Gulf

ഷാര്‍ജയില്‍ ലീഗ്-സിപിഎം സഖ്യം ഇന്ത്യന്‍ അസോസിയേഷന്‍ പിടിച്ചു; കോണ്‍ഗ്രസ് പുറത്ത്

Published

on

ഷാര്‍ജ: മുസ്‌ലിംലീഗും ഇടതുപക്ഷവും ഒരുമിച്ചതോടെ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ ‘ജനാധിപത്യ മുന്നണി’ അട്ടിമറി വിജയം നേടി. ഒരു മാനേജിങ് കമ്മിറ്റി അംഗം ഒഴികെയുള്ള സീറ്റുകളെല്ലാം ജനാധിപത്യ മുന്നണി പിടിച്ചെടുത്തു. നിസാര്‍ തളങ്കര പ്രസിഡന്റ് ആയും ശ്രീപ്രകാശ് പുരയത്ത് ജനറല്‍ സെക്രട്ടറിയായും ഷാജി ജോണ്‍ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.

മുസ്‌ലിംലീഗ് അനുകൂല പ്രവാസി സംഘടനയായ കെഎംസിസിയും സിപിഎം അനുകൂല സംഘടനയായ മാസും ചേര്‍ന്നാണ് ജനാധിപത്യ മുന്നണിയായി മല്‍സരിച്ചത്. പ്രസിഡന്റായി വിജയിച്ച കാസര്‍ഗോഡ് സ്വദേശി നിസാര്‍ തളങ്കര കെഎംസിസി നേതാവാണ്. മുന്‍ കേരള നിയമസഭാ സ്പീക്കര്‍ പി രാമകൃഷ്ണന്റെ സഹോദരനാണ് പൊന്നാനി സ്വദേശിയായ ശ്രീപ്രകാശ്.

കെഎംസിസി, മാസ്, യുവകലാസാഹിതി, എന്‍ആര്‍ഐ ഫോറം, മഹാത്മാഗാന്ധി കള്‍ച്ചറല്‍ ഫോറം തുടങ്ങിയ സംഘടനകള്‍ ചേര്‍ന്നാണ് ജനാധിപത്യ മുന്നണിയായി മത്സരിച്ചത്. ഒഐസിസി, ഇന്‍കാസ്, പ്രിയദര്‍ശിനി, ഐഒസി തുടങ്ങിയവയുടെ പിന്തുണയിലായിരുന്നു മതേതര ജനാധിപത്യ മുന്നണി മല്‍സരിച്ചത്.

നിലവിലെ പ്രസിഡന്റും മതേതര മുന്നണിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥിയുമായ അഡ്വ. വൈഎ റഹീം വലിയ മാര്‍ജിനില്‍ പരാജയപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിച്ച മതേതര മുന്നണിയുടെ ഇപി ജോണ്‍സണും തോല്‍വിയറിഞ്ഞു. സ്വതന്ത്രര്‍ ഉള്‍പ്പെടെ ആകെ 46 പേരാണ് മല്‍സരിച്ചത്. ബിജെപി ആഭിമുഖ്യമുള്ള ഐപിഎഫ് (സമഗ്ര വികസന മുന്നണി) പ്രതിനിധികളും മത്സരിച്ചെങ്കിലും ആരും വിജയിച്ചില്ല.

2400 പേര്‍ക്കാണ് ഇന്ത്യന്‍ അസോസിയേഷനില്‍ വോട്ടവകാശമുള്ളത്. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ 1374 പേര്‍ വോട്ട് ചെയ്തു. വൈകുന്നേരം ഏഴരയോടെ വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ മുതല്‍ ജനാധിപത്യ മുന്നണി വിജയത്തിലേക്ക് നീങ്ങുന്ന കാഴ്ചയാണ് കണ്ടത്. മാറ്റത്തിന് ഒരു വോട്ട് അഭ്യര്‍ഥിച്ചാണ് കോണ്‍ഗ്രസ്-സിപിഎം അനുയായികള്‍ ജനാധിപത്യ മുന്നണിയായി ബദല്‍ പോരിനിനിറങ്ങിയത്.

ശ്രീപ്രകാശ് യുഎഇയില്‍ ഇടത് പോഷക സംഘടനയായ മാസിനൊപ്പം സാംസ്‌കാരിക -സാമൂഹിക രംഗങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു. കേരളത്തില്‍ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്നു. മാസ് ഭാരവാഹിയായ അദ്ദേഹം നേരരത്തെ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ മാനേജിങ് കമ്മിറ്റി അംഗമായിരുന്നു.

ഭരണസമിതിയുടെ ഒരു വര്‍ഷകാലാവധി ഇനി മുതല്‍ രണ്ടുവര്‍ഷമായിരിക്കും. ഈ വിജയം കേരളത്തിലെ അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധികളായ ചില ലീഗ് നേതാക്കള്‍ക്കും സൈബര്‍ പോരാളികള്‍ക്കും സമര്‍പ്പിക്കുന്നുവെന്ന് മുന്‍ മന്ത്രി കെ ടി ജലീല്‍ സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടു. ഷാര്‍ജയില്‍ കമ്മ്യൂണിസം ഹലാല്‍! (അനുവദനീയം) കേരളത്തില്‍ കമ്മ്യൂണിസം ഹറാം! (നിഷിദ്ധം) എന്നും ജലീല്‍ പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version