U.A.E

യുഎഇയില്‍ 250 ചതുരശ്ര മീറ്റര്‍ ഓണപ്പൂക്കളം ഒരുക്കി ആരോഗ്യ പ്രവര്‍ത്തകര്‍

Published

on

ദുബായ്: കേരളത്തിന്റെ തനിമയും സംസ്‌കാരവും വിളിച്ചോതുന്ന ഓണാഘോഷങ്ങള്‍ഗള്‍ഫ് നാടുകളിലും പതിവുപോലെ തുടക്കമായി. മരുഭൂമികളുടെ നാട് എന്നാണ് അറേബ്യന്‍ ഉപദ്വീപ് പൊതുവെ അറിയപ്പെടുന്നതെങ്കിലും പൂക്കളങ്ങള്‍ ഒരുക്കാതെ മലയാളികള്‍ക്ക് ഓണമാഘോഷിക്കാനാവില്ല. യുഎഇയിലെ 30ഓളം രാജ്യങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന് 250 ചതുരശ്ര മീറ്റര്‍ പൂക്കളം ഒരുക്കിയാണ് ഓണാഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. ആതുരസേവന രംഗത്തെ പ്രഗല്‍ഭരായ ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് ജീവനക്കാര്‍ ഒരുക്കിയ പുഷ്പ പരവാതി അന്തര്‍ദേശീയ വാര്‍ത്താമാധ്യമങ്ങളിലും ഇടംഇടിച്ചു.

ആയിരത്തോളം പേര്‍ ചേര്‍ന്ന് ഏകദേശം 15 മണിക്കൂറോളം എടുത്താണ് പൂക്കളം ഒരുക്കിയത്. ഐക്യരാഷ്ട്ര സഭയുടെ 17 സുസ്ഥിര വികസന ലക്ഷ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന വിസ്മയകരവും അതുല്യവുമായ പുഷ്പ പരവതാനിയാണ്. സുസ്ഥിരതയുടെയും സാംസ്‌കാരിക വൈവിധ്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കാന്‍ കൂടിയാണ് ഈ ഒത്തുചേരല്‍. യുഎഇയുടെ സുസ്ഥിര വര്‍ഷത്തിനും രാജ്യം ഈ വര്‍ഷം ആതിഥേയത്വം വഹിക്കുന്ന കോപ്-28 ലോക കാലാവസ്ഥാ സമ്മേളനത്തിനുമുള്ള പുഷ്പാഭിവാദ്യം കൂടിയാണിതെന്ന് സംഘാടകര്‍ പറയുന്നു.

വിശാലമായ പുഷ്പ പരവതാനി ഐക്യരാഷ്ട്രസഭയുടെ 17 സുസ്ഥിര വികസന ലക്ഷ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന തരത്തില്‍ സൂക്ഷ്മമായി രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ ദാരിദ്ര്യവും പട്ടിണിയുമില്ലാത്ത ലോകമെന്ന ലക്ഷ്യവും കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പൂക്കള്‍ കൊണ്ട് പ്രതീകം തീര്‍ക്കുന്നു. ഐക്യരാഷ്ട്രസഭയുടെ മറ്റ് വികസനലക്ഷ്യങ്ങളുടെയെല്ലാം സാരാംശം വര്‍ണാഭമായ പൂക്കളുടെ വിന്യാസത്തിലൂട ഇതില്‍ അവതരിപ്പിച്ചു.

ആഗോളതലത്തില്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും അവയെ നേരിടാനുള്ള കൂട്ടുത്തരവാദിത്തത്തെക്കുറിച്ചും ഓര്‍മപ്പെടുത്തലായി പൂക്കളം മാറി. സാംസ്‌കാരിക പൈകൃകം അനാവരണം ചെയ്യുന്ന കലാപ്രകടനങ്ങളുടെ സംഗമവേദി കൂടിയായിരുന്നു ഇത്. പാട്ടുകളിലൂടെയും നൃത്തത്തിലൂടെയും മറ്റ് പ്രവര്‍ത്തനങ്ങളിലൂടെയും ആരോഗ്യ പ്രവര്‍ത്തകര്‍ സാംസ്‌കാരിക പ്രകടനങ്ങള്‍ക്ക് കൊഴുപ്പേകി.

ഇന്ത്യയുടെ സമ്പന്നമായ പൈതൃകം വിളിച്ചോതുന്നതും ഹരിതവും സുസ്ഥിരവുമായ ഭാവി പ്രോത്സാഹിപ്പിക്കുന്നതുമാണ് ഓണാഘോഷമെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ അഭിപ്രായപ്പെട്ടു. ഓണപ്പൂക്കളത്തിന്റെ നിറവൈവിധ്യങ്ങള്‍ക്കിടയില്‍, പാരമ്പര്യത്തിന്റെയും സുസ്ഥിരതയുടെയും ഐക്യം കാണാന്‍ ഇത് പ്രചോദനമായി. യുഎഇ ആതിഥ്യംവഹിക്കുന്ന ലോക കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഉച്ചകോടിയിലെ സുസ്ഥിരതയ്ക്കുള്ള യുഎഇയുടെ പ്രതിബദ്ധതയുമായി ഒത്തുചേരുന്നതാണ് ഇതിലെ സന്ദേശങ്ങള്‍. ഇന്നത്തെ നമ്മുടെ പ്രവര്‍ത്തനങ്ങളാണ് ഭാവി തലമുറയ്ക്കായി ലോകത്തെ രൂപപ്പെടുത്തുന്നതെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണ് അതുല്യമായ ഈ പൂക്കളമെന്നും അംബാസഡര്‍ പറഞ്ഞു.

30 ഓളം വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ പങ്കാളിത്തം പരിപാടിയുടെ മാറ്റ്കൂട്ടുകയും അന്താരാഷ്ട്ര തലത്തില്‍ ഐക്യത്തിന്റെയും സഹകരണത്തിന്റെയും പ്രതീകമായി മാറുകയും ചെയ്തു. സ്വദേശി പൗരന്‍മാരും പൂക്കളമൊരുക്കാന്‍ ആവേശത്തോടെ മുന്‍പന്തിയിലുണ്ടായിരുന്നു. മനോഹരമായ പുഷ്പ പരവതാനി ക്രമീകരിക്കാന്‍ സഹായിക്കാന്‍ കഴിഞ്ഞത് സന്തോഷകരമായ മുഹൂര്‍ത്തമായിരുന്നുവെന്ന് ആദ്യമായി ഓണാഘോഷത്തില്‍ പങ്കെടുത്ത ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയിലെ അഡ്മിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്ന എമിറാത്തി പൗരനായ ഷുഖ് അല്‍മെമാരി പറഞ്ഞു. സഹപ്രവര്‍ത്തകര്‍ അവതരിപ്പിച്ച കലാപ്രകടനങ്ങള്‍ കണ്ട് ഇന്ത്യന്‍ സംസ്‌കാരത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാനും ആസ്വദിക്കാനും സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബുര്‍ജീല്‍ ഹോള്‍ഡിങ്‌സിന്റെ വിവിധ എമിറേറ്റുകളില്‍ നിന്നുള്ള സ്റ്റാഫ് അംഗങ്ങള്‍, അവരുടെ കുടുംബാംഗങ്ങള്‍, രോഗികള്‍, ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് ഗ്രൂപ്പ് സിഇഒ ജോണ്‍ സുനില്‍ തുടങ്ങി നേതൃനിരയിലെ പ്രതിനിധികളും പരിപാടിയില്‍ പങ്കെടുത്തു.r

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version