ദുബായ്: നൂറ് കണക്കിന് പ്രവാസികളെ കോടീശ്വരന്മാരും ലക്ഷപ്രഭുക്കളുമാക്കുകയും
എല്ലാ ആഴ്ചയും വമ്പിച്ച സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്ന യുഎഇയിലെ ജനപ്രിയ നറുക്കെടുപ്പായ മഹ്സൂസിന്റെ സമ്മാനഘടന പരിഷ്കരിച്ചു. ആഴ്ചതോറും വിജയികളുടെ എണ്ണം 90,000 ആയി ഉയര്‍ന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റം. ഇതുവരെ പ്രതിവാര വിജയികളുടെ എണ്ണം 3,000 ആയിരുന്നു.
നാളെ സെപ്തംബര്‍ 23 ഞായറാഴ്ച രാത്രി 9:30ന് മുതല്‍ പുതിയ സമ്മാനഘടന നിലവില്‍ വരും. പുതിയ സമ്മാന ഘടനയ്ക്ക് കീഴിലുള്ള ആദ്യ തത്സമയ നറുക്കെടുപ്പ് സെപ്റ്റംബര്‍ 30 ശനിയാഴ്ചയാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
കൂടുതല്‍ ആളുകളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനാണ് വിജയികളുടെ എണ്ണം വര്‍ധിപ്പിച്ചത്. പ്രതിവാര നറുക്കെടുപ്പിന് ‘മഹ്സൂസ് സാറ്റര്‍ഡേ മില്യണ്‍സ്’ എന്ന് പുനര്‍നാമകരണം ചെയ്തതായും വാര്‍ത്താസമ്മേളനത്തില്‍ പുതിയ ഘടന അനാച്ഛാദനം ചെയ്തുകൊണ്ട് കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് സിഎസ്ആര്‍ മേധാവി സൂസന് കാസി അറിയിച്ചു. കോടീശ്വരന്മാരെ സൃഷ്ടിക്കുന്നതിനും സ്വപ്നങ്ങള്‍ കാണുന്നതിനുമുള്ള ദിവസമായി ശനിയാഴ്ചകളെ മഹ്സൂസ് പുനര്‍ നിര്വചിച്ചതായും സൂസന് കാസി അഭിപ്രായപ്പെട്ടു.
പുതുക്കിയ സമ്മാന ഘടന
- 5ല്‍ 5 അക്കങ്ങളും ഒത്തുവന്നാല്‍ 20,000,000 ദിര്‍ഹം (45,15,72,798 രൂപ) ആണ് ഏറ്റവും ഉയര്‍ന്ന സമ്മാനം.
- 5ല്‍ 4 നമ്പറുകള്‍ക്ക് 150,000 ദിര്‍ഹം (33,86,599 രൂപ).
- 5ല്‍ 3 നമ്പറുകള്‍ക്ക് 150,000 ദിര്‍ഹം (33,86,599 രൂപ).
- 5ല്‍ 2 നമ്പറുകള്‍ക്ക് 35 ദിര്‍ഹം (790 രൂപ).
- 5ല്‍ 1 നമ്പറുമായി പൊരുത്തപ്പെടുത്തുന്നത് 5 ദിര്‍ഹം (112 രൂപ).
- നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന മൂന്ന് ഭാഗ്യശാലികള്‍ക്ക് എല്ലാ ആഴ്ചയും ഉറപ്പായ 100,000 ദിര്‍ഹം (22,58,004 രൂപ) നേടാം.
മഹ്സൂസിന്റെ 147ാമത് പ്രതിവാര നറുക്കെടുപ്പ് നാളെ നടക്കും. സൗദി അറേബ്യയില്‍ പ്രവാസ ജീവിതം നയിക്കുന്ന ബംഗ്ലാദേശ് സ്വദേശിയായ 31കാരനാണ് കഴിഞ്ഞയാഴ്ച നടന്ന നറുക്കെടുപ്പില്‍ ഒരു മില്യണ്‍ ദിര്‍ഹം (2,26,17,910 രൂപ) സമ്മാനം നേടിയത്. എംഡി ഷാഹിന്‍ എന്ന തൊഴിലാളിയാണ് 31ാം വയസ്സില്‍ കോടീശ്വരനായി മാറിയത്.
മഹ്സൂസിന്റെ 146ാമത് പ്രതിവാര നറുക്കെടുപ്പില്‍ ആറ് നമ്പറുകളില്‍ അഞ്ചെണ്ണം ഒത്തുവന്നതോടെയാണിത്. മഹ്സൂസിലൂടെ കോടീശ്വരനാവുന്ന 62ാമനാണ് ഷാഹിന്‍. 144ാമത് മഹ്സൂസ് നറുക്കെടുപ്പില്‍ യുഎഇയിലെ ഇന്ത്യന്‍ പ്രവാസി 38 കാരനായ നിമില്‍ 50,000 (11,33,282 രൂപ) വിലമതിക്കുന്ന സ്വര്‍ണനാണയങ്ങള്‍ നേടിയിരുന്നു.
35 ദിര്‍ഹം (791 രൂപ) നല്കി ഒരു കുപ്പി വെള്ളം വാങ്ങുന്ന ആര്‍ക്കും നറുക്കെടുപ്പില്‍ പങ്കെടുക്കാം. ഈ സമയത്ത് ലഭിക്കുന്ന ടിക്കറ്റിലെ നമ്പറുകളാണ് നറുക്കിടുന്നത്. മഹ്സൂസിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തും ആര്‍ക്കും എവിടെ നിന്നും പങ്കെടുക്കാവുന്നതാണ്. പ്രവാസികള്‍ക്കിടയില്‍ രാജ്യത്തെ ഏറ്റവും ജനപ്രിയമായ പ്രതിവാര നറുക്കെടുപ്പുകളിലൊന്നായി ഇത് മാറുകയും ചെയ്തു.