ദുബായ്: 2030ഓടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പെട്രോളിതര ഉഭയകക്ഷി വ്യാപാരം 100 ബില്യണ്‍ ഡോളറായി ഉയര്‍ത്താന്‍ യുഎഇയും ഇന്ത്യയും തമ്മില്‍ ധാരണയായി. 2030 ഓടെ 48 ബില്യണ്‍ ഡോളര്‍ വ്യാപാരം ലക്ഷ്യമിട്ടിരുന്ന സ്ഥാനത്താണ് അത് നേരെ ഇരട്ടിയാക്കാന്‍ ധാരണയിലെത്തിയിരിക്കുന്നത്. രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം വര്‍ധിപ്പിക്കുന്നതിനായി 2022ല്‍ സ്ഥാപിതമായ ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (സിഇപിഎ) ആദ്യ സംയുക്ത സമിതി യോഗത്തില്‍ ഉണ്ടായ നിരവധി കരാറുകളുടെ ഭാഗമാണ് തീരുമാനം.
2030 ഓടെ മൊത്തത്തില്‍ 100 ബില്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം എന്ന ലക്ഷ്യത്തിനുപകരം 100 ബില്യണ്‍ ഡോളറിന്റെ പെട്രോളിതര ഉഭയകക്ഷി വ്യാപാരം എന്ന രീതിയിലേക്ക് ലക്ഷ്യം പുനര്‍ നിര്‍ണയിച്ചതായി ഇന്ത്യയുടെ വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. അതായത് നമ്മുടെ പെട്രോളിതര വ്യാപാരം ഇന്നത്തെ 48 ബില്യണ്‍ ഡോളറില്‍ നിന്ന് അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ 100 ബില്യണ്‍ ഡോളറായി ഇരട്ടിയാക്കും. ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സര്‍ക്കാരുകളെ സഹായിക്കാന്‍ പ്രത്യേക കൗണ്‍സില്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
മുന്‍ പാദത്തേക്കാള്‍ 16.3 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഇക്കാര്യത്തില്‍ ഉണ്ടായത്. തുണിത്തരങ്ങള്‍, കാര്‍ഷിക, മരം ഉല്‍പന്നങ്ങള്‍, എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഓട്ടോമൊബൈല്‍സ് എന്നിവയുള്‍പ്പെടെയുള്ള ഇനങ്ങള്‍ ഇന്ത്യയില്‍ നിന്ന് വലിയ തോതില്‍ രാജ്യത്തേക്ക് കയറ്റുമതി ചെയ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു.
11,000 പുതിയ കമ്പനികള്‍ 2022 ല്‍ ദുബായ് ചേംബര്‍ ഓഫ് കൊമേഴ്സില്‍ രജിസ്റ്റര്‍ ചെയ്തു. അതോടെ ആകെ രജിസ്റ്റര്‍ ചെയ്ത ഇന്ത്യന്‍ കമ്പനികള്‍ 83,000ല്‍ അധികമായി. യുഎഇയുടെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി സിഇപിഎ പരിഗണിക്കപ്പെടുമെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രത്യേകിച്ചും, വ്യാപാരം, കഴിവുകള്‍, സാങ്കേതികവിദ്യ, നിക്ഷേപം എന്നിവയുടെ തുറന്ന ആഗോള കേന്ദ്രമായി യുഎഇ സമ്പദ്വ്യവസ്ഥയെ പുനര്‍നിര്‍മ്മിക്കാനുള്ള പുതിയ ദേശീയ തന്ത്രത്തിന്റെ ഭാഗമായുള്ള രാജ്യത്തിന്റെ ആദ്യത്തെ ഉഭയകക്ഷി ഇടപാടാണിതെന്നും അദ്ദേഹം പറഞ്ഞു.