Gulf

ജിദ്ദ കോണ്‍സുലേറ്റിന്റെ ഓപണ്‍ ഹൗസ് 29ന്; ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടാം

Published

on

ജിദ്ദ: സൗദി അറേബ്യയിലെ പടിഞ്ഞാറന്‍, തെക്ക്പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ പ്രവാസി ഇന്ത്യക്കാരുടെ തൊഴില്‍-താമസരേഖ പ്രശ്‌നങ്ങള്‍, എക്‌സിറ്റ് വിസ, പാസ്‌പോര്‍ട്ട് സംബന്ധമായ പരാതികള്‍ സ്വീകരിക്കുന്നതിനും പരിഹാരം കാണുന്നതിനുമായി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓപണ്‍ ഹൗസ് സംഘടിപ്പിക്കുന്നു.

ജിദ്ദ തഹ്‌ലിയ സ്ട്രീറ്റിലെ കോണ്‍സുലേറ്റ് അങ്കണത്തില്‍ സപ്തംബര്‍ 29 വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നു മണി മുതലാണ് ഓപണ്‍ ഹൗസ് ആരംഭിക്കുകയെന്ന് കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം അറിയിച്ചു. എംബസിയിലെ തൊഴില്‍, പാസ്‌പോര്‍ട്ട് വിഭാഗം കോണ്‍സല്‍മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സംബന്ധിക്കും.

പ്രവാസി ഇന്ത്യക്കാര്‍ക്ക് തൊഴില്‍ സംബന്ധമായ പരാതികള്‍ രേഖാമൂലം സമര്‍പ്പിക്കാവുന്നതാണ്. സേവനങ്ങള്‍ ആവശ്യമുള്ളവര്‍ ഇഖാമ, പാസ്‌പോര്‍ട്ട് എന്നിവ ലഭ്യമാണെങ്കില്‍ ഒറിജിനലോ പകര്‍പ്പോ ഡിജിറ്റല്‍ പകര്‍പ്പോ കൈവശം സൂക്ഷിക്കുന്നത് ഉപകാരപ്രദമാണ്.

ജിദ്ദ, മക്ക, തായിഫ്, അല്‍ബാഹ, ഖമീസ് മുഷൈത്ത്/അബഹ, യാമ്പു, മദീന, തബൂക്ക്, ജിസാന്‍, നജ്‌റാന്‍, ബിഷ തുടങ്ങിയ പ്രധാന നഗരങ്ങള്‍ ജിദ്ദ കോണ്‍സുലേറ്റിന്റെ പരിധിയിലാണ് വരുന്നത്. സൗദിയിലെ മറ്റു ഭാഗങ്ങളിലുള്ളവര്‍ക്ക് റിയാദ് ഇന്ത്യന്‍ എംബസിയില്‍ നിന്നാണ് ഇത്തരം സേവനങ്ങള്‍ ലഭ്യമാവുക. ദമാം, ജുബൈല്‍ തുടങ്ങിയ ഭാഗങ്ങളിലുള്ളവരും സേവനങ്ങള്‍ക്കായി റിയാദ് ഇന്ത്യന്‍ എംബസിയെയാണ് സമീപിക്കേണ്ടത്. ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തിലും പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമത്തിനും പാസ്‌പോര്‍ട്ട് പുതുക്കലും അറ്റസ്റ്റേഷന്‍ ഉള്‍പ്പെടെ ലഭ്യമാക്കുന്നതിനുമായി ഓപണ്‍ ഹൗസുകളും കോണ്‍സുലാര്‍ ക്യാംപുകളും സംഘടിപ്പിച്ചുവരുന്നുണ്ട്.

ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് അടുത്ത വെള്ളിയാഴ്ച (സപ്തംബര്‍ 22) യാമ്പുവില്‍ കോണ്‍സുലാര്‍ ക്യാംപ് സംഘടിപ്പിക്കുന്നുണ്ട്. പാസ്‌പോര്‍ട്ട് പുതുക്കലും അറ്റസ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള മറ്റ് എംബസി സേവനങ്ങളും ക്യാംപില്‍ ലഭ്യമായിരിക്കും. ഇത്തരം സേവനങ്ങള്‍ നല്‍കാന്‍ ചുമതലയുള്ള വിഎഫ്എസ് ഗ്ലോബല്‍ എന്ന ഔട്ട്‌സോഴ്‌സിങ് ഏജന്‍സിയാണ് കോണ്‍സുലേറ്റിന്റെ സഹായത്തോടെ ക്യാംപ് സംഘടിപ്പിക്കുന്നത്.

കോണ്‍സുലാര്‍ സേവനങ്ങള്‍ ലഭിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ https://services.vfsglobal.com/sau/en/ind/book-an-appointment എന്ന ലിങ്കില്‍ കയറി മുന്‍കൂര്‍ അപ്പോയിന്റ്‌മെന്റ് എടുക്കണം. ക്യാംപിന്റെ ഒരാഴ്ച മുമ്പ് മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിരുന്നു. അപ്പോയിന്റ്‌മെന്റ് എടുക്കാതെ നേരിട്ട് ഹാജരാവുന്നവര്‍ക്ക് ക്യാംപില്‍ നിന്ന് സേവനം ലഭിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് കോണ്‍സുലേറ്റിന്റെ 00966122614093 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

നജ്‌റാന്‍, അല്‍ബാഹ, തബൂക്ക് എന്നിവിടങ്ങളില്‍ കോണ്‍സുലേറ്റ് വിഎഫ്എസ് ഗ്ലോബലുമായി സഹകരിച്ച് ഈ മാസം കോണ്‍സുലാര്‍ ക്യാംപുകള്‍ സംഘടിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version