Kerala

‘ജയ ജയ ഹേ’ റീലോഡഡ് ; കരാട്ടയിലൂടെ കള്ളനെ കീഴടക്കി പ്ലസ്‌വൺ വിദ്യാർത്ഥിനി

Published

on

ഹില്‍പാലസ്: വീടിനുള്ളില്‍ കയറി ആക്രമിക്കാനെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് രക്ഷയായത് കരാട്ടെയും തേങ്ങയും. പറപ്പിള്ളി റോഡ് ശ്രീനിലയത്തില്‍ അനഘയാണ് അക്രമിയെ ഒരു തേങ്ങ കൊണ്ട് ഒതുക്കിയത്. ചൊവ്വാഴ്ച രാവിലെ 7.30 നാണ് സംഭവം.

അമ്മയും അച്ഛനും വീട്ടില്‍ നിന്ന് ഇറങ്ങിയതിനു പിന്നാലെ അടുക്കള വാതില്‍ പൂട്ടാന്‍ ചെന്നപ്പോള്‍ ആയിരുന്നു ഈ സംഭവം. വാതിലിനു പിന്നില്‍ പതുങ്ങിയ അക്രമിയുെട നിഴല്‍ കണ്ടതോടെ അനഘ ആദ്യമൊന്നു പകച്ചു. വീട്ടില്‍ നിന്നെടുത്ത കത്തിയുമായി അക്രമി അനഘയുടെ നേര്‍ക്ക് വീശി. കഴുത്തിനു നേരെ രണ്ട് പ്രാവശ്യം കത്തി വീശി. പിന്നോട്ടു മാറിയെങ്കിലും അക്രമി വിട്ടില്ല. ഒടുവില്‍ അനഘ കൈ കൊണ്ട് തടഞ്ഞു. കയ്യില്‍ മുറിവേറ്റു. അക്രമി അനഘയുടെ വാ പൊത്തിയതോടെ ശ്വാസം മുട്ടി.

ആദ്യമൊന്നു പകച്ചു പോയെങ്കിലും ആത്മധൈര്യം വീണ്ടെടുത്ത് അനഘ അക്രമിയുടെ അടിവയറിലേക്കു മുട്ടുകൊണ്ട് ചവിട്ടി. സമീപത്തു കിടന്ന തേങ്ങ ഉപയോഗിച്ച് അക്രമിയുടെ തലയ്ക്ക് അടിച്ചു. പിന്നാലെ മതില്‍ ചാടി അക്രമി രക്ഷപെട്ടു. പത്ത് വര്‍ഷത്തെ കരാട്ടെ പരിശീലനം ആണ് അക്രമിയെ നേരിടാന്‍ അനഘയ്ക്ക് സഹായമായത്.

ക്ലീന്‍ ഷേവ് ചെയ്ത അക്രമിക്ക് നല്ല ഉയരം ഉണ്ടായിരുന്നു. ആക്രമണത്തിനിടെ അക്രമി ഒന്നും മിണ്ടിയില്ല. സ്ഥിരമായി ഉപയോഗിക്കാത്ത കത്തി ആയതിനാല്‍ മുറവ് ഗുരുതരമായില്ല. ഹില്‍പാലസ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

പ്രതി രണ്ടു ദിവസമായി ഈ മേഖലയില്‍ കറങ്ങി നടക്കുന്നുണ്ടെന്നാണു വിവരം. പ്രതി ഇതരസംസ്ഥാനക്കാരനാണെന്നാണു സൂചന. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

തൃപൂണിത്തുറ ഗവ. ഗേള്‍സ് ഹൈസ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് അനഘ. കരിങ്ങാച്ചിറയില്‍ ഐഇഎല്‍ടിഎസ് സ്ഥാപനം നടത്തുകയാണ് അമ്മ നിഷ. അച്ഛന്‍ അരുണിനു ബിസിനസാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version