Gulf

മ​ണി​ക്കൂ​റി​ൽ ഏ​ഴു​ കിലോമീ​റ്റ​ർ വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ക്കും; പട്രോളിങ്ങിന്​​ ഡ്രൈവറില്ലാ വാഹനവുമായി ദുബായ് പോലീസ്

Published

on

യുഎഇ: ഡ്രൈവറില്ലാത്ത വാഹനങ്ങൾ വേഗത്തിൽ നിരത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ദുബായ്. ഇത്തരത്തിലുള്ള വാഹനങ്ങൾ ദുബായ് പോലീസ് പട്രോളിങ്ങിനും ഉൾപ്പെടുത്തുന്നു. ജൈടെക്സ് വേദിയിലാണ് അതിനൂതനമായ ഇത്തരത്തിലൊരു സംവിധാനം കൊണ്ടുവരാൻ തീരുമാനിച്ചിരിക്കുന്ന കാര്യം പോലീസ് അറിയിച്ചത്. പുതിയ വാഹനത്തിലെ സംവിധാനങ്ങളെ കുറിച്ച് പോലീസ് പരിചയപ്പെടുത്തി. നഗരത്തിലെ റസിഡൻഷ്യൽ ഏരിയകളിൽ സുരക്ഷ നിരീക്ഷണത്തിന് ഉപയോഗിക്കാൻ വേണ്ടിയാണ് ഇത്തരത്തിലാരു സംവിധാനം പോലീസ് കൊണ്ടുവരുന്നത്. പൂർണമായും ഇലക്ട്രിക്കായിരിക്കും വാഹനം. 15 മണിക്കൂർ വരെ ഒറ്റ ചാർജിൽ വാഹനം പ്രവർത്തിക്കും. മണിക്കൂറിൽ ഏഴ് കിലോമീറ്റർ വേഗത്തിൽ ഈ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ സാധിക്കും.

എന്നും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് രാജ്യത്ത് പുതിയ വികസന പദ്ധതികൾ കാെണ്ടുവരുന്ന നഗരമാണ് ദുബായ്. ദുബായ് പോലീസ് ജനറൽ ഡിപ്പാർട്മെന്‍റ് ഭരണകാര്യ വിഭാഗമാണ് മേളയിൽ ഇത്തരത്തിലൊരു വാഹനം അവതരിപ്പിച്ചത്. മേളയിൽ വരുന്ന സന്ദർശകർക്ക് പുതിയ വാഹനത്തെക്കുറിച്ച് വിശദീകരിച്ച് കൊടുക്കുന്നുണ്ട്. താമസകേന്ദ്രങ്ങളിൽ ആയിരിക്കും ഈ വാഹനങ്ങളുടെ സേവനം ഉണ്ടായിരിക്കുക. 360 ഡിഗ്രി നിരീക്ഷണ സംവിധാനം ഉള്ള ക്യാമറകൾ ഈ വാഹനത്തിൽ സ്ഥാപിച്ചിട്ടുണ്ട്. വാഹനത്തിന്റെ ക്യാമറ പരിതിയിൽ എവിടെയെങ്കിലും കുറ്റകൃത്യങ്ങൾ നടന്നാൽ അത് തിരിച്ചറിയാൻ സാധിക്കുന്ന തരത്തിലുള്ല സംവിധാനം ഇതിൽ ഉണ്ടായിരിക്കും. പ്രതികളുടെ മുഖവും വാഹനങ്ങളുടെ നമ്പറുകളും പകർത്താൻ ഇവയ്ക്ക് സാധിക്കും.

നിർമിത ബുദ്ധി ഉൾപ്പടെയുള്ള നവീന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. പൊലീസിന്‍റെ കമാൻഡ് ആൻഡ് കൺട്രോൾ സെൻററുമായി എപ്പോഴും ഇത് ആശയവിനിമയം നടത്തും. ഇതിനുള്ള സംവിധാനം എല്ലാം വാഹനത്തിൽ ഉണ്ടായിരിക്കും. സുരക്ഷയുടെ ഭാഗമായി പട്രോളിങ് കാര്യക്ഷമമാക്കാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഡ്രൈവറില്ലാ വാഹനങ്ങളെ കൂടാതെ ഡ്രോണുകളും ഏർപ്പെടുത്തുമെന്ന് ജനറൽ ഡിപ്പാർട്മെന്‍റ് ഭരണകാര്യ വിഭാഗത്തിലെ ലഫ്. റാശിദ് ബിൻ ഹൈദർ പറഞ്ഞു. ഡ്രോണുകൾ വാഹനത്തിന് എത്തിച്ചേരാൻ സാധിക്കാത്ത സ്ഥലങ്ങളിൽ എല്ലാം പരിശോധന നടത്തും. അതിനാലാണ് ഇത്തരത്തിൽ ഒരു സംവിധാനം കൂടി കൊണ്ടുവരാൻ തീരുമാനിച്ചിരിക്കുന്നതെന്ന് ലഫ്. റാശിദ് ബിൻ ഹൈദർ കൂട്ടിച്ചേർത്തു.

ഡ്രൈവറില്ലാ വാഹനളെ കൂടാതെ ജൈടെക്സിൽ ആഡംബര സമുദ്രതല നിരീക്ഷണ വാഹനവും ദുബായ് പോലീസ് പരിചയപ്പെടുത്തുന്നുണ്ട്. സ്പോർട്സ് കാർ രൂപത്തിലാണ് ഈ കാർ തയ്യാറാക്കിയിരിക്കുന്നത്. കടലിൽ എന്തെങ്കിലും അപകടങ്ങൾ ഉണ്ടാകുമ്പോൾ എത്തിച്ചേരാൻ വേണ്ടിയാണ് ഇത്തരത്തിലൊരു വാഹനം തയ്യാറാക്കുന്നതെന്ന് ദുബായ് പോലീസ് അവകാശപ്പെടുന്നു.

മറൈൻ സെക്യൂരിറ്റിയും റെസ്‌ക്യൂ ടീമുകൾ നിരവധി രക്ഷാപ്രവർത്തനങ്ങൾ നടത്താറുണ്ട്. അവർക്കും ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിലാണ് ഈ കാർ തയ്യാറാക്കിയിരിക്കുന്നത്. തുറമുഖ പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ ഡോ. ഹസൻ സുഹൈൽ അൽ സുവൈദിയാണ് ഇക്കാര്യം പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version