ഫ്ലോറിഡ: പറക്കുന്നതിനിടെ വിമാനം 15,000 അടി താഴേക്ക് പതിച്ചു. യുഎസിലെ ഫ്ലോറിഡയിലാണ് ഇത്തരത്തിൽ ഒരു സംഭവമുണ്ടായിരിക്കുന്നത്. അമേരിക്കൻ എയർലൈൻസിന്റെ 5916 വിമാനമാണ് മൂന്ന് മിനിട്ടിനുള്ളിൽ 15,000 അടി താഴേക്ക് പതിച്ചത്. ഫോക്സ് ന്യൂസാണ് ഇത് സംബന്ധിച്ച് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വായുസമ്മർദ പ്രശ്നങ്ങളെ തുടർന്നാണ് വിമാനം പെട്ടന്ന് താഴ്ത്തി പറത്തിയത് എന്നായിരുന്നു വിമാനക്കമ്പനി അധികൃതരുടെ വിശദീകരണം. നോർത്ത് കാരോലൈനയിലെ ഗെയ്നെസ്വില്ലെയിലേക്കു പോവുകയായിരുന്ന വിമാനമാണിത്.
വിമാനം പറന്ന് 43 മിനിട്ട് യാത്രയ്ക്ക് ശേഷമാണ് സംഭവമുണ്ടായത്. ആറ് മിനിട്ടിനുള്ളിൽ 18,600 അടി താഴ്ചയിലേക്ക് വിമാനം താഴേക്ക് കൂപ്പുകുത്തുകയായിരുന്നു. 11 മിനിട്ടിനുള്ളിൽ വിമാനം മൊത്തം 20,000 അടി താഴ്ന്നുവെന്നും റിപ്പോർട്ടുണ്ട്.
പെട്ടന്നുണ്ടായ വിമാനത്തിന്റെ താഴ്ച വിമാനയാത്രക്കാരെ ആശങ്കയിലാക്കി. യാത്രക്കിടെയുണ്ടായ അനുവഭങ്ങൾ പങ്കുവച്ചുകൊണ്ട് യാത്രക്കാർ പലരും രംഗത്തുവന്നിട്ടുണ്ട്. വിമാനത്തിനുള്ളിലെ ചിത്രങ്ങളും യാത്രക്കാർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.
‘ഞാൻ നിരവധി യാത്രകൾ നടത്തിയിട്ടുണ്ട്. വളരെയധികം ഭയപ്പെടുത്തുന്ന സംഭവമായിരുന്നു ഇത്.
അമേരിക്കൻ എയർ 5916 ലെ ഞങ്ങളുടെ ഫ്ലൈറ്റ് ക്രൂ-ക്യാബിൻ ജീവനക്കാർക്കും പൈലറ്റുമാർക്കും അഭിനന്ദനങ്ങൾ. തീ കത്തുന്ന ഗന്ധവും ചെവിപൊട്ടുന്ന വലിയ ശബ്ദമോ ഫോട്ടോകളിൽ നിങ്ങൾക്ക് അറിയാൻ സാധിക്കുകയില്ല’. എന്നായിരുന്നു വിമാനത്തിലെ യാത്രക്കാരനായ ഫ്ലോറിഡ യൂണിവേഴ്സിറ്റി പ്രൊഫസറുമായ ഹാരിസൺ ഹോവ് തനിക്ക് നേരിടേണ്ടിവന്ന അവസ്ഥയേക്കുറിച്ച് സമൂഹമാധ്യമായ എക്സിൽ പങ്കുവച്ചത്.
മറ്റൊരു ട്വീറ്റിൽ, “വിമാനയാത്രയുടെ പാതിയിൽ എന്തോ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായി. തുടർന്ന്, ക്യാബിനിനെ ഡിപ്രഷറൈസ് ചെയ്യുകയും ചെയ്തു. കത്തുന്ന മണത്തിന്റെ പശ്ചാത്തലത്തിൽ ഓക്സിജൻ കാനിസ്റ്ററുകൾ ഉപയോഗിക്കുന്നതിന് കാരണമാകാം.” ഹോവ് എന്ന യാത്രക്കാരൻ.