കുവൈറ്റ് സിറ്റി: കണ്ണിന്റെ ശരിയായ നിറം മറച്ചുവെച്ചു എന്നാരോപിച്ച് നവവധുവിനെ മൊഴിചൊല്ലി കുവൈറ്റിലെ ഒരു എഞ്ചിനീയര്‍. അല്‍ സബാഹിയ്യയിലാണ് വിചിത്രമായ ഈ സംഭവം അരങ്ങേറിയതെന്ന് അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്തു. വിവാഹ ശേഷം ഭര്‍ത്താവിന്റെ വീട്ടിലെത്തിയ നവവധു ഉറങ്ങിയെണീറ്റപ്പോള്‍ കണ്ട കാഴ്ചയാണ് യുവാവിനെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചത്. അതുവരെയുണ്ടായിരുന്ന മധുരം നിറഞ്ഞ നിമിഷങ്ങള്‍ ഈ കാഴ്ചയോടെ അവസാനിക്കുകയായിരുന്നു.
മറ്റുള്ളവരുടേത് പോലെ യുവതിയുടെ കണ്ണിന്റെ കൃഷ്ണമണിയുടെ നിറം കറുപ്പാണെന്നായിരുന്നു യുവാവ് കരുതിയിരുന്നത്. എന്നാല്‍ രാവിലെ കിടക്കയില്‍ എണീറ്റിരുന്ന ഭാര്യയുടെ കണ്ണിന് നിറം പച്ചയായിരുന്നു. യുവതി സാധാരണ ഉപയോഗിക്കാറുള്ള കോണ്‍ടാക്റ്റ് ലെന്‍സുകള്‍ വയ്ക്കുന്നതിന് മുമ്പായിരുന്നു ഇത്.
കണ്ണിന്റെ നിറം കണ്ട് ക്ഷുഭിതനായ യുവാവ് നവവധുവിനെ വിവാഹം മോചനം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. തന്റെ കണ്ണിന്റെ യഥാര്‍ഥ നിറം തന്നില്‍ നിന്ന് മറച്ച് വച്ച് യുവതി തന്നെ വഞ്ചിക്കുകയായിരുന്നു എന്ന് ആരോപിച്ചായിരുന്നു ഇത്. എന്നാല്‍ തന്റെ കണ്ണിന്റെ നിറം മറച്ചുവയ്ക്കാനല്ല, ചെറിയ രീതിയിലുള്ള കാഴ്ചാ പ്രശ്‌നങ്ങള്‍ കാരണമാണ് താന്‍ കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കുന്നതെന്ന് യുവതി പറഞ്ഞുനോക്കിയെങ്കിലും ഇയാള്‍ അതൊന്നും കേള്‍ക്കാന്‍ തയ്യാറുണ്ടായിരുന്നില്ല. വിവാഹ മോചന തീരുമാനത്തില്‍ ഇയാള്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
ഭാര്യയുടെ കണ്ണിന്റെ പച്ച നിറം തങ്ങള്‍ക്കുണ്ടാവുന്ന കുട്ടികളുടെ കണ്ണിനെയും ബാധിക്കുമെന്നു പറഞ്ഞായിരുന്നു യുവാവിന്റെ ഈ കണ്ണില്‍ ചോരയില്ലാത്ത പ്രവൃത്തി. വധുവിന്റെ കണ്ണുകളുടെ നിറം പച്ചയാണെങ്കിലും മക്കളുടെ കണ്ണുകള്‍ അങ്ങനെ ആയിക്കൊള്ളണമെന്നില്ലെന്നും തന്റേതു പോലുള്ള കറുത്ത കണ്ണുകള്‍ അവര്‍ക്ക് ലഭിക്കാന്‍ സാധ്യതയുണ്ടെന്നുമൊക്കെ പറഞ്ഞുനോക്കിയെങ്കിലും കോപാന്ധനായ ഇയാള്‍ അതിനൊന്നും ചെവികൊടുക്കാതെ വിവാഹമോചനം നടത്താനുള്ള തീരുമാനവുമായി ഇയാള്‍ മുന്നോട്ടുപോവുകയായിരുന്നുവെന്ന് അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
വിവാഹ വേളയില്‍ ഭാര്യ കന്യകയായിരുന്നില്ലെന്ന് ആരോപിച്ച് വിവാഹ ബന്ധം വേര്‍പെടുത്തിയ കുവൈറ്റ് യുവാവിനെതിരേ ഭാര്യ കോടതിയെ സമീപിച്ചത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. താന്‍ കന്യകയല്ലെന്ന കാര്യം മറച്ചുവച്ചാണ് വിവാഹം ചെയ്തതെന്നും അത് വഞ്ചനയാണെന്നും ആരോപിച്ചായിരുന്നു യുവാവിന്റെ നടപടി. എന്നാല്‍ ഭാര്യയുടെ പരാതി സ്വീകരിച്ച കോടതി ഭര്‍ത്താവ് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിക്കുകയായിരുന്നു. കന്യകയായിരിക്കണമെന്ന് വിവാഹ ബന്ധം സാധുവാകാനുള്ള നിബന്ധനയല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി വിധി.