Kerala

കെ-റെയിൽ വരും പുതിയ രൂപത്തിൽ? യാത്ര കേരളത്തിനു പുറത്തേയ്ക്കും; 20 ലക്ഷം കോടി മുടക്കാൻ സർക്കാർ

Published

on

തിരുവനന്തപുരം: കേരളത്തിൽ കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾ ട്രാക്കിലിറക്കാൻ ശ്രമം തുടരുമ്പോഴും കെ റെയിൽ സിൽവർലൈൻ അടഞ്ഞ അധ്യായമല്ലെന്നാണ് കേന്ദ്രസർക്കാർ നിലപാട്. നാലുമണിക്കൂർ കൊണ്ട് കേരളത്തിലെവിടെയും എത്തുന്ന സെമി ഹൈസ്പീഡ് റെയിൽ യാഥാർഥ്യമാകുമെന്നാണ് സംസ്ഥാന സർക്കാരും പ്രതീക്ഷിക്കുന്നത്. എന്നാൽ കേരളം സമർപ്പിച്ച ഡിപിആറിന് ഇനിയും അന്തിമ അനുമതി നൽകാൻ കേന്ദ്ര റെയിൽവേ മന്ത്രാലയം തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ പദ്ധതിയിൽ സമൂല അഴിച്ചുപണി വേണ്ടിവന്നേക്കുമെന്നാണ് കരുതപ്പെടുന്നത്. രാജ്യത്തെ റെയിൽ ഗതാഗതരംഗം മൊത്തത്തിൽ അഴിച്ചുപണിയാനുള്ള കേന്ദ്രപദ്ധതിയാണ് കെ-റെയിൽ സിൽവർലൈനിന് വിലങ്ങുതടിയാകുന്നത് എന്നാണ് കരുതപ്പെടുന്നത്.

മുൻപ് കേരളത്തിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതി പരിഗണിച്ചിരുന്നെങ്കിലും ഉയർന്ന നിർമാണച്ചെലവു മൂലമാണ് മണിക്കൂറിൽ 200 കിലോമീറ്റർ വേഗമുള്ള സെമി ഹൈസ്പീഡ് ട്രെയിൻ കേരളം പരിഗണിച്ചത്. ഭൂമി ഏറ്റെടുത്ത് നിലവിലെ ട്രാക്കിലെ വളവുകൾ നിവർത്തിയും സിഗ്നലിങ് മെച്ചപ്പെടുത്തിയും ട്രെയിനുകളുടെ വേഗത കൂട്ടുന്നതിലും ലാഭകരം 65000 കോടിയോളം ചെലവുവരുന്ന സിൽവർലൈൻ പദ്ധതിയാണെന്നാണ് എൽഡിഎഫ് വാദിക്കുന്നത്. എന്നാൽ വന്ദേ ഭാരത് അനുവദിച്ചതിനു പിന്നാലെ പടിപടിയായി കേരളത്തിലെ ട്രാക്കുകളിലെ പരമാവധി വേഗത കൂട്ടുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു കഴിഞ്ഞു. നാലുവർഷത്തിനുള്ളിൽ കേരളത്തിലെ ട്രെയിനുകളുടെ പരമാവധി വേഗം 160 കിലോമീറ്ററായി വർധിപ്പിക്കുമെന്നും വളവുകൾ നിവർത്തുന്നതോടെ തിരുവനന്തപുരം മുതൽ കാസർകോട് വരെ അഞ്ചര മണിക്കൂർ കൊണ്ട് പിന്നിടാൻ സാധിക്കുമെന്നുമാണ് കേന്ദ്ര റെയിൽവേ മന്ത്രിയുടെ പ്രഖ്യാപനം. രാജ്യമൊട്ടാകെ ട്രെയിനുകളുടെ വേഗം കൂട്ടാനുള്ള കേന്ദ്രപദ്ധതിയുടെ ഭാഗമാണ് കേരളത്തിലെ നീക്കങ്ങളും.

വരുന്ന ഏതാനും വർഷങ്ങൾക്കുള്ളിൽ രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് ബുള്ളറ്റ് ട്രെയിനുകളും മറ്റിടങ്ങളെ ബന്ധിപ്പിച്ച് സെമി ഹൈസ്പീഡ് ട്രെയിനുകളും യാഥാർഥ്യമാക്കാനാണ് റെയിൽവേയുടെ പദ്ധതി. രാജ്യത്തെ ആദ്യ ഹൈസ്പീഡ് റെയിൽ പദ്ധതിയായ മുംബൈ – അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ ട്രാക്കിൻ്റെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. ബുള്ളറ്റ് ട്രെയിനുകൾക്കായി ഗ്രീൻഫീൽഡ് ട്രാക്കുകൾ നിർമിക്കുമ്പോൾ സെമി ഹൈസ്പീഡ് ട്രെയിനുകൾ ഓടിക്കാനായി നിലവിലെ ട്രാക്കുകൾ മെച്ചപ്പെടുത്താനാണ് റെയിൽവേ ഉദ്ദേശിക്കുന്നത്. വലിയ മെട്രോ നഗരങ്ങളില്ലാത്ത കേരളത്തിൽ പരിഗണിക്കുന്നതും സെമി ഹൈസ്പീഡ് റെയിൽവേയാണ്. 160 കിലോമീറ്റർ മുതൽ 200 കിലോമീറ്റർ വരെ വേഗമുള്ള ട്രെയിനുകളെയാണ് ഇന്ത്യൻ റെയിൽവേ സെമി ഹൈസ്പീഡ് ട്രെയിനായി പരിഗണിക്കുന്നത്.

രാജ്യത്ത് 10,000 കിലോമീറ്റർ ഹൈസ്പീഡ് റെയിൽവേ നിർമിക്കാനും നിലവിലെ ട്രാക്കുകൾ പരിഷ്കരിക്കാനുമായി കേന്ദ്രം നീക്കിവെക്കുന്നത് 20 ലക്ഷം കോടി രൂപയാണ്. നിർമാണഘട്ടത്തിലുള്ള മുംബൈ – അഹമ്മദാബാദ് പാതയ്ക്കു പുറമെ ഡൽഹി – വാരണസി (865 കിലോമീറ്റർ), മുംബൈ – നാഗ്പൂർ (753 കിലോമീറ്റർ), ഡൽഹി – അഹമ്മദാബാദ് (886 കിലോമീറ്റർ), ചെന്നൈ – മൈസൂർ (435), ഡൽഹി – അമൃത്സർ (459 കിലോമീറ്റർ), മുംബൈ – ഹൈദരാബാദ് (711 കിലോമീറ്റർ), വാരണസി – ഹൗറ (760) പാതകളും ദേശീയ ഹൈസ്പീഡ് റെയിൽ കോ‍ർപ്പറേഷൻ്റെ പരിഗണനയിലുണ്ട്. മണിക്കൂറിൽ 350 കിലോമീറ്റ‍ർ വേഗതയിലായിരിക്കും ഈ പാതകളിൽ ട്രെയിനുകൾ കുതിയ്ക്കുക. ഇതിനു പുറമെ ബെംഗളൂരു – ഹൈദരാബാദ് പാത ഉൾപ്പെടെ ചില സംസ്ഥാനങ്ങൾ മുന്നോട്ടു വെച്ച മറ്റു ചില റൂട്ടുകളും കേന്ദ്രം പരിഗണിക്കുന്നുണ്ട്. 10 വ‍ർഷത്തിനുള്ളിൽ ഈ പദ്ധതികളിൽ മുന്നേറ്റമുണ്ടാക്കാനാണ് ലക്ഷ്യം. സമാനമായ പദ്ധതി നടപ്പാക്കിയാൽ രണ്ട് മണിക്കൂ‍ർ സമയം കൊണ്ട് തിരുവനന്തപുരത്തു നിന്ന് കാസർകോട് വരെയെത്താമെങ്കിലും ഇത് കേന്ദ്രസ‍ർക്കാർ പരിഗണിക്കുന്നില്ല. വലിയ ജനസംഖ്യയുള്ള നഗരങ്ങളെ തമ്മിൽ ബുള്ളറ്റ് ട്രെയിൻ വഴി ബന്ധിപ്പിച്ചാൽ ശേഷിക്കുന്ന നഗരങ്ങളിലയേക്ക് ഇവിടെ നിന്ന് സെമി ഹൈസ്പീഡ് ട്രെയിൻ വഴി ഗതാഗതം സാധ്യമാക്കാനാണ് കേന്ദ്ര പദ്ധതി.

പടിപടിയായി വന്ദേ ഭാരത് ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 220 കിലോമീറ്ററായി ബന്ധിപ്പിക്കാനാണ് റെയിൽവേ പദ്ധതിയിടുന്നത്. ഉടൻ പുറത്തിറങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പ‍ർ ട്രെയിനുകളുടെ വേഗത 200 കിലോമീറ്ററായിരിക്കും. അതായത് വേഗത വർധിപ്പിച്ച നിലവിലെ ട്രാക്ക് വഴി കേരളത്തിൽ നിന്ന് ബെംഗളൂരുവിൽ എത്തുന്ന യാത്രക്കാരന് അവിടെ നിന്ന് ഹൈദരാബാദ് വഴി ഡൽഹിയിലേയ്ക്ക് ബുള്ളറ്റ് ട്രെയിനിൽ യാത്ര ചെയ്യാനാകും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version