Gulf

ശമ്പളം വൈകിയാല്‍ മലയാളത്തിലും പരാതിപ്പെടാം; നടപടി ശക്തമാക്കി യുഎഇ

Published

on

അബുദാബി: കൃത്യസമയത്ത് ശമ്പളം നല്‍കാത്ത സ്വകാര്യ കമ്പനികള്‍ക്കെതിരെ ജീവനക്കാര്‍ക്ക് മലയാളത്തിലും പരാതിപ്പെടാമെന്ന് യുഎഇ മാനവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം ഓര്‍മിപ്പിച്ചു. ഇംഗ്ലീഷ്, അറബിക്, മലയാളം, ഉറുദു, ഹിന്ദി, തമിഴ്, പഞ്ചാബി, തെലുങ്ക്, ബംഗാളി, നേപ്പാളി, ഫ്രഞ്ച് തുടങ്ങി 20 ഭാഷകളില്‍ പരാതിപ്പെടാം.

രാജ്യത്തെ തൊഴിലാളികളുടെ ശമ്പളം നിഷേധിക്കുകയോ വൈകിപ്പിക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെതിരെ മാനവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം നടപടി ശക്തമാക്കിയിട്ടുണ്ട്. പിഴ ശിക്ഷയ്ക്കു പുറമേ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളുണ്ടാവുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

യഥാസമയം ശമ്പളം നല്‍കിയില്ലെങ്കില്‍ വന്‍തുക പിഴ ചുമത്തും. വിസ പുതുക്കല്‍, അനുവദിക്കല്‍ ഉള്‍പ്പെടെ മന്ത്രാലയത്തില്‍ നിന്ന് ലഭിക്കേണ്ട സേവനങ്ങളെല്ലാം നിര്‍ത്തിവയ്ക്കുകയും ചെയ്യും. നിയമംലംഘിക്കുന്നത് ആവര്‍ത്തിക്കുന്ന കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും.

നിശ്ചിത തീയതിക്കകം ശമ്പളം നല്‍കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്. വേതനം ലഭിക്കാതിരിക്കുകയോ കാലതാമസം നേരിടുകയോ ചെയ്താല്‍ യഥാസമയം പരാതിപ്പെടണമെന്ന് മന്ത്രാലയം ജീവനക്കാരോട് അഭ്യര്‍ഥിച്ചു. വേതന സംരക്ഷണ സംവിധാനം (ഡബ്ല്യുപിഎസ്) വഴിയാണ് ശമ്പളം നല്‍കേണ്ടത്. തൊഴില്‍ കരാറില്‍ രേഖപ്പെടുത്തിയ തീയതിയിലോ തൊട്ടടുത്ത ദിവസമോ ശമ്പളം നല്‍കണം.

ശമ്പളം നല്‍കുന്നതിന് പ്രത്യേക കാലയളവ് നിശ്ചയിച്ചിട്ടില്ലെങ്കില്‍ മാസത്തില്‍ ഒരിക്കല്‍ നല്‍കണം. 15 ദിവസത്തില്‍ കൂടുതല്‍ വൈകാനും പാടില്ല. ജോലി ചെയ്ത് ഒരു മാസം പൂര്‍ത്തിയാക്കിയിട്ടും ശമ്പളം നല്‍കിയില്ലെങ്കില്‍ കുടിശിക വരുത്തിയതായി കണക്കാക്കും. ജീവനക്കാരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് മാന്യമായ ശമ്പളം കൃത്യമായ ഇടവളയില്‍ നല്‍കേണ്ടതാണെന്നും മന്ത്രാലയം തൊഴില്‍ദാതാക്കളെ ഉണര്‍ത്തി.

വേതനം വൈകിപ്പിച്ചാല്‍ തൊഴിലുടമയില്‍ നിന്ന് ഒരു തൊഴിലാളിയുടെ പേരില്‍ 5,000 ദിര്‍ഹം പിഴ ചുമത്തും. കൂടുതല്‍ തൊഴിലാളികളുണ്ടെങ്കില്‍ പരമാവധി 50,000 ദിര്‍ഹം വരെയാണ് പിഴ. ശമ്പളം ലഭിച്ചതായി വ്യാജ പേ സ്ലിപ് കാണിക്കാന്‍ തൊഴിലാളികളെ നിര്‍ബന്ധിക്കുക, നിയമനടപടിയില്‍നിന്ന് രക്ഷപ്പെടാന്‍ വേതന സുരക്ഷാ പട്ടികയില്‍ തെറ്റായ വിവരം നല്‍കുക എന്നീ കുറ്റങ്ങള്‍ക്കും ആളൊന്നിന് 5,000 ദിര്‍ഹവും പരമാവധി 50,000 ദിര്‍ഹവും പിഴ അടയ്‌ക്കേണ്ടിവരും.

രാജ്യത്തെ എല്ലാ ജീവനക്കാരും നിര്‍ബന്ധ തൊഴില്‍നഷ്ട ഇന്‍ഷുറന്‍സില്‍ ചേരാനുള്ള സമയം ഈ മാസം അവസാനിക്കുകയാണ്. പോളിസിയില്‍ ചേരാത്തവരില്‍ നിന്ന് ഒക്ടോബര്‍ ഒന്നാം തീയതി മുതല്‍ 400 ദിര്‍ഹം പിഴ ചുമത്തും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version