ദുബായ്: ലോഞ്ച് കയറി കടല്‍താണ്ടി മറുകര പുല്‍കിയാണ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കേരളത്തില്‍ നിന്നുള്ളവര്‍ ഗള്‍ഫ് പ്രവാസത്തിന് തുടക്കമിട്ടത്. വിമാന സര്‍വീസുകള്‍ വന്നതോടെ യാത്ര കൂടുതല്‍ എളുപ്പമായി. കടലിന് മുകളിലൂടെയും ആകാശത്തിലൂടെയും മാത്രമല്ല, കടലിനുള്ളിലൂടെയും ഗള്‍ഫിലെത്തുന്ന കാലം അതിവിദൂരമല്ല. ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് സമുദ്രാന്തര്‍ പാതയൊരുക്കുന്നത് സജീവ പരിഗണനയിലാണ്.
അണ്ടര്‍ വാട്ടര്‍ ട്രെയിന്‍ സര്‍വീസ് എന്ന ആശയം അത്ര പുതിയതല്ല. കഴിഞ്ഞ ഏപ്രിലില്‍ കൊല്‍ക്കത്തയിലെ ഹുഗ്ലി നദിയിലെ അഞ്ച് കിലോ മീറ്റര്‍ തുരങ്കത്തിലൂടെ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. രാജ്യത്തെ ആദ്യത്തെ വാട്ടര്‍ മെട്രോ ട്രെയിന്‍ സര്‍വീസ് ആയിരിക്കും ഇത്. കടലിനടിയിലൂടെ തീവണ്ടിപ്പാതയൊരുക്കാന്‍ ചൈനയും ശ്രമങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. റഷ്യ, കാനഡ, യുഎസ്എ എന്നീ രാജ്യങ്ങളെ ചൈനയുമായി ബന്ധിപ്പിക്കുന്ന അണ്ടര്‍വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസാണ് ചൈന ആസൂത്രണം ചെയ്യുന്നത്.
ഇന്ത്യയില്‍ നിന്ന് കടലിനടിയിലൂടെ തീവണ്ടിപ്പാതയൊരുക്കിയാല്‍ അള്‍ട്രാ സ്പീഡ് ഫ്‌ലോട്ടിങ് ട്രെയിനുകള്‍ ഉപയോഗിച്ച് രണ്ട് മണിക്കൂര്‍ കൊണ്ട് ഗള്‍ഫില്‍ എത്തിച്ചേരാനാവും. മുംബൈയില്‍ നിന്ന് യുഎഇയിലെ ഫുജൈറയിലേക്ക് അറബിക്കടലിനു അടിയിലൂടെ സഞ്ചരിക്കേണ്ട ദൂരം 1826 കിലോമീറ്ററാണ്. ഈ ദൂരം ഹൈസ്പീഡ് ട്രെയിന്‍ ഉപയോഗിച്ച് രണ്ട് മണിക്കൂര്‍ കൊണ്ട് താണ്ടാനാവും. അതിവേഗ പാതയിലൂടെ മണിക്കൂറില്‍ 600 മുതല്‍ 1000 കിലോ മീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിച്ചാല്‍ റെക്കോഡ് സമയത്തിനുള്ളില്‍ ജിസിസി-ഇന്ത്യ യാത്ര സാധ്യമാവും.
യുഎഇയാണ് ഇന്ത്യയിലേക്ക് 2,000 കിലോമീറ്റര്‍ നീളമുള്ള അണ്ടര്‍വാട്ടര്‍ റെയില്‍ നിര്‍മിക്കാനുള്ള പദ്ധതിയുമായി ആദ്യമായി രംഗത്തെത്തിയിരുന്നത്. 2018ല്‍ അബുദാബിയില്‍ വച്ച് നടന്ന ഇന്ത്യ-യുഎഇ കോണ്‍ക്ലേവിനിടെ പദ്ധതിയെ കുറിച്ച് ഗൗരവമായ ആലോചനകള്‍ നടന്നു. സമുദ്രത്തിന് അടിയിലൂടെ തുരങ്കപാതയുണ്ടാക്കി അള്‍ട്രാ സ്പീഡ് ഫ്‌ലോട്ടിങ് ട്രെയിനുകള്‍ ഉപയോഗിച്ച് സര്‍വീസ് നടത്തുന്ന പദ്ധതിയാണ് വിഭാവനം ചെയ്തിരുന്നത്.
ഇന്ത്യയിലേക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ധനം എത്തിക്കുന്നതിനും ഈ തുരങ്കത്തിലെ പൈപ്പ് ലൈനുകളിലൂടെ സാധിക്കും. ചരക്ക് നീക്കത്തിനുള്ള തീവണ്ടിപ്പാതയും
ജലവിതരണത്തിനുള്ള പൈപ് ലൈനുകളും സ്ഥാപിക്കാനാവും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര രംഗത്ത് വലിയ വിപ്ലവമായിരിക്കും ഇത്. പദ്ധതി സംബന്ധിച്ച് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഇന്ത്യ-യുഎഇ കോണ്‍ക്ലേവിനിടെ ആശയം അവതരിപ്പിക്കപ്പെട്ടെങ്കിലും ഇരുരാജ്യങ്ങളും സാധ്യതാപഠനം നടത്തുന്നത് ഉള്‍പ്പെടെ നിരവധി കാര്യങ്ങള്‍ ഇനിയും മുന്നോട്ടുപോകേണ്ടതുണ്ട്. കോണ്‍ക്ലേവില്‍ സംസാരിക്കവെ യുഎഇയിലെ നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡ് എംഡിയും ചീഫ് കണ്‍സള്‍ട്ടന്റുമായ അബ്ദുല്ല അല്‍ഷെഹി ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു.
ചരക്ക് കൈമാറ്റത്തിന് ഈ പാത വളരെയധികം സഹായിക്കും. മണിക്കൂറുകള്‍ക്കുള്ളില്‍ സാധനങ്ങള്‍ എത്തിക്കാന്‍ കഴിയും. ഇന്ത്യ ഏറ്റവുമധികം എണ്ണ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ. 2,000 കിലോമീറ്റര്‍ നീളമുള്ള തുരങ്കപാതയില്‍ എണ്ണ പൈപ്പുകള്‍ സ്ഥാപിച്ചാല്‍ കൈമാറ്റം എളുപ്പമാവും. ചെലവും കുറയും. തുരങ്കപാതയില്‍ ചരക്ക് നീക്കത്തിനായി പ്രത്യേക തീവണ്ടിപ്പാതയും വിഭാവനം ചെയ്തിട്ടുണ്ട് എന്നതിനാല്‍ യാത്രാ തീവണ്ടികളുടെ വേഗത്തെ ഇത് ബാധിക്കില്ല. നര്‍മ്മദാ നദിയില്‍ നിന്ന് ശുദ്ധജലം പൈപ്പ് ലൈനുകള്‍ വഴി ജിസിസി രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ ഇന്ത്യക്കും ഈ പാത പ്രയോജനപ്പെടുത്താനാവും. ഇന്ത്യയില്‍ നിന്നുള്ള ഭക്ഷ്യവസ്തുക്കളും നാണ്യവിളകളും കയറ്റിഅയക്കുന്നതും സുഗമമാവും.
ഇന്ത്യക്ക് യുഎഇയുമായി റെയില്‍ കണക്റ്റിവിറ്റി ഉണ്ടായാല്‍ ഇത് ഉപയോഗിച്ച് മറ്റ് ഗള്‍ഫ് രാജ്യങ്ങളുമായി ചരക്ക് കൈമാറ്റം നടത്താനും സാധിക്കും. കയറ്റുമതി ഇറക്കുമതി വ്യാപാരങ്ങളും മെച്ചപ്പെടും. കടലിന് വളരെ അടിയിലൂടെ സ്ഥാപിക്കുന്ന തുരങ്കം കപ്പല്‍ ഗതാഗതത്തെ ബാധിക്കില്ല. നിലവിലുള്ള ചരക്ക് കപ്പല്‍ ഗതാഗത മാര്‍ഗങ്ങളെ കാര്യമായി ഇത് ബാധിക്കാനും ഇടയില്ലെന്നാണ് വിലയിരുത്തല്‍. തീവണ്ടിപ്പാതയേക്കാള്‍ കുറഞ്ഞ നിരക്കില്‍ ചരക്കുകള്‍ കൊണ്ടുപോകാന്‍ വലിയ കപ്പലുകള്‍ക്ക് സാധിക്കുമെന്നതിനാലാണിത്. വേഗത്തില്‍ കൈമാറ്റം ചെയ്യപ്പെടുന്നുവെന്നതായിരിക്കും തുരങ്കപാതയുടെ പ്രത്യേകത.
ഹൈ സ്പീഡ് അണ്ടര്‍ സീ റെയില്‍ എന്ന ആശയം വിനോദസഞ്ചാരികളെയും ആകര്‍ഷിക്കും. ലോകത്തിലെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ദുബായിലെത്തുന്ന ആളുകളെ ഇന്ത്യയിലേക്ക് കൂടി ആകര്‍ഷിക്കാന്‍ തുരങ്കപാതയ്ക്ക് കഴിയും. യുഎഇയിലെ പ്രവാസികളില്‍ ഭൂരിപക്ഷവും ഇന്ത്യക്കാരാണ് എന്ന പ്രത്യേകതയുമുണ്ട്. ഇവരുടെ യാത്രാമാര്‍ഗങ്ങളും കൂടുതല്‍ ആയാസരഹിതവും ചെലവുകുറഞ്ഞതുമാവും. എന്നാല്‍ ഈ ബൃഹത് പദ്ധതി യാഥാര്‍ത്ഥ്യമാവാന്‍ കോടികളുടെ മുതല്‍മുടക്ക് ആവശ്യമാണ്.
ഇന്ത്യയിലെ നേരിട്ടുള്ള വിദേശനിക്ഷേപകരില്‍ നാലാംസ്ഥാനത്ത് നില്‍ക്കുന്ന രാജ്യമാണ് യുഎഇ. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 3.35 ബില്യന്‍ ഡോളര്‍ നിക്ഷേപമാണ് ഇന്ത്യയില്‍ യുഎഇ നടത്തിയത്. ഒരു വര്‍ഷത്തിനിടെ മൂന്നിരട്ടി വര്‍ധന ഉണ്ടായി. ഇരുരാജ്യങ്ങളും തമ്മിലെ സ്വതന്ത്ര വ്യാപാര കരാര്‍ കൂടി വന്നതോടെ ഇറക്കുമതിയും കയറ്റുമതിയും വര്‍ധിച്ചു. ഈ സാഹചര്യങ്ങളെല്ലാം സമുദ്രാന്തര്‍ റെയില്‍പാതയുടെ സാധ്യതയും പ്രധാന്യവും വ്യക്തമാക്കുന്നു.