സന: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനും കത്തെഴുതി യെമൻ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയ. യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ സനയിലെ ഹൈക്കോടതിയും ശരിവെച്ചതോടെയാണ് ജീവൻ രക്ഷിക്കാൻ ഇടപെടൽ നടത്തണമെന്ന് വ്യക്തമാക്കി നിമിഷ പ്രിയ കത്തെഴുതിയത്.
സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ കത്താണ് നിമിഷ പ്രിയ പ്രധാനമന്ത്രി മോദിക്കും രാഷ്ട്രപതിക്കും കൈമാറിയത്. വധശിക്ഷ ഹൈക്കോടതിയും ശരിവെച്ചതോടെ ഏതുനിമിഷവും ശിക്ഷ നടപ്പാക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് കത്തെഴുതിയത്. തൻ്റെ ജീവൻ രക്ഷിക്കാനും ജയിൽ മോചിതയാകാനും സഹായിക്കണമെന്നാണ് കത്തിൽ പറയുന്നത്. വിദേശകാര്യ സഹമന്ത്രി വി മുരളീധരനടക്കമുള്ളവർക്ക് ജയിലിൽ നിന്ന് നിമിഷ പ്രിയ കത്തയച്ചിട്ടുണ്ട്.
യെമൻ പൗരൻ തലാൽ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തി വാട്ടർ ടാങ്കിൽ തള്ളിയ കേസിലാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് നിമിഷ പ്രിയ ജയിലിൽ കഴിയുന്നത്. കോടതി നടപടികൾ പൂർത്തിയായതോടെ കൊല്ലപ്പെട്ട തലാലിൻ്റെ കുടുംബം മാപ്പ് നൽകിയാൽ മാത്രമേ നിഷ പ്രിയയുടെ മോചനം സാധ്യമാകൂ. തലാലിൻ്റെ കുടുംബവുമായി ചർച്ചകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ദയാധനം നൽകി നിമിഷ പ്രിയയെ മോചിപ്പിക്കാനുള്ള ശ്രമവും വിജയിച്ചില്ല.
തലാലിനൊപ്പം യെമനിൽ ഒരു ക്ലിനിക്ക് നടത്തുകയായിരുന്നു നിമിഷ പ്രിയ. 2017 ജൂലൈ 25നാണ് തലാൽ കൊല്ലപ്പെട്ടത്. തുടർന്ന് മൃതദേഹം വാട്ടർ ടാങ്കിൽ ഒളിപ്പിക്കുകയായിരുന്നു. കേസിൽ യെമൻ സ്വദേശിനിയും വിചാരണ നേരിടുണ്ട്. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് ആരംഭിക്കാൻ തലാൽ നിമിഷ പ്രിയയ്ക്ക് സാഹായവാഗ്ദാനം നൽകുകയും തുടർന്ന് പാസ്പോർട്ട് ബലമായി വാങ്ങിവെക്കുകയുമായിരുന്നു എന്നാണ് നിമിഷ പ്രിയയുടെ അഭിഭാഷകൻ വ്യക്തമാക്കുന്നത്.