പരിധി അഥവാ ധനകമ്മി പരിധിയില്‍ യുക്തിരഹിതമായി വെട്ടിക്കുറവ് വരുത്തുകയാണ്. നിയമപരമായി പ്രത്യേക നിലനില്‍പ്പുള്ള കിഫ്ബി പോലുള്ള സ്ഥാപനങ്ങള്‍ എടുക്കുന്ന വായ്പ സംസ്ഥാനത്തിന്‍റെ വായ്പയാണെന്ന് പ്രഖ്യാപിച്ചു. അങ്ങനെ 3.5 ശതമാനം വായ്പാ പരിധി വീണ്ടും വെട്ടിക്കുറയ്ക്കുന്നു. അതിലൂടെ സംസ്ഥാനത്തിന്‍റെ വരവ് – ചെലവ് അനുമാനങ്ങളെ താളം തെറ്റിക്കാനും സാമ്പത്തിക സ്തംഭനാവസ്ഥ സൃഷ്ടിക്കാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനെതിരെ പ്രധാനമന്ത്രി, കേന്ദ്ര ധനകാര്യമന്ത്രി എന്നിവര്‍ക്ക് വിശദമായ മെമ്മോറാണ്ടം സംസ്ഥാന സര്‍ക്കാര്‍ അയച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ശക്തമായ അഭിപ്രായ രൂപീകരണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികളെടുക്കുന്നുണ്ട്. കേന്ദ്രത്തിന്‍റെ ഇത്തരം നടപടികളാണ് ധനഞെരുക്കമുണ്ടാക്കുന്നത്. ഇത് പറയാന്‍ കോണ്‍ഗ്രസ്സിനും യു.ഡി.എഫിനും മടി എന്താണെന്ന് മനസ്സിലാകുന്നില്ല. മൂലധന ചെലവ് ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയിലൂടെ നടപ്പാക്കിവരുന്നത്. ഈ വികസന പ്രവര്‍ത്തനങ്ങള്‍ യു.ഡി.എഫ് അംഗങ്ങളുടെ മണ്ഡലങ്ങളിലും നടന്നുവരുന്നുണ്ട്. ഇതെല്ലാം മറച്ചുവച്ച് സര്‍ക്കാരിനും കിഫ്ബിക്കും എതിരെ അനാവശ്യ പ്രചാരണം നടത്തുകയാണ്.

നിത്യനിദാന ചെലവുകള്‍ക്ക് കടമെടുക്കുന്ന സര്‍ക്കാര്‍ എന്നാണ് ആവർത്തിച്ച് പ്രചാരണം നടത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ റവന്യൂ ചെലവുകളില്‍ ഗണ്യമായ ഒരു ഭാഗം വികസന ചെലവുകളാണ്. വിദ്യാഭ്യാസ, ആരോഗ്യ, കൃഷി, ഗ്രാമവികസന, ജലസേചന മേഖലകളില്‍ ചെലവഴിക്കുന്ന തുക. ഇവയെല്ലാം സാമ്പത്തിക വളര്‍ച്ചയെ സഹായിക്കുന്നതുമാണ്. ശമ്പളവും പെന്‍ഷനും നല്‍കാന്‍ കടമെടുക്കുന്നു എന്നാണ് വലിയ പ്രചാരണം. സംസ്ഥാന സര്‍ക്കാരിന്‍റെ ബജറ്റ് രേഖകളുടെ ഭാഗമായ ‘ബജറ്റ് ഇന്‍ ബ്രീഫി’ലെ പട്ടിക എ (10)ല്‍ കണക്കുകള്‍ വിശദമായി പറയുന്നുണ്ട്. ശമ്പളവും പെന്‍ഷനും 2021-22 ല്‍ സംസ്ഥാനത്തിന്‍റെ മൊത്തം റവന്യൂ വരുമാനത്തിന്‍റെ 61.21 ശതമാനമായിരുന്നു. 2022-23 ലെ പുതുക്കിയ കണക്കുകള്‍ പ്രകാരം ഇത് 50.34 ശതമാനമായി കുറഞ്ഞു. 2023-24 ലെ ബജറ്റ് കണക്കുകള്‍ പ്രകാരം ഇത് 50.42 ശതമാനമാണ്. മൊത്തം റവന്യൂ ചെലവിന്‍റെ അനുപാതത്തില്‍ ഇതേ കാലയളവില്‍ ശമ്പളവും പെന്‍ഷനും 48.84, 43.62, 42.85 ശതമാനമാണ്. ഇതിന്‍റെ ഗണ്യമായ ഒരു ഭാഗമാകട്ടെ വികസന ചെലവുമാണ്. റവന്യൂ വരുമാനത്തില്‍ നിന്നുതന്നെ ശമ്പളവും പെന്‍ഷനും പലിശയും നല്‍കുന്നുണ്ട.് ഇത് കണക്കുകള്‍ വ്യക്തമാക്കുമ്പോള്‍, ശമ്പളവും പെന്‍ഷനും നല്‍കാന്‍ കടം വാങ്ങുന്നു എന്ന പ്രചരണത്തിന് ഒരടിസ്ഥാനവുമില്ല.

ശമ്പള ചെലവിനെപ്പറി പലതരത്തില്‍ പ്രചാരണം നടക്കുന്നുണ്ട്. ബജറ്റ് ഇന്‍ ബ്രീഫിലെ പട്ടിക എ12 ഒന്നില്‍ 2023-24 സാമ്പത്തിക വര്‍ഷത്തെ മൊത്തം ശമ്പള എസ്റ്റിമേറ്റ് 40,051.13 കോടി രൂപയാണ്. ഇതില്‍ ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, ജലസേചനം തുടങ്ങിയ മേഖലകളിലെ വികസന ചെലവില്‍ ഉള്‍പ്പെടുന്നത് 30,607.33 കോടി രൂപ. ഇതിനര്‍ത്ഥം ആകെ ശമ്പള ചെലവിന്‍റെ 76.42 ശതമാനം വികസന തുറകളില്‍ വിനിയോഗിക്കപ്പെടുന്നു എന്നാണ്. വികസന ചെലവ് ധൂര്‍ത്താണെന്ന് എവിടെയെങ്കിലും, ആരെങ്കിലും പറയാറുണ്ടോ? ചില സ്ഥാപിത താത്പര്യക്കാരൊഴികെ മറ്റാരെങ്കിലും ഇത് അംഗീകരിക്കുമോ?

സംസ്ഥാന സര്‍ക്കാരുകളുടെ വായ്പാ പരിധി 2021-22 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ 4 ശതമാനത്തിനും 3 ശതമാനത്തിനും ഇടയില്‍ നിശ്ചയിച്ചുവല്ലോ. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ധന കമ്മി പരിധി 6 ശതമാനത്തിനും 4 ശതമാനത്തിനും ഇടയിലാണ് നിശ്ചയിച്ചിട്ടുള്ളത്. സാമൂഹ്യക്ഷേമ ചെലവുകളുടെ വലിയൊരു ഭാഗം സംസ്ഥാന സര്‍ക്കാരുകളുടെ ബാധ്യതയാണ്. പിന്നെന്തിന് അസന്തുലിതമായ സമീപനം ധനകാര്യ കമ്മീഷന്‍റെ ഭാഗത്തുനിന്നുപോലും ഉണ്ടായി എന്നത് ആശ്ചര്യജനകമാണ്. ഇതിനെതിരെ അവബോധമുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ കടക്കെണിയാണെന്നു പറഞ്ഞ് പരിഹസിക്കുന്നത് ഈ നാടിന് ഗുണകരമല്ല.

ആഗോളതലത്തില്‍ സാമ്പത്തിക മാന്ദ്യത്തിന്‍റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. നമ്മുടെ രാജ്യത്ത് വളര്‍ച്ചാനിരക്ക് താരതമ്യേന ഉയര്‍ന്ന നിലയിലാണ്. അതിന്‍റെ 1.4 ഇരട്ടി വരും കേരളത്തിലെ 2021-22 ലെ വളര്‍ച്ചാ നിരക്കായ സ്ഥിരവിലയിലെ 12 ശതമാനം. സര്‍ക്കാര്‍ ചെലവുകള്‍ ഇതില്‍ വഹിക്കുന്ന പങ്ക് കുറച്ചുകാണാനാവില്ല. മൂലധന ചെലവും വികസന ചെലവും ധൂര്‍ത്തായി ചിത്രീകരിക്കുന്ന പ്രവണത ജനങ്ങള്‍ അസാധാരണ സാഹചര്യം നേരിടുമ്പോള്‍ ഒട്ടും ആശാസ്യമല്ല.

സങ്കുചിത രാഷ്ട്രീയം വെച്ച് ഏതു വിധേനയും സംസ്ഥാന സര്‍ക്കാരിനെ താറടിക്കുക എന്ന
ലക്ഷ്യം മാത്രമാണ് ചിലര്‍ക്കുള്ളത്. ഇതിന്‍റെ ഒരു ഉത്തമ ദൃഷ്ടാന്തമാണ് സംസ്ഥാനത്തെ മന്ത്രിമാര്‍ ധൂര്‍ത്ത് നടത്തുന്നു എന്ന പ്രചരണം. 2023-24 ലെ ബജറ്റ് കണക്ക് പ്രകാരം കേരളത്തിന്‍റെ റവന്യൂ ചെലവിന്‍റെ എസ്റ്റിമേറ്റ് 1.59 ലക്ഷം കോടി രൂപയാണ്. മന്ത്രിസഭാംഗങ്ങള്‍ക്കും മറ്റുമുള്ള റവന്യൂ ചെലവ് ഇതിന്‍റെ 0.0087 ശതമാനമാണ്. എന്ത് ആഘാതമാണ് ഇത് സംസ്ഥാനത്തിന്‍റെ ചെലവിലും കമ്മിയിലും കടത്തിലും വരുത്തുന്നത്? ഇക്കാര്യത്തില്‍ ഒരു ധൂര്‍ത്തും കണക്കുകള്‍ തെളിയിക്കുന്നില്ല.

പര്‍വ്വതീകരിച്ച നുണകള്‍ക്ക് മറുപടി സംസാരിക്കുന്ന കണക്കുകളാണ്; വസ്തുതകളാണ്. അവ ശരിയായ രീതിയില്‍ വിശകലനം ചെയ്താല്‍ കേന്ദ്രസര്‍ക്കാരിന്‍റെ അസമത്വപൂര്‍ണ്ണമായ നയവും അതിനെ പിന്തുണയ്ക്കുന്ന യു.ഡി.എഫ് സമീപനവുമാണ് തെളിയുക. വായ്പാ പരിധി വെട്ടിക്കുറയ്ക്കുന്ന കേന്ദ്ര സമീപനത്തോടൊപ്പം തന്നെ, കേരളം നേരിടുന്ന ഒരു പ്രധാന പ്രശ്നം കേന്ദ്ര ഗ്രാന്‍റുകളുടെയും നികുതിവിഹിതത്തിന്‍റെയും കാര്യമാണ്. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കേന്ദ്ര വിഹിതം 75 ശതമാനത്തില്‍ നിന്നും 60 ശതമാനമായി 2015-16 മുതല്‍ കുറച്ചു.

ഇത് സംസ്ഥാനങ്ങള്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തിവച്ചു. അനുച്ഛേദം 275 പ്രകാരമുള്ള ഗ്രാന്‍റുകള്‍ കേരളത്തിന് 2024-25, 2025-26 വര്‍ഷങ്ങളില്‍ ലഭിക്കുകയില്ല. 15-ാം ധനകാര്യ കമ്മീഷന്‍ ശിപാര്‍ശകള്‍ പ്രകാരം ലഭ്യമാകേണ്ടിയിരുന്ന സംസ്ഥാനത്തിനുള്ള 1,100 കോടി രൂപയുടെ ഗ്രാന്‍റുകള്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടില്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്‍റുകള്‍ നല്‍കുന്നതില്‍ ധാരാളം നിബന്ധനകളും ഏര്‍പ്പെടുത്തി. ഇത് മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. കേരളത്തില്‍ ഫണ്ടുകള്‍, ജീവനക്കാര്‍, ചുമതലകള്‍ എന്നീ മൂന്ന് കാര്യങ്ങള്‍ ഉള്‍പ്പെടെ സമഗ്രമായ അധികാര വികേന്ദ്രീകരണമാണ് നടപ്പാക്കിയിട്ടുള്ളത്. തദ്ദേശ സര്‍ക്കാരുകള്‍ക്കുള്ള ഗ്രാന്‍റുകള്‍ നല്‍കുന്നതില്‍ കേന്ദ്ര ധനകാര്യ കമ്മീഷനും കേന്ദ്ര സര്‍ക്കാരും ഇക്കാര്യം പരിഗണിച്ചിട്ടേയില്ല.

കേന്ദ്രത്തിന്‍റെ നികുതി വിഹിതം 14-ാം ധനകാര്യ കമ്മീഷന്‍ കാലയളവിലെ (2015-16 മുതല്‍ 2019-20) 2.50 ശതമാനത്തില്‍നിന്നും 2020-21 മുതല്‍ 2025-26 കാലയളവില്‍ 1.92 ശതമാനമായി കുറഞ്ഞിരിക്കുന്നു. 2021-22 ല്‍ കേന്ദ്ര നികുതിവിഹിതമായി ലഭിച്ചത് 17,820 കോടി രൂപയാണ്. 2022-23 ലെ പുതുക്കിയ കണക്കുകള്‍ പ്രകാരം ഇത് 17,784 കോടി രൂപയാണ്. ഒരു വളര്‍ച്ചയുമില്ല; മുരടിപ്പാണ്. ഇതൊന്നും കാണാതെ, ഇവിടെ സംസ്ഥാന സര്‍ക്കാര്‍ നികുതി ഭീകരത നടത്തുന്നു എന്നു പറയുന്നത് യുക്തിക്ക് നിരക്കുന്നതാണോ?പ്രാദേശിക സാമ്പത്തിക സന്തുലിതാവസ്ഥയെ തകിടം മറിക്കുന്ന ബി.ജെ.പി. സര്‍ക്കാരിന്‍റെ സമീപനത്തിന്‍റെ ഫലമാണ് ഇപ്പോള്‍ കേരളത്തിന് വന്നിട്ടുള്ള നികുതി വിഹിതത്തിലെ ഗണ്യമായ കുറവ്.

കേരളത്തിന്‍റെ കേന്ദ്ര നികുതി വിഹിതം 1.92 ശതമാനമായി കുറഞ്ഞതിനു കാരണം 15-ാം ധനകാര്യ കമ്മിഷന്‍റെ പരിഗണനാ വിഷയങ്ങളില്‍ 1971 ന് പകരം 2011 ലെ സെന്‍സസ് പ്രകാരമുള്ള ജനസംഖ്യ അടിസ്ഥാനമായി സ്വീകരിക്കണം എന്ന നിബന്ധനയാണ്. അത് മറച്ചുവെക്കാന്‍ സാധിക്കുമോ? എന്തുകൊണ്ടാണ് ഈ നിബന്ധന കേരളത്തിന് വിനയാകുന്നത്? ദേശീയ ജനസംഖ്യാ നയത്തിന്‍റെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കേരളം നല്ല രീതിയില്‍ പരിശ്രമിച്ച് വിജയിച്ചതുകൊണ്ട്. അതായത്, ഒരു ദേശീയ നയം മികച്ച നിലയില്‍ നടപ്പാക്കിയത്, നമ്മുടെ നികുതി വിഹിതം കുറയാനുള്ള കാരണമാക്കി മാറ്റി. 2018ല്‍ തന്നെ മറ്റു ചില സംസ്ഥാനങ്ങളുമായി ചേര്‍ന്ന് കേരളം ഇതുസംബന്ധിച്ച് രാഷ്ട്രപതിക്ക് മെമ്മൊറാണ്ടം നല്‍കിയതാണ്. അതിന്‍റെ ഫലമായി നികുതി വിതരണ ഫോര്‍മുലയില്‍ ജനസംഖ്യാ നിയന്ത്രണം പരിമിതമായി ഉള്‍പെടുത്തുകയുണ്ടായി. എന്നാല്‍ അത് സംസ്ഥാനത്തിന്‍റെ പ്രശ്നങ്ങള്‍ക്ക് ആശ്വാസം പകരുന്നതല്ല. ബി.ജെ.പി. സര്‍ക്കാരിന്‍റെ ഈ സമീപനമാണ് കേരളത്തിന്‍റെ നികുതി വിഹിതം ഗണ്യമായി കുറയുവാനിടയാക്കിയത് എന്ന് സമ്മതിക്കാന്‍ യുഡിഎഫിന് പ്രയാസമുണ്ടാകും. കാരണം അവര്‍ ബിജെപിയോട് ചേര്‍ന്ന് സമരങ്ങള്‍ നടത്തുന്നവരാണല്ലോ. ധനകാര്യ കമ്മീഷന്‍ ശിപാര്‍ശ ചെയ്യുന്ന ഗ്രാന്‍റുകള്‍ പുനരവലോകനം ചെയ്യാനും കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തി. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ശക്തമായ നിലപാടെടുത്തത് കാരണം ഇത് നടക്കാതെ പോയി. ഇതൊന്നും ചര്‍ച്ച ചെയ്യാതെയാണ് സംസ്ഥാന സര്‍ക്കാരിനെ പഴി പറയുന്നത്.
കിഫ്ബിയ്ക്കു ഖജനാവില്‍ നിന്നുള്ള നികുതി വിഹിതം ഉറപ്പാക്കുകവഴി കിഫ്ബി വഴിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ തുടരും എന്നാണ് ബജറ്റ് പ്രസംഗത്തിന്‍റെ സ്പിരിറ്റ്. കിഫ്ബിക്ക് പണം വകയിരുത്തിയില്ല എന്നാണ് ചിലരുടെ കോലാഹലം. ഡീറ്റൈല്‍ഡ് ബജറ്റ് എസ്റ്റിമേറ്റ്സ് രണ്ടാം വോള്യം നോക്കിയാല്‍ കാര്യം മനസ്സിലാവുന്നതേയുള്ളൂ.

Share of Kerala Infrastructure Investment Fund Board (KIIFB) from Motor Vehicle Tax- 2215 കോടി രൂപ, Share of Kerala Infrastructure Investment Fund Board (KIIFB) from Cess on Petrol and Diesel 594 കോടി രൂപ. ഇതാണ് കിഫ്ബിയ്ക്ക് ഇപ്പോളുള്ള വകയിരുത്തൽ.

കിഫ്ബി അപ്രസക്തമായി എന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം അസംബന്ധമാണ്. കിഫ്ബിയുടെ വായ്പ സംസ്ഥാന കടപരിധിയില്‍ പെടുത്തിയെന്നാണ് പ്രതിപക്ഷ നേതാവും മറ്റും പറയുന്ന വാദം. എന്നാല്‍ പിന്നെ വകുപ്പുകള്‍ തന്നെ ആ പണം ഉപയോഗിച്ചു പണി ചെയ്താല്‍ പോരേ എന്നാണ് അവര്‍ ചോദിക്കുന്നത്. പണം ലിവറേജ് ചെയ്ത് പല മടങ്ങു മൂലധന നിക്ഷേപം ഉറപ്പു വരുത്തുക എന്നതാണ് കിഫ്ബിയുടെ ലക്ഷ്യം.

കിഫ്ബിയോട് എന്തിനാണിത്ര അസഹിഷ്ണുത? ആകാശ കുസുമം, മലര്‍പ്പൊടിക്കാരന്‍റെ സ്വപ്നം എന്നൊക്കെ നേരത്തെ അധിക്ഷേപിച്ചില്ലേ? ഒടുവില്‍ കിഫ്ബി മുഖേന ആശുപത്രികളും സ്കൂളുകളും പാലങ്ങളും റോഡുകളും സ്വന്തം മണ്ഡലങ്ങളില്‍ യാഥാര്‍ഥ്യമായപ്പോള്‍ അത് മോശമാണെന്നു പറയുകയാണോ, അവയുടെ ക്രഡിറ്റ് സ്വന്തം അക്കൗണ്ടില്‍ പെടുത്തുകയാണോ ചെയ്തത് എന്ന് പ്രതിപക്ഷത്തെ പ്രമുഖരുള്‍പ്പെടെ ഓര്‍ത്തുനോക്കുന്നത് നന്നാകും.

സര്‍ക്കാരിന് നേരിട്ട് കടം എടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കേന്ദ്രമുള്‍പ്പെടെ ചെയ്യുന്നതുപോലെ ആന്യുറ്റി മോഡല്‍ ബോഡി കോര്‍പ്പറേറ്റുകളിലൂടെ കേരളം ബദല്‍ വികസനമാര്‍ഗങ്ങള്‍ ആരാഞ്ഞത്. കേരളത്തിന്‍റെ വികസനസ്വപ്നങ്ങള്‍ക്ക് കിഫ്ബി ഊര്‍ജ്ജമേകിയത് അങ്ങനെയാണ്.

എന്നാല്‍ കിഫ്ബിയും സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കമ്പനിയും കടമെടുക്കുന്ന തുക ‘ഓഫ് ബജറ്റ് ബോറോയിങ്’ ആയി പരിഗണിക്കുമെന്നും അത് സംസ്ഥാന സര്‍ക്കാരിന്‍റെ കടമെടുപ്പായി കണക്കാക്കുമെന്നുമാണ് കേന്ദ്രസര്‍ക്കാരെടുത്ത നിലപാട്. കേന്ദ്ര സര്‍ക്കാരിനുകീഴിലെ ആന്യുറ്റി മോഡല്‍ ബോഡി കോര്‍പ്പറേറ്റുകളുടെ വായ്പ കേന്ദ്ര സര്‍ക്കാരിന്‍റെ അക്കൗണ്ടില്‍ പെടുത്താത്തപ്പോഴാണ് സംസ്ഥാനങ്ങള്‍ക്കെതിരെ ഇങ്ങനെയൊരു നിലപാട്. കിഫ്ബി, പെന്‍ഷന്‍ കമ്പനി തുടങ്ങിയവ വഴി കടം എടുക്കുന്നതും സംസ്ഥാന സര്‍ക്കാരിന്‍റെ 3.5 ശതമാനം വായ്പാപരിധിയില്‍ ഉള്‍പ്പെടുത്തുമെന്ന് ചുരുക്കം. കിഫ്ബിയുടെ മസാല ബോണ്ടിനെതിരെയും വന്നു കേന്ദ്രത്തിന്‍റെ ഇണ്ടാസുകള്‍.

കേന്ദ്ര സര്‍ക്കാരിനുകീഴിലുള്ള നാഷണല്‍ ഹൈവേ അതോറിറ്റി പോലെയാണ് കിഫ്ബി പ്രവര്‍ത്തിക്കുന്നത്. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് മസാലബോണ്ടു വഴി 5000 കോടി രൂപ സമാഹരിക്കാന്‍ റിസര്‍വ്വ് ബാങ്ക് അനുമതി നല്‍കുകയും അവര്‍ ബോണ്ട് പുറപ്പെടുവിക്കുകയും ചെയ്തതാണ്. കിഫ്ബിയുടെ മസാല ബോണ്ട് ഫെമ ലംഘനവും തെറ്റായ ധനസമാഹരണവും ആവുകയും ഹൈവേ അതോറിറ്റിയുടെ മസാല ബോണ്ട് പരിശുദ്ധമാവുകയും ചെയ്യുന്ന വിചിത്രമായ ലോജിക്കാണ് കേന്ദ്ര ഗവൺമെന്റ് മുന്നോട്ടുവെച്ചത്. കിഫ്ബി, പെന്‍ഷന്‍ ഫണ്ട് എന്നിവയുടെ വായ്പയിനത്തില്‍ 14,000 കോടി രൂപയാണ് കേരളത്തിന്‍റെ അനുവദനീയമായ കടമെടുപ്പ് തുകയില്‍ നിന്നും കേന്ദ്രം വെട്ടിക്കുറച്ചത്.

ഇങ്ങനെ കേന്ദ്ര നയത്താല്‍ വരിഞ്ഞുമുറുക്കപ്പെട്ട സംസ്ഥാനത്ത് ആശ്വാസ ബജറ്റാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ചത്. വിലക്കയറ്റം തടയാന്‍ 2000 കോടി, അതിദാരിദ്യ നിര്‍മ്മാര്‍ജജനത്തിന് 80 കോടി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 14,149 കോടി, കുടുംബശ്രീയ്ക്ക് 260 കോടിരൂപ, സാമൂഹ്യ സുരക്ഷാ പെന്‍ഷന് 9764 കോടി രൂപ, ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി 71,861 വീടുകള്‍ക്കും 30 ഭവന സമുച്ചയങ്ങള്‍ക്കുമായി 1436 കോടി രൂപ, മേക്ക് ഇന്‍ കേരള പദ്ധതി, റബ്ബര്‍ വിലയിടിവ് തടയുന്നതിന് 600 കോടി ഇങ്ങനെ വകയിരുത്തിയത് ഈ നാടിന്‍റെ പുരോഗതിക്കു വേണ്ടിയാണ്.

ഒരു മേഖലയെയും ഒഴിവാക്കിയിട്ടില്ല. നാം കാലിടറിപ്പോകരുത് എന്നതുതന്നെയാണ് സര്‍ക്കാരിന്‍റെ നിര്‍ബന്ധം. സംസ്ഥാനത്തിന് മുന്നോട്ടു പോകണമെങ്കില്‍ ചില നികുതി പരിഷ്കരണങ്ങള്‍ അനിവാര്യമാണ്. ഇപ്പോഴും സര്‍ക്കാര്‍ അതേ ചെയ്തിട്ടുള്ളൂ. കേന്ദ്രം ഞെരുക്കുന്നതിനെ എതിര്‍ക്കാതിരിക്കുകയും സംസ്ഥാനത്തിന് വിഭവ സമാഹരണത്തിന് തടസ്സം നില്‍ക്കുകയും ചെയ്യുന്നത് ആരുടെ നډയ്ക്കു വേണ്ടിയാണ്? ഈ നാട്ടിലെ ജനങ്ങളുടെ നന്മയ്ക്കു വേണ്ടിയല്ല. ഇത്രയും ഇവിടെ പറയേണ്ടി വന്നത്, ബജറ്റില്‍ കൊണ്ടുവന്ന പുതിയ നിര്‍ദേശങ്ങളെ നശീകരണ സ്വഭാവത്തോടെ എതിര്‍ക്കുന്ന പ്രതിപക്ഷ സമീപനം തുടരുന്നത് കൊണ്ടാണ്. എതിര്‍പ്പിന് വേണ്ടിയുള്ള ഇത്തരം സമീപനം പ്രതിപക്ഷം ഒഴിവാക്കണം. നാടിനു വേണ്ടി ഒന്നിച്ച് നില്‍ക്കാന്‍ തയാറാകണം എന്നാണു ഈ ഘട്ടത്തില്‍ അഭ്യര്‍ത്ഥിക്കാനുള്ളത്.

62 ലക്ഷം ആളുകള്‍ക്ക് മാസം കൃത്യമായി വിവിധ തരം സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ നല്‍കുന്നതിന് ഏര്‍പ്പെടുത്തിയ നികുതി വലിയ തെറ്റാണെന്ന് പറയുന്നവര്‍ക്ക് കടക്കെണി എന്ന ആരോപണം ഉപേക്ഷിച്ചതുപോലെ ഇതും മാറ്റി പറയേണ്ടിവരും. സാമൂഹ്യസുരക്ഷ, സാമ്പത്തിക വളര്‍ച്ച, പശ്ചാത്തല സൗകര്യ വികസനം, ധനധൃഢീകരണം എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാന സര്‍ക്കാര്‍ പ്രതികൂല പരിതസ്ഥിതികളെ അതിജീവിച്ച് മുന്നോട്ടുപോകാനുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. മറിച്ചുള്ള പ്രചരണങ്ങള്‍ വസ്തുതകളുടെ പിന്‍ബലമില്ലാത്തതാണ്.

ഇന്ത്യയിലെ നിയന്ത്രിത ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം പരിമിതമാണ്. സംസ്ഥാനങ്ങളുടെ ഫിസ്കല്‍ സ്പേസ് കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളില്‍ വീണ്ടും ചുരുങ്ങിയിട്ടുണ്ട്. ഇതിന് കോണ്‍ഗ്രസ് – ബി.ജെ.പി. സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്ത്വമുണ്ട്. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ക്ഷേമ വികസന നയം നടപ്പാക്കാനുള്ള ശ്രമത്തിലാണ് കേരളത്തിലെ എല്‍.ഡി.എഫ്. സര്‍ക്കാര്‍. ഇതിനായുള്ള നടപടികളെ കണ്ണടച്ച് എതിര്‍ക്കുയാണ് കോണ്‍ഗ്രസ്സും ബിജെപിയും. അതവരുടെ രാഷ്ട്രീയം. ആ രാഷ്ട്രീയം പക്ഷെ കേരളത്തിലെ ജനങ്ങള്‍ തിരസ്കരിക്കുന്ന രാഷ്ട്രീയമാണ്.

പശ്ചാത്തല സൗകര്യ വികസനത്തിനും സാമൂഹിക ക്ഷേമത്തിനും വ്യവസായ സൗഹൃദ അന്തരീക്ഷത്തിനും മുന്‍ഗണന നല്‍കുന്ന കാര്യക്ഷമതയുള്ള ചലിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളത്.

യു.ഡി.എഫിന്‍റെ കാലത്ത് കട്ടപ്പുറത്തിരുന്ന പദ്ധതികള്‍ പലതും ഇന്ന് യാഥാര്‍ത്ഥ്യമാവുകയാണ്. ദേശീയപാത വികസന കാര്യത്തില്‍ യു.ഡി.എഫ് സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥത മൂലം സംസ്ഥാനത്തിന് ഭാരിച്ച ചെലവ് വര്‍ദ്ധനയുണ്ടായി. സംസ്ഥാന സര്‍ക്കാരിന് സ്ഥലമേറ്റെടുക്കലിന്‍റെ 25 ശതമാനം ചെലവ് വഹിക്കേണ്ടതായും വന്നു. ഇന്ന് ദേശീയപാതാ വികസനം വളരെ വേഗത്തില്‍ യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്. ചലിക്കുന്ന സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളിലൂടെ വളരുന്ന കേരളത്തെയാണ് നാമിന്ന് കാണുന്നത്. സ്ഥിതിവിവരക്കണക്കുകള്‍ തെറ്റായി അവതരിപ്പിച്ച് ഇതിനെ മറച്ചുപിടിക്കാനുള്ള പാഴ്ശ്രമം യു.ഡി.എഫ് അവസാനിപ്പിക്കണം.

സംസ്ഥാനത്തിന്‍റെ അവകാശങ്ങളും വികസന ആവശ്യങ്ങളും കേന്ദ്ര സര്‍ക്കാരിനു മുന്നില്‍
സംസ്ഥാന സര്‍ക്കാര്‍ ശക്തമായി ഉന്നയിക്കുന്നുണ്ട്. യു.ഡി.എഫ് ഇക്കാര്യത്തിലെല്ലാം കേരളത്തിന്‍റെ വികസന ആവശ്യങ്ങള്‍ക്ക് പ്രതികൂലമായ സമീപനമാണ് കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ പോലും സ്വീകരിക്കുന്നത്. ഇത്തരത്തില്‍ സംസ്ഥാന താല്‍പ്പര്യത്തിന് എല്ലാ വിധത്തിലും തടസ്സം സൃഷ്ടിക്കുന്ന സമീപനം സ്വീകരിക്കുന്ന യു.ഡി.എഫിന്‍റെയും കേരളത്തെ നശീകരണ ബുദ്ധിയോടെ കാണുന്ന ബിജെപിയുടെയും ഭാഗത്തുനിന്ന് കേരളത്തിന്‍റെ ധനസ്ഥിതിയെപ്പറ്റി തെറ്റിദ്ധാരണാജനകമായ കാര്യങ്ങള്‍ വരുന്നതിനെ ആ രീതിയില്‍ തന്നെ ജനങ്ങള്‍ കാണുമെന്ന് ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്.

നൂറുദിന പരിപാടി

തുടര്‍വിജയം നേടി ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരമേറ്റ് ഈ മെയ് ഇരുപതിന് രണ്ടു വര്‍ഷം പൂര്‍ത്തിയാവുകയാണ്. പ്രകടന പത്രികയില്‍ നല്‍കിയ 900 വാഗ്ദാനങ്ങള്‍ നടപ്പാക്കി സ്ഥായിയായ വികസന മാതൃക യാഥാര്‍ത്ഥ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നാളത്തെ തലമുറ ആഗ്രഹിക്കുന്ന ആധുനിക തൊഴിലവസരങ്ങള്‍ കേരളത്തില്‍ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. അതിനായി കേരളത്തെ വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും പരിവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടികള്‍ മുന്നോട്ടുകൊണ്ടുപോവുകയാണ്.

പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതിനോടൊപ്പം പ്രത്യേക ശ്രദ്ധ ചെലുത്തേണ്ട മേഖലകളെ ഉള്‍പ്പെടുത്തി പ്രത്യേക നൂറുദിന കര്‍മ്മപരിപാടി ആവിഷ്കരിക്കാനും കഴിഞ്ഞു. രണ്ട് നൂറുദിന കര്‍മ്മപരിപാടികളാണ് ഒന്നേ മുക്കാല്‍ വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് പൂര്‍ത്തിയാക്കിയത്. രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മൂന്നാമത്തെ നൂറു ദിന കര്‍മ്മപരിപാടി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നു. നാളെ (ഫെബ്രുവരി 10) മുതല്‍ 100 ദിവസം കൊണ്ട് 15896.03 കോടിയുടെ പദ്ധതികള്‍ നടപ്പാക്കും.

സംസ്ഥാന പുരോഗതിക്ക് ഗതിവേഗം കൂട്ടുന്ന അനേകം പദ്ധതികളാണ് ഇതിലൂടെ യാഥാര്‍ഥ്യമാകുക.ആകെ 1284 പ്രോജക്റ്റുകള്‍ നൂറുദിന പരിപാടിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 15896.03 കോടി രൂപ അടങ്കലും 4,33,644 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കലും ഈ നൂറുദിന പരിപാടിയില്‍ ലക്ഷ്യമിടുന്നു.

പശ്ചാത്തല വികസന പരിപാടികളും നൂറുദിന പരിപാടിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. വകുപ്പുതലത്തിലുള്ള വിശദ വിവരങ്ങള്‍ പരിപാടിയുടെ ഭാഗമായുള്ള വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതിനാല്‍ ഇവിടെ ഓരോ പരിപാടിയും പ്രത്യേകം എടുത്തു പറയുന്നില്ല.

എങ്കിലും പ്രധാനപ്പെട്ട ചിലത് ഇവിടെ പറയുകയാണ്. ലൈഫ് പദ്ധതിയുടെ ഭാഗമായി 20,000 വ്യക്തിഗത ഭവനങ്ങളുടെ പൂര്‍ത്തീകരണം നൂറുദിന പരിപാടിയില്‍ ലക്ഷ്യമിടുന്നു. മെയ് 17 ന് കുടുംബശ്രീ സ്ഥാപക ദിനം ആചരിക്കുന്നതാണ്. കുടുംബശ്രീയുടെ ഉല്‍പ്പന്നങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ് ഫോം വഴി ലഭ്യമാക്കാന്‍ സംവിധാനം ഒരുക്കും.

പച്ചക്കറി ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് അത്യുല്‍പ്പാദന ശേഷിയുള്ള ഹൈബ്രിഡ് പച്ചക്കറി വിത്തുകളുടെ ഉല്‍പ്പാദനവും വിതരണവും ആരംഭിക്കും. റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി വയനാട് സെന്‍റര്‍ ഓഫ് എക്സലന്‍സ് കാര്‍ഷിക വികസനത്തിന്‍റെ ഭാഗമായി നടപ്പിലാക്കും.

പുനഗര്‍ഗേഹം പദ്ധതിയുടെ ഭാഗമായി മുട്ടത്തറയില്‍ 400 വീടുകളുടെ ശിലാസ്ഥാപനത്തോടുകൂടിയാണ് നൂറുദിന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നടത്തുന്നത്. നൂറുദിനങ്ങളില്‍ പുനര്‍ഗേഹം പദ്ധതി പ്രകാരം വിവിധ ജില്ലകളില്‍ ആയിരത്തോളം ഭവനങ്ങളുടെ താക്കോല്‍ദാനവും നടത്തുന്നതാണ്.

സഹകരണ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ 500 ഏക്കര്‍ തരിശുഭൂമിയില്‍ 7 ജില്ലകളില്‍ ഒരു ജില്ലക്ക് ഒരു വിള അനുയോജ്യമായ പദ്ധതി നടപ്പാക്കുന്നതാണ്. ഫ്ളോട്ടിംഗ് സോളാര്‍ പ്ലാന്‍റുകള്‍ സ്ഥാപിക്കുന്നതിനായി ഏകജാലക അനുമതി സംവിധാനം ഏര്‍പ്പെടുത്തും.

ബ്രഹ്മപുരം സൗരോര്‍ജജ പ്ലാന്‍റിന്‍റെ ഉദ്ഘാടനവും നടത്തും. 275 മെഗാവട്ട് വൈദ്യുതി ഉല്‍പ്പാദനശേഷിയുള്ള പദ്ധതിയാണിത്. പാലക്കാട് ജില്ലയിലെ നടുപ്പതി ആദിവാസി ആവാസ മേഖലകളില്‍ വിദൂര ആദിവാസി കോളനികളിലെ മൈക്രോ ഗ്രിഡ് പദ്ധതി ഉദ്ഘാടനം ചെയ്യും.

വ്യവസായ വകുപ്പിന്‍റെ പദ്ധതിയായ ഒരു ലക്ഷം സംരംഭങ്ങളുടെ ഭാഗമായി 2,80,934 പ്രത്യക്ഷ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. ജലവിഭവ വകുപ്പ് 1879.89 കോടിയുടെയും, പൊതുമരാമത്ത് വകുപ്പില്‍ 2610.56 കോടിയുടെയും, വൈദ്യുതി വകുപ്പില്‍ 1981.13 കോടിയുടെയും, തദ്ദേശസ്വയംഭരണ വകുപ്പ് 1595.11 കോടിയുടെയും അടങ്കലുള്ള പരിപാടികളാണ് നടപ്പിലാക്കുന്നത്. ഈ നൂറുദിന പരിപാടി സമാപിക്കുമ്പോള്‍ മുന്‍ പരിപാടികളെപ്പോലെ നടപ്പാക്കിയ പ്രോജക്റ്റുടെ പുരോഗതി വെബ്സൈറ്റിലൂടെ ജനങ്ങളെ അറിയിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version