ദുബായ്: യുഎഇയിലെ ദുബായില്‍ ഓഫ്-ഷോര്‍ കാമ്പസ് സ്ഥാപിക്കാന്‍ ജയ്പൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. കാമ്പസ് സ്ഥാപിക്കുന്നതിനുള്ള യൂണിവേഴ്‌സിറ്റിയുടെ ശുപാര്‍ശ അംഗീകരിച്ചതായും 2003 ലെ യുജിസി (യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ ചട്ടങ്ങളനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കിയതായും മന്ത്രാലയം ഔദ്യോഗിക അറിയിപ്പില്‍ വ്യക്തമാക്കി.
അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുമ്പ്, പ്രവര്‍ത്തനാനുമതി നല്‍കുന്നതിനുള്ള യുജിസിയുടെ നിബന്ധനകള്‍ സര്‍വകലാശാല ഔദ്യോഗികമായി അംഗീകരിക്കുകയും നടപ്പിലാക്കുകയും വേണം. കാമ്പസില്‍ യുജിസി മാനദണ്ഡ പ്രകാരം അടിസ്ഥാന സൗകര്യങ്ങളും അക്കാദമിക് സംവിധാനങ്ങളും ഒരുക്കാന്‍ സര്‍വകലാശാലയോട് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഓഫ് കാമ്പസ് സ്ഥാപിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന് സാമ്പത്തിക ചെലവുകളോ മറ്റ് ബാധ്യതകളോ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന് മന്ത്രാലയം സര്‍വകലാശാലയോട് നിര്‍ദേശിച്ചു. കാമ്പസ് വരുമാനം ഇതുമായി ബന്ധമില്ലാത്ത ഇതര ആവശ്യങ്ങള്‍ക്കായി വകമാറ്റാന്‍ പാടുള്ളതല്ല.
ദുബായ് കാമ്പസില്‍ നിശ്ചിത വിദ്യാഭ്യാസ നിലവാരം പാലിക്കണമെന്നും ഇന്ത്യന്‍ ഉന്നതവിദ്യാഭ്യാസത്തിന്റെ അന്തസ്സ് കുറയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവരുതെന്നും നിര്‍ദേശിക്കുന്നു. ജയ്പൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റി കേന്ദ്ര സ്ഥാപനമായി തെറ്റിദ്ധരിക്കരുതെന്നും രാജസ്ഥാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയമപ്രകാരം സ്ഥാപിച്ചതാണെന്നും മന്ത്രാലയം ഓര്‍മിപ്പിക്കുന്നു.
2007ല്‍ സ്ഥാപിതമായ ജയ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി യുജിസി അംഗീകാരമുള്ള രാജസ്ഥാനിലെ സ്വകാര്യ സര്‍വകലാശാലയാണ്. എഞ്ചിനീയറിങ്, മാനേജ്മെന്റ്, നിയമം, ഫാര്‍മസി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ വിപുലമായ ബിരുദ, ബിരുദാനന്തര, ഗവേഷണ പ്രോഗ്രാമുകളുണ്ട്.