Gulf

വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ വിദേശിയെ ജോലിക്ക് നിയമിച്ചാല്‍ 5,000 സൗദി റിയാല്‍ പിഴ; ലിംഗ വിവേചനവും ശിക്ഷാര്‍ഹം

Published

on

റിയാദ്: വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെയോ സ്വദേശി തൊഴില്‍ ശാക്തീകരണത്തിന് സഹായിക്കുന്ന അജീര്‍ പ്രോഗ്രാമിനെ അറിയിക്കാതെയോ വിദേശികളെ ജോലിക്ക് നിയമിച്ചാല്‍ ഒരു ജീവനക്കാരന് 5,000 റിയാല്‍ എന്ന തോതില്‍ പിഴ ഈടാക്കുമെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. തൊഴില്‍ നിയമലംഘനങ്ങളുടെയും പിഴകളുടെയും പരിഷ്‌കരിച്ച വ്യവസ്ഥകള്‍ അടിസ്ഥാനമാക്കിയുള്ള മന്ത്രിതല തീരുമാനത്തിന്റെ ഭാഗമായാണ് നടപടി. വ്യവസ്ഥകളുടെ അന്തിമ കരട് മന്ത്രാലയം പുറത്തിറക്കി.

തൊഴിലാളിയുടെ തൊഴില്‍ സംരക്ഷണം, സുരക്ഷ, ആരോഗ്യം എന്നിവയുടെ കാര്യത്തില്‍ മന്ത്രാലയം അംഗീകരിച്ച നിയമങ്ങള്‍ പാലിക്കാന്‍ തൊഴിലുടമ ബാധ്യസ്ഥനാണ്. തൊഴിലാളികളെ സംരക്ഷിക്കുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാതിരിക്കുന്നത് ഗുരുതര നിയമലംഘനമായി കണക്കാക്കും. 1500 റിയാല്‍ മുതല്‍ 5000 റിയാല്‍ വരെയാണ് പിഴ. സ്ഥാപനത്തിന്റെ പരിസരത്ത് പൊതുജനങ്ങള്‍ക്ക് ഉണ്ടായേക്കാവുന്ന അപകടങ്ങള്‍ക്ക് ബിസിനസ്സ് ഉടമയോ ഏജന്റോ ഉത്തരവാദിയാണ്.

50 തൊഴിലാളികളോ അതില്‍ കൂടുതലോ ജോലി ചെയ്യുന്ന സ്ഥാപനത്തിന് ശിശു സംരക്ഷണത്തിനായി നിശ്ചിത സ്ഥലമോ നഴ്‌സറിയോ ഇല്ലെങ്കില്‍ 5000 റിയാല്‍ പിഴ നല്‍കേണ്ടിവരുമെന്നും മന്ത്രിതല തീരുമാനത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. തൊഴിലാളികളുടെ ആറ് വയസ്സില്‍ താഴെ പ്രായമുള്ള പത്തോ അതിലധികമോ കുട്ടികള്‍ ഉണ്ടെങ്കിലാണ് ഇത് ബാധകം.

15 വയസ്സിന് താഴെയുള്ള കുട്ടികളെ ജോലിക്ക് നിയമിക്കുന്നത് ഗുരുതര നിയമലംഘനമാണെന്ന് പരിഷ്‌കരിച്ച വ്യവസ്ഥകളില്‍ വ്യക്തമാക്കുന്നു. ഈ കുറ്റത്തിന് 1,000 റിയാല്‍ മുതല്‍ 2,000 റിയാല്‍ വരെയാണ് പിഴ. പ്രസവത്തെ തുടര്‍ന്നുള്ള ആറ് ആഴ്ചകളില്‍ വനിതാ ജീവനക്കാരെ കൊണ്ട് ജോലി ചെയ്യിക്കുന്നതും 1,000 റിയാല്‍ പിഴ ചുമത്തുന്ന ഗുരുതര തൊഴില്‍ നിയമലംഘനങ്ങളില്‍ പെടുന്നു.

ജോലിസ്ഥലത്ത് ഏതെങ്കിലും തരത്തിലുള്ള വിവേചനം തടയുന്നതിന് കര്‍ശനമായ വ്യവസ്ഥകളും ഉണ്ട്. സ്ത്രീ-പുരുഷ തൊഴിലാളികള്‍ക്കിടയില്‍ വേതനത്തിലോ മറ്റേതെങ്കിലും തരത്തിലോ വിവേചനം കണ്ടെത്തിയാല്‍ നടപടിയുണ്ടാവും. ജോലിക്കാരെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം നല്‍കുമ്പോഴും വിവേചനം കാണിക്കുകയോ തുല്യ അവസരങ്ങള്‍ ഉറപ്പാക്കുകയോ ചെയ്തില്ലെങ്കില്‍ 3,000 റിയാല്‍ പിഴ ചുമത്തും. തൊഴിലാളിയുടെയോ കുടുംബാംഗങ്ങളുടെയോ പാസ്‌പോര്‍ട്ടോ താമസ രേഖയോ (ഇഖാമ) കൈവശംവയ്ക്കുന്ന തൊഴിലുടമയ്ക്ക് 1000 റിയാല്‍ പിഴ ചുമത്തും.

ബാങ്ക് അക്കൗണ്ടുകള്‍ വഴി നിശ്ചിത തീയതികളില്‍ തൊഴിലാളികളുടെ വേതനം നല്‍കണം. രാജ്യത്തെ ഔദ്യോഗിക കറന്‍സിയിലായിരിക്കണം ശമ്പളം നിശ്ചയിക്കുന്നതും നല്‍കുന്നതും. ഇതില്‍ പരാജയപ്പെടുകയോ ശമ്പളം പൂര്‍ണമായോ ഭാഗികമായോ തടഞ്ഞുവെക്കുകയോ ചെയ്താല്‍ പിഴ ഈടാക്കും.

ജോലിസ്ഥലത്തെ മോശം പെരുമാറ്റം സംബന്ധിച്ച കേസുകള്‍ അന്വേഷിക്കുന്നതില്‍ വീഴ്ചയുണ്ടാവരുത്. പരാതി ലഭിച്ച് അഞ്ച് പ്രവൃത്തി ദിവസത്തിനകം കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ സ്ഥാപനത്തിലെ ആഭ്യന്തര സമിതി നടപടി സ്വീകരിച്ചില്ലെങ്കില്‍ 5,000 റിയാല്‍ പിഴ ചുമത്തും. തൊഴിലുടമ 60 ദിവസത്തിനുള്ളില്‍ പിഴ അടച്ചില്ലെങ്കില്‍ സ്ഥാപനത്തിന് മന്ത്രാലയം നല്‍കുന്ന സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version