Gulf

ടൂറിസം മേഖലയില്‍ വന്‍ വളര്‍ച്ച; സൗദി അറേബ്യയിലെ നിലവിലെ മദ്യനയം മാറുമോ?

Published

on

ടൂറിസം മേഖലയില്‍ വന്‍ വളര്‍ച്ച; സൗദി അറേബ്യയിലെ നിലവിലെ മദ്യനയം മാറുമോ?

റിയാദ്: പ്രമുഖ എണ്ണ ഉല്‍പ്പാദ രാജ്യങ്ങളിലൊന്നായി സൗദി അറേബ്യ അടുത്ത കാലത്തായി എണ്ണയിതര സമ്പദ് വ്യവസ്ഥയിലേക്കുള്ള മാറ്റത്തിന്റെ പാതയിലാണ്. ഇതിന്റെ ഭാഗമായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വിഭാവന ചെയ്ത വിഷന്‍ 2030 പദ്ധതികളില്‍ ഏറ്റവും പ്രധാനമാണ് ടൂറിസം പദ്ധതികള്‍. രാജ്യത്തേക്ക് ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ അത്യാധുനിക നഗരങ്ങള്‍, ടൂറിസം കേന്ദ്രങ്ങള്‍, വിനോദപരിപാടികള്‍, കായിക മത്സരങ്ങള്‍, ജലവിനോദ പരിപാടികള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന പദ്ധതികളുമായി മുന്നോട്ടുപോവുകയാണ് അധികൃതര്‍. ഇതിന്റെ ഭാഗമായി കോവിഡിന് ശേഷം വലിയ പുരോഗതിയാണ് സൗദി ടൂറിസം മേഖല കൈവരിച്ചിരിക്കുന്നത്.

വ്യക്തത വരുത്തി ടൂറിസം മന്ത്രി

എന്നാല്‍ സൗദിയിലെ ടൂറിസം മേഖലയിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതില്‍ പ്രധാന വിലങ്ങുതടി രാജ്യത്തിന്റെ മദ്യ നയമാണെന്ന രീതിയില്‍ ചര്‍ച്ചകള്‍ സജീവമാണ്. കഴിഞ്ഞ ജനുവരിയില്‍ മുസ്ലിംകള്‍ അല്ലാത്ത നയതന്ത്ര പ്രതിനിധികള്‍ക്കിടയില്‍ മദ്യം വില്‍ക്കാനോ വിതരണം ചെയ്യാനോ അനുവാദമില്ല. എന്നാല്‍ ടൂറിസം മേഖലയുടെ വളര്‍ച്ചയുടെ ഭാഗമായി വിദേശത്ത് നിന്നെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് മദ്യം അനുവദിക്കാന്‍ നടപടി ഉണ്ടാകുമോ എന്ന ചോദ്യം ഇടയ്ക്കിടെ വലിയ ചര്‍ച്ചയാവാറുണ്ട്. എന്നാല്‍ അക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബ്. മദ്യനിരോധനവുമായി ബന്ധപ്പെട്ട് നിലവില്‍ രാജ്യം പിന്തുടരുന്ന നയം മാറ്റമില്ലാതെ തുടരുമെന്നും പൊതുജനങ്ങള്‍ക്കിടയില്‍ മദ്യ വിതരണം അനുവദിക്കാന്‍ ഉദ്ദേശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ നയം തുടരാന്‍ തീരുമാനം

മദ്യം വിളമ്പാതെ തന്നെ ടൂറിസം മേഖലയുടെ വളര്‍ച്ച സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. ‘മദ്യ നയത്തില്‍ ഒരു മാറ്റവുമില്ല. മദ്യം ലഭ്യമല്ലെങ്കിലും മേഖലയുടെ വളര്‍ച്ചയ്ക്ക് രാജ്യത്ത് ധാരാളം ഇടമുണ്ട്’- അദ്ദേഹം പറഞ്ഞു. നിലവിലുള്ള അതേ നയത്തില്‍ തുടര്‍ന്നും വളരുമെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗദി തലസ്ഥാനത്ത് നടന്ന രണ്ട് ദിവസത്തെ വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ പ്രത്യേക യോഗത്തിലാണ് സൗദി ടൂറിസം വകുപ്പ് മന്ത്രി അഹമ്മദ് അല്‍ ഖത്തീബ് ഇക്കാര്യം തുറന്നു പറഞ്ഞത്.

ഹൂതി ആക്രമണങ്ങള്‍ സൗദി റിസോര്‍ട്ടുകളെ ബാധിക്കില്ല

അതിനിടെ, ചെങ്കടല്‍ കപ്പല്‍ ഗതാഗതത്തിന് നേരെ യെമനിലെ ഹൂതികള്‍ നടത്തുന്ന ആക്രമണം സൗദി ടൂറിസത്തെ ദോഷകരമായി ബാധിക്കില്ലെന്നും മന്ത്രി അറിയിച്ചു. അയല്‍ രാജ്യമായ യമനില്‍ നിന്നുള്ള ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ സൗദിയുടെ ചെങ്കടല്‍ തീരത്തുള്ള ടൂറിസ്റ്റ് റിസോര്‍ട്ടുകള്‍ക്ക് ഒരു ഭീഷണിയും ഉണ്ടാക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹൂതികളുടെ ആക്രമണം നടക്കുന്നത്, ചെങ്കടലിന്റെ ഏറ്റവും തെക്ക് ഭാഗത്ത്, ചെങ്കടലിന്റെ അങ്ങേ അറ്റത്താണ്. എന്നാല്‍ സൗദിയുടെ നിയോം സിറ്റിയോ ചെങ്കടലിലെ ടൂറിസം പദ്ധതികളോ ഒന്നും ഈ ഭാഗത്തല്ല ഉള്ളത്. മറിച്ച് ചെങ്കടലിന്റെ മധ്യത്തിലും വടക്കുഭാഗത്തുമായാണ് അവ സ്ഥിതി ചെയ്യുന്നത്.

സൗദി കേന്ദ്രങ്ങള്‍ ഹൂതികളുടെ ലക്ഷ്യമല്ല

ഇസ്രായേലിന്റെ ഗസ ആക്രമണങ്ങള്‍ക്ക് മറുപടിയായി ചെങ്കടലിലും ഏദന്‍ കടലിടുക്കിലുമുള്ള ഇസ്രയേല്‍ ബന്ധമുള്ള കപ്പലുകളെ ലക്ഷ്യമിട്ട് യമനിലെ വിമത പോരളി വിഭാഗമായ ഹൂതികളുടെ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ പതിവാണ്. എന്നാല്‍ ഇവ സൗദിയുടെ ടൂറിസം കേന്ദ്രങ്ങളെ ബാധിക്കുമെന്ന പ്രചാരണം സൗദി മന്ത്രി നിഷേധിച്ചു. നേരത്തേ ഹൂതികള്‍ക്കെതിരായ അന്താരാഷ്ട്ര സൈനിക സഖ്യത്തില്‍ ഭാഗമായിരുന്ന സൗദി അറേബ്യയ്‌ക്കെതിരേ ഹൂത്തികളുടെ ഡ്രോണ്‍ ആക്രമണങ്ങള്‍ പതിവായിരുന്നു. എന്നാല്‍ രണ്ട് വര്‍ഷം മുമ്പുണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാറിനു ശേഷം പിന്നീട് അത്തരം ആക്രമണങ്ങള്‍ ഉണ്ടായിട്ടില്ല.

നിയോം യാച്ചിംഗ് ദ്വീപ് 2024 അവസാനത്തോടെ തുറക്കും

വിഷന്‍ 2030ന്റെ ഭാഗമായി വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞതായും ടൂറിസം മന്ത്രി പറഞ്ഞു. ചെങ്കടല്‍ തീരദേശ വികസനത്തിന്റെ ഭാഗമായി രണ്ട് റിസോര്‍ട്ടുകളില്‍ ഇതിനകം അതിഥികളെ സ്വീകരിക്കാന്‍ തുടങ്ങി. നിയോം മെഗാസിറ്റിയുടെ ഭാഗമായി നിര്‍മിക്കുന്ന ആഢംബര യാച്ചിംഗ് ദ്വീപായ സിന്ദാല ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു. പ്രാദേശിക സംഘര്‍ഷങ്ങള്‍ക്കിടയിലും, 2024 ന്റെ ആദ്യ പാദത്തില്‍ സൗദി അറേബ്യ ടൂറിസം സന്ദര്‍ശനങ്ങളില്‍ 10 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി ഖത്തീബ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം 79 ദശലക്ഷം ആഭ്യന്തര ടൂറിസ്റ്റുകളും 27 ദശലക്ഷം അന്താരാഷ്ട്ര ടൂറിസ്റ്റുകളും രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ എത്തിയതായും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version