ദുബായ്: എമിറേറ്റ്‌സ് ഡ്രോ, ദുബായ് മഹ്‌സൂസ്, അബുദാബി ബിഗ് ടിക്കറ്റ് എന്നിവയ്ക്ക് പുറമേ ദുബായ് ഡ്യൂട്ടി ഫ്രീ (ഡിഡിഎഫ്) പ്രമോഷന്‍ നറുക്കെടുപ്പുകളിലൂടെയും ഇന്ത്യന്‍ പ്രവാസികള്‍ കോടികള്‍ വാരിക്കൂട്ടുന്നത് തുടരുന്നു. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ പ്രമോഷനില്‍ 45 കാരനായ ഇന്ത്യക്കാരനാണ് ഒരു മില്യണ്‍ ഡോളര്‍ (8,31,43,550 രൂപ) സമ്മാനം നേടിയത്.
ഷാര്‍ജയില്‍ ഐടി എന്‍ജിനീയറായ ആന്ധ്രാപ്രദേശ് സ്വദേശി കര്‍ണയ്യ മണ്ടോളയാണ് എട്ട് കോടി 31 ലക്ഷം രൂപയുടെ അവകാശി. 1999 മുതല്‍ ആരംഭിച്ച മില്ലേനിയം മില്യണയര്‍ പ്രമോഷനില്‍ ഒരു മില്യണ്‍ ഡോളര്‍ നേടുന്ന 217ാമത്തെ ഇന്ത്യന്‍ പൗരനാണ് മണ്ടോള.
ദുബായ് ഇന്റര്‍നാഷണലില്‍ നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയര്‍ സീരീസ് 437 നറുക്കെടുപ്പില്‍ 4576 എന്ന ടിക്കറ്റലൂടെയാണ് കര്‍ണയ്യ കോടീശ്വരനായത്. എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായി ജോലിചെയ്യുന്ന കര്‍ണയ്യ കഴിഞ്ഞ എട്ട് വര്‍ഷമായി നറുക്കെടുപ്പില്‍ പങ്കെടുക്കുന്നുണ്ട്.
കടങ്ങള്‍ തീര്‍ക്കാനും മക്കളുടെ വിദ്യാഭ്യാസം ഉറപ്പാക്കാനും ഈ തുക ഉപയോഗപ്പെടുത്തുമെന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കുറച്ച് പണം മാറ്റിവയ്ക്കുമെന്നും കര്‍ണയ്യ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ് സംഘാടകരോട് പറഞ്ഞു.
ഡിഡിഎഫില്‍ ടിക്കറ്റുകള്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്നത് പ്രവാസി ഇന്ത്യക്കാരാണ്. മില്ലേനിയം മില്യണയര്‍ സീരീസ് 434ല്‍ പ്രവാസി ഇന്ത്യക്കാരനായ സയ്യിദ് അലി ബാദുഷ ആയിരുന്നു വിജയി.