ദുബൈ: ദുബൈ കേന്ദ്രമായുള്ള മലയാളി ബിസിനസ് നെറ്റ് വർക്കായ ഇന്റർനാഷണൽ പ്രമോട്ടേഴ്സ് അസോസിയേഷൻ ( ഐപിഐ) തങ്ങളുടെ സേവനങ്ങൾ കൂടുതൽ വിപുലപ്പെടുത്തുവാൻ വേണ്ടി പുതിയ ഓഫീസ് തുറന്നു. അൽ ഖിസൈസ് രണ്ടിലെ ബിൻ അൽത്താനി ബിൽഡിങ്ങിലാണ് ഓഫീസ് തുറന്നത്.പ്രമുഖ വ്യവസായിയും എസ്‌എഫ്സി ഗ്രുപ്പ് ചെയർമാനുമായ മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഐപിഎ ചെയർമാൻ സൈനുദ്ദീൻ ഹോട്ട്പാക്ക്, ഫൗണ്ടർമാരായ എ കെ ഫൈസൽ, ഷാഫി അൽ മുർഷിദി, വൈസ് ചെയർമാൻ റിയാസ് കിൽട്ടൻ, മുൻ ചെയർമാൻ വി കെ ഷംസുദ്ദീൻ, ഡയറക്ടർ ബോർഡ് അംഗങ്ങൾ, എക്സിക്യൂട്ടീവ് മെമ്പർമാർ,സംരംഭക ഉപഭോക്താക്കൾ അടക്കം നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു
സംരംഭകരെ ശാക്തീകരിക്കുന്നതിൽ ബിസിനസ് നെറ്റ് വർക്കുകൾക്ക് ഏറെ പങ്കുവഹിക്കാൻ കഴിയുമെന്ന് എസ്‌എഫ്സി ചെയർമാൻ മുരളീധരൻ പറഞ്ഞു.സംരംഭകർക്ക് കൂടുതൽ മെച്ചപ്പെട്ട അവസരങ്ങളും സാധ്യതകളും ഈ ശൃംഖലകളിലൂടെ ലഭ്യമാവും. ഐപിഎ പോലെയുള്ള നെറ്റ്‌വർക്കുകൾക്ക് ഈ രംഗത്ത് ഏറെ സംഭാവനകൾ നൽകാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.സംരംഭകരുടെയും പ്രൊഫഷണലുടെയും തുടർച്ചയായ വളർച്ചയെ പിന്തുണക്കുന്നതിന് വേണ്ടി വൈവിധ്യമായ പരിപാടികൾ ഇവർ സംഘടിപ്പിച്ചിരുന്നു .എന്റർപ്രൈസ് വെബിനാറുകൾ,ബിസിനസ് മീറ്റുകൾ, ശിൽപ്പശാലകൾ,പ്രദർശനങ്ങൾ, വിജയിതരായ സംരംഭകരുടെ പ്രചോദ സദസ്സുകൾ ,പരസ്പര നെറ്റ്‌വർക്കിംഗ് , നിക്ഷേപാവസരങ്ങൾ അടക്കം,ഈ മേഖലയിലുള്ളവർക്ക് ഗുണകരമായ സേവന പരിപാടികൾ ഐപിഎ പ്ലാറ്റ്ഫോം വഴി ലഭ്യമാക്കിയിരുന്നു.അത്തരം പ്രവർത്തനങ്ങളെ കൂടുതൽ ഊർജ്ജിതപ്പെടുത്താൻ ലക്ഷ്യം വെച്ചാണ് ദുബൈയിൽ ഇവർ ഓഫീസ് തുറന്നിരിക്കുന്നത്. ഏതാണ്ട് 200ലധികം സംരംഭക- ഉപഭോക്താക്കൾ ഐപിഎയിലുണ്ട്.
ഐപിഎ അതിന്റെ ശൃംഖല ശക്തിപ്പെടുത്തുന്നത് തുടരുമ്പോൾ, അതിന്റെ സേവനങ്ങൾ വിപുലീകരിക്കാനും യുഎഇക്ക് പുറത്തുള്ള മലയാളി സംരംഭകരുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു. കൂടുതൽ സംരംഭകർക്ക് അസോസിയേഷന്റെ വൈദഗ്ധ്യവും പിന്തുണയും പ്രയോജനപ്പെടുത്താൻ അനുവദിക്കുന്ന തരത്തിൽ വിവിധ രാജ്യങ്ങളിലെ പ്രധാന ബിസിനസ്സ് ഹബ്ബുകളിൽ- ചാപ്റ്ററുകൾ സ്ഥാപിക്കാനുള്ള പദ്ധതികൾ ആലോചനയിലുണ്ടെന്ന് ചെയർമാൻ സൈനുദ്ദീൻ ഹോട്ട്പാക്ക് പറഞ്ഞു.